ഭക്ഷണം കഴിക്കാതെ കൊതി തീർക്കാം! തടി കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവരുടെയിടയിൽ 'ഫുഡ് പെർഫ്യൂമുകൾ' ട്രെൻഡ്
ഭക്ഷണത്തോട് മടുപ്പ് തോന്നുമ്പോഴും കലോറി കൂടുമോയെന്ന് പേടിക്കുമ്പോഴും ഭക്ഷണത്തിന്റെ മണമുള്ളതോ മധുരമുളളതോ ആയ പെര്‍ഫ്യൂമുകളിലേക്ക് ആളുകള്‍ തിരിയുന്നു
അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കാന്‍ ആളുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന മരുന്നുകളാണ് ജിഎല്‍പി-1 വിഭാഗത്തില്‍പ്പെട്ടവ. വിശപ്പ് കുറച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജിഎല്‍പി-1 മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ മരുന്നുകള്‍ കഴിച്ച് ഭക്ഷണം കുറയ്ക്കുന്നവരില്‍ ഭക്ഷണത്തിന്റെ ഗന്ധമുള്ള പെര്‍ഫ്യൂമുകളോട് ആസക്തിയുണ്ടാകുന്നതായിട്ടാണ് പുതിയ പഠനങ്ങള്‍.
പെര്‍ഫ്യൂമുകളുടെ ലോകത്തെ പ്രത്യേക സുഗന്ധവിഭാഗമാണ് ഗൗര്‍മാന്‍ഡ്. അതായത് ഭക്ഷണവസ്തുക്കളുടെ ഗന്ധമുള്ള പെര്‍ഫ്യൂമുകളുടെ വിഭാഗം. വനില, ചോക്ലേറ്റ്, തേന്‍, കാരമല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സുഗന്ധമുള്ള പെര്‍ഫ്യൂമുകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.
ഭാരം കുറയ്ക്കാനുള്ള വെഗോവി, മൗണ്‍ജാറോ, ഓസെംപിക് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഭക്ഷണത്തോടുള്ള താത്പര്യക്കുറവ് പരിഹരിക്കാന്‍ ഗൗര്‍മാന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന പെര്‍ഫ്യൂമുകളെ ആശ്രയിക്കുന്നതായിട്ടാണ് ജിവോദാന്‍, ഐഎഫ്എഫ് തുടങ്ങിയ പെര്‍ഫ്യൂം നിര്‍മാണ കമ്പനികള്‍ പറയുന്നത്.
പുതിയ എക്‌സ്ട്രാക്ഷന്‍ സാങ്കേതികവിദ്യകളും സുഗന്ധക്കൂട്ടുകളും കാരണം ഭക്ഷണത്തിന്റെ യഥാര്‍ഥ മണം പെര്‍ഫ്യൂമുകളില്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തോട് മടുപ്പ് തോന്നുമ്പോഴും കലോറി കൂടുമോയെന്ന് പേടിക്കുമ്പോഴും ഭക്ഷണത്തിന്റെ മണമുള്ളതോ മധുരമുളളതോ ആയ പെര്‍ഫ്യൂമുകളിലേക്ക് ആളുകള്‍ തിരിയുന്നുവെന്നാണ് ഫെര്‍ഫ്യൂമറായ ടെഡി ഹോഗന്‍ വ്യക്തമാക്കുന്നത്.
ജിഎല്‍പി-1 മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തിലെ ദഹനം സാവധാനത്തിലാകും. ഒപ്പം തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്ത് നിന്നുള്ള വിശപ്പിന്റെ സന്ദേശങ്ങളെ നിയന്ത്രിക്കും. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഒരു മാനസിക സംതൃപ്തി ലഭിച്ചിരുന്നു. എന്നാല്‍ ജിഎല്‍പി-1 മരുന്നുകൾ ആനന്തവും സംതൃപ്തിയും നല്‍കുന്ന റിവാര്‍ഡ് സര്‍ക്യൂട്ടുകളില്‍ പ്രവര്‍ത്തിച്ച് ആ വികാരങ്ങളെ ഇല്ലാതാക്കും. അങ്ങനെ രുചിമുകുളങ്ങളിലൂടെ സന്തോഷവും സംതൃപ്തിയും കിട്ടില്ലെന്ന് മനസിലാക്കുന്ന തലച്ചോര്‍ അത്തരം വികാരങ്ങള്‍ക്ക് വേണ്ടി മറ്റ് ഇന്ദ്രിയങ്ങളെ ആശ്രയിക്കാന്‍ തുടങ്ങും. അങ്ങനെയാണ് ഗന്ധത്തിലൂടെ സംതൃപ്തിയും സന്തോഷവും കണ്ടെത്തുക എന്നതിലേക്ക് എത്തുന്നത്. മൂക്കിലെ ഓള്‍ഫാക്ടറി റിസപ്റ്ററുകളാണ് ഇതിനെ സഹായിക്കുന്നത്.
ഡവ്, ഓള്‍ഡ് സ്‌പൈസ്, നേറ്റീവ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ ബോഡി വാഷ്, ഡിയോഡറന്റ്, ഹെയര്‍ കെയര്‍ എന്നിവയില്‍ ബേക്കറി പലഹാരങ്ങളുടെ സുഗന്ധങ്ങള്‍ അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
മുമ്പ് വനിലയും ചോക്ലേറ്റുമൊക്കെയാണ് ഗൗര്‍മാന്‍ഡ് വിഭാഗം കീഴടക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറി, ഇഞ്ചി, തബാസ്‌കോ, എള്ള്, മിസോ, കേക്കിന്റെ മൊരിഞ്ഞ ഭാഗം, ക്രീം, പാല്‍ എന്നിങ്ങനെ വിവിധങ്ങളായ ഭക്ഷ്യവസ്തുക്കളുടെ സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ ഗൗര്‍മാന്‍ഡ് വിഭാഗത്തിലുണ്ട്.
ലോകമെമ്പാടുമുള്ള 100 കോടിയിലധികം ആളുകള്‍ അമിതവണ്ണമുള്ളവരാണെന്നാണ് ലോകാരോഗ്യ സഘടനയുടെ കണക്ക്. അത്തരം ആളുകള്‍ ജിഎല്‍പി-1 മരുന്നുകളെ ആശ്രയിക്കുന്നതും വര്‍ധിക്കുകയാണ്. 2030 ഓടെ ജിഎല്‍പി-1 മരുന്നുകളുടെ ആഗോള വിപണി 150 ശതകോടി ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. ഈ വലിയ ഉപഭോക്തൃ അടിത്തറ തന്നെയാണ് സുഗന്ധദ്രവ്യ വിപണിയുടെ സാധ്യതകളും വിപുലമാക്കുന്നത്.