യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാൻ; ചർച്ചക്ക്​ സാധ്യത തെളിയുന്നു

അമേരിക്കയുടെ പ്രതികരണം നിർണായകം, പാക്​ ആഭ്യന്തര മന്ത്രി ഇറാനിലേക്ക്​

Update: 2026-09-20 05:09 GMT
Editor : Rafeeq MM | By : Gulf Desk

ദോഹ/തെഹ്​റാൻ: ഏഴ്​ മാസത്തോളം പിന്നിട്ട അമേരിക്ക- ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യത തെളിയുന്നതായി സൂചന. യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾ ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്​. ചർച്ചക്കും സമാധാനത്തിനുമുള്ള വ്യവസ്ഥകളാണ്​ തങ്ങൾ മധ്യസ്ഥർ മുഖേന അമേരിക്കയെ അറിയിച്ചതെന്ന്​ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്​തമാക്കി. മധ്യസ്ഥരായ ഖത്തർ മുഖേനയാണ്​ വ്യവസ്ഥകൾ അമേരിക്കയെ അറിയിച്ചതെന്നും മൊഹ്​സെൻ റെസായി ‘അൽ ജസീറ’ ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ വ്യക്​തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണമായിരിക്കും യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായകമാകുക.

Advertising
Advertising

എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള നിബന്ധനകളും ഇറാൻ ഖത്തർ, പാകിസ്ഥാൻ എന്നീ മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ചർച്ചക്ക്​ സാധ്യത തെളിഞ്ഞതിനെ തുടർന്ന്​ പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്​സിൻ നഖ്​വി ഉടൻ ഇറാനിലേക്ക്​ തിരിക്കുമെന്നും റിപ്പോർട്ടുണ്ട്​. 2026 ജൂൺ 17 ന് ഒപ്പുവെച്ച ഇസ്​ലാമാബാദ് ധാരണ പത്രത്തിലെ വ്യവസ്ഥകൾ പാലിക്കുക എന്നതാണ് ഇറാന്‍റെ പ്രധാന ആവശ്യം.

ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം എന്നതാണ്​ തങ്ങളുടെ നിലപാടടെന്നാണ്​ മൊഹ്​സെൻ റെസായിയിലൂടെ ഇറാൻ വ്യക്​തമാക്കിയത്​. ട്രംപിന്‍റെ ഭീഷണികൾക്ക് ഫലമുണ്ടാകില്ലെന്നും നിർണായക യുദ്ധത്തിന് ഇറാൻ തയാറാണെന്നും റെസായി പറഞ്ഞിട്ടുണ്ട്​. അമേരിക്ക ധാരണാപത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് വാഷിംഗ്ടണോടുള്ള തന്ത്രം മാറ്റേണ്ടതിന്റെ ആവശ്യകത ഇറാന് ബോധ്യമായത്​. ഇറാനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും തെറ്റാണെന്നും യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണെന്നും റെസായി വ്യക്​തമാക്കി.അമേരിക്കൻ സൈന്യത്തിന്‍റെദൗർബല്യങ്ങൾ ഇറാന് അറിയാമെന്നും വ്യോമാക്രമണങ്ങളെ നേരിടാൻ മുമ്പത്തേക്കാൾ കൂടുതൽ സജ്ജവുമാണ്​. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് സമീപം അടുത്തിടെ കപ്പൽവിരുദ്ധ മിസൈൽ പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ ആക്രമണമുണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങളെയും മേഖലയിലെ അമേരിക്കൻ താൽപര്യങ്ങളെയും കൂടുതൽ ശക്തമായി ആക്രമിക്കും.

സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഹൂതികളും സൗദി അറേബ്യയുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇറാൻ വ്യക്​തമാക്കിയിട്ടുള്ളത്​.ചർച്ചകൾ നടക്കുന്നതായി അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നേരത്തെ വ്യകതമാക്കിയിരുന്നെങ്കിലും ഇറാൻ പ്രതികരിച്ചിരുന്നില്ല. ചർച്ചയും യുദ്ധം അവസാനിപ്പിക്കലും അടക്കം വിഷയത്തിൽ ഇറാനിൽ നിന്ന്​ മാസങ്ങൾക്കിടെ ആദ്യമായാണ്​ വ്യക്​തമായ പ്രതികരണം പുറത്തുവന്നത്​.

ഐക്യരാഷ്ട്രസഭ പൊതുസഭ ഈയാഴ്ച നടക്കുന്നുണ്ട്​. ഇതുമായി ബന്ധ​പ്പെട്ട്​ ജിസിസി രാജ്യങ്ങളിലെ ഭരണ തലത്തിലെ സുപ്രധാന വ്യക്​തിത്വങ്ങൾ അമേരിക്കയിൽ എത്തുന്നുണ്ട്​. ചൊവ്വാഴ്ച ജിസിസി രാജ്യങ്ങളും ഡോണൾഡ്​ ട്രംപുമായി ചർച്ചയും നടക്കുന്നുണ്ട്​. ഇതിന്​ ശേഷമായിരിക്കും സമാധാന കരാർ സംബന്ധിച്ച്​ തീരുമാനമുണ്ടാകുകയെന്നാണ്​ റിപ്പോർട്ട്​. ജിസിസി രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷം ഇറാന്‍റെ കാര്യത്തിൽ സുപ്രധാന തീരുമാനമുണ്ടാകുമെന്ന്​ ട്രംപ്​ നേരത്തേ വ്യക്​തമാക്കിയിരുന്നു. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News