'ആ കാറങ്ങ് മേടിച്ചു കൊടുത്താൽ പ്രശ്നം തീരുമായിരുന്നല്ലോ എന്ന പരിഹാര നിർദേശം കണ്ടു ഞെട്ടി'
'കൂടി വന്നാൽ 20 പവനും കൂടി കൊടുത്തേക്കണം, എന്നാൽ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്ന പരിഹാര നിർദേശം അഭ്യസ്തവിദ്യകളുടെ ഒരു ഗ്രൂപ്പിലാണ് കണ്ടത്'
ഇത്രയൊക്കെ കാശുള്ളവർ ആ കാര്‍ മേടിച്ചു കൊടുത്താൽ പ്രശ്നം തീരുമായിരുന്നല്ലോ എന്ന് വിസ്മയ കേസില്‍ പ്രതികരണം കണ്ടതിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ആര്‍ രാജശ്രീ. കൂടി വന്നാൽ 20 പവനും കൂടി കൊടുത്തേക്കണം, എന്നാൽ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്ന പരിഹാര നിർദേശം അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിലാണ് കണ്ടതെന്നും രാജശ്രീ കുറിച്ചു.
തന്‍റെ ചെലവിൽ ആഡംബരക്കാർ ഒപ്പിക്കാൻ വരുന്നവനാണെന്ന് വിവാഹത്തിനു മുന്‍പുള്ള ആ ഫോൺ കോളിലൂടെ മനസ്സിലാക്കാൻ 2021ലെ ഒരു വൈദ്യ വിദ്യാർഥിനിക്ക് സാധിച്ചില്ല എന്നോർക്കുമ്പോൾ കടുത്ത നിരാശ തോന്നുന്നു. സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്ത് പൊലീസിൽ പരാതി നല്‍കി അന്നുതന്നെ കിരണിനെ കുടുക്കണമായിരുന്നു. സ്ത്രീധനത്തിനു വിലപേശുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തിരുത്തി തീറ്റിപ്പോറ്റാൻ ജനങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഇക്കാര്യം വിസ്മയയുടെ വീട്ടുകാർ അറിഞ്ഞിട്ടും വിവാഹവുമായി മുന്നോട്ടു പോയെങ്കിൽ അവരും ആ കുറ്റത്തിൽ പങ്കാളികളാണെന്ന് രാജശ്രീ ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
''എംജി ഹൈക്ടർ കണ്ടപ്പോൾ വിളിച്ചോ, സ്കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ, വെന്റോ കണ്ടപ്പോൾ വിളിച്ചോ.. എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്... നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ... പിന്നെ എന്താണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം ഞാൻ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി..
പക്ഷേ അന്ന് കുഴപ്പമില്ലായിരുന്നല്ലോ.... (വിസ്മയ ചോദിക്കുന്നു)
അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല...അല്ലെങ്കിൽ ആ കല്യാണം വേണ്ടെന്ന് വെക്കണം.. എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ...
വിസ്മയയും കിരണും തമ്മിൽ വിവാഹത്തിനു മുമ്പു നടന്ന സംഭാഷണമാണ്. തന്നെ ഇഷ്ടപ്പെട്ട് തനിക്കൊപ്പം ജീവിക്കാൻ വരുന്നവനല്ല, തന്‍റെ ചെലവിൽ ആഡംബരക്കാർ ഒപ്പിക്കാൻ വരുന്നവനാണ് ഇത് എന്ന് ആ ഫോൺ കോളിലൂടെ മനസ്സിലാക്കാൻ 2021ലെ ഒരു വൈദ്യ വിദ്യാർഥിനിക്ക് സാധിച്ചില്ല എന്നോർക്കുമ്പോൾ കടുത്ത നിരാശയാണ് തോന്നുന്നത്. എത്ര കടുത്ത കണ്ടീഷനിംഗിന്‍റെ ഇരയാണ് ആ കുട്ടി! കല്യാണത്തലേന്നായതു കൊണ്ട് വിവാഹത്തിൽ നിന്നു പിന്മാറുന്നില്ല, പിന്മാറിയാൽ എല്ലാവരും തന്നെ വഴക്കു പറയുമെന്ന് ആ ആൺകോലം പറയുന്നുണ്ട്. അതു കേട്ടിട്ടും അക്കാര്യം വിസ്മയ വീട്ടുകാരോട് ഷെയർ ചെയ്തില്ല എന്നു വരുമോ?
സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്തെടുത്ത് പോലീസിൽ പരാതി നല്‍കി വാഹനപ്രേമിയെ അന്നു തന്നെ കുടുക്കുകയായിരുന്നു ചെയ്യേണ്ടത്. സ്ത്രീധനത്തിനു വിലപേശുന്ന ഗവ. ഉദ്യോഗസ്ഥനെ ആ സ്ഥാനത്തിരുത്തി തീറ്റിപ്പോറ്റാൻ ജനങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഇക്കാര്യം വിസ്മയയുടെ വീട്ടുകാർ അറിഞ്ഞിട്ടും വിവാഹവുമായി മുന്നോട്ടു പോയെങ്കിൽ അവരും ആ കുറ്റത്തിൽ പങ്കാളികളാണ്. മകളെ അവർ പണം കൊടുത്ത് ഒഴിവാക്കിയതു തന്നെയാണ്. വെറുതെയല്ല അച്ഛനുമായുള്ള ഫോൺ സംഭാഷണത്തിൽ നീയിങ്ങു വന്നോന്ന് ഉപ്പില്ലാത്ത മട്ടിൽ അവൾക്ക് ക്ഷണം കിട്ടിയത്.
എന്തു ചെയ്യാനാണ് ! എത്ര ആഴത്തിൽ കിടക്കുന്ന വേരുകളാണ് പിഴുതു മാറ്റേണ്ടത്! ചെറിയൊരു ഉദാഹരണത്തിന്, എന്തുമാതിരി വിഷമാണ് സീരിയലുകളിലൂടെ ഇപ്പോഴും സ്വീകരണമുറികളിലൊഴുകുന്നത് എന്നു മാത്രം നോക്കിയാൽ മതി. 10 വയസ്സുള്ള കുട്ടിക്കു പോലും യുക്തിഹീനമെന്നു തിരിച്ചറിയാനാവുന്നത് പതിവായി കണ്ടിരിക്കാൻ മലയാളിക്ക് മടിയില്ല. ടോക്സിക് ബന്ധങ്ങളെയും വ്യക്തികളെയും ഇത്തരത്തിൽ വെള്ളപൂശി അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരം. ഇതൊക്കെക്കൂടി നിരന്തരം കാണിച്ചാൽ എന്തു വൃത്തികേടും അനീതിയും നോർമലൈസ് ചെയ്യാവുന്നതേയുള്ളൂ.
വിനോദത്തിനു വേണ്ടിയാണെങ്കിലും വിഷം തിന്നണോ?
ഇത്രയൊക്കെ കാശുള്ളവർക്ക് അവൻ പറഞ്ഞ ആ കാറങ്ങ് മേടിച്ചു കൊടുത്താൽ പ്രശ്നം തീരുമായിരുന്നല്ലോ, കൂടി വന്നാൽ 20 പവനും കൂടി കൊടുത്തേക്കണം, എന്നാൽ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്നൊരു പരിഹാര നിർദേശം അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിൽക്കണ്ട ഞെട്ടൽ മാറിയിട്ടില്ല.
ആരെയാണ് നാം മാറ്റാൻ ശ്രമിക്കുന്നത്!
വിസ്മയയെ രക്ഷിക്കാൻ തങ്ങൾ പല തവണ ശ്രമിച്ചുവെന്ന് സ്വന്തം വീട്ടുകാർ അവകാശപ്പെടുമ്പോൾ, ശരി ചെല്ല് എന്ന് പറയാനാണു തോന്നുന്നത്.