വ്യാപക മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Update: 2023-06-19 01:09 GMT
Advertising

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയുണ്ടായേക്കും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.

ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു

കാലവർഷമെത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ് .

2306.3 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 31 അടിയുടെ കുറവ്. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. 2017ലും ഇതിന് സമാനമായ സാഹചര്യമുണ്ടായിരുന്നു. ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

തുലാവർഷ മഴ കുറഞ്ഞതും വേനൽക്കാലത്ത് വൈദ്യുതി ഉത്പാദനം വർധിച്ചതുമാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണം. 121.8 മില്ലീമീറ്റർ മഴയാണ് ഇടുക്കിയിൽ ഇതുവരെ ലഭിച്ചത്. 670 ലിറ്റർ വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടത്. നിലവിൽ 4200 ഘനയടി വെള്ളം മൂലമറ്റത്തേക്ക് കൊണ്ടുപോകുന്നുണ്ട്. പ്രതിദിനം ശരാശരി 9.7 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉത്പാദനം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News