മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനിയുടെ കുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അംബാനിയുടെ വസതിയായ 'ആന്‍റിലിയ'യിലെ അടുക്കള വിശേഷങ്ങൾ എന്നും കൗതുകമുണർത്തുന്നതാണ്. ലോകസമ്പന്നരിൽ ഒരാളാണെങ്കിലും ഭക്ഷണത്തിന്‍റെ കാര്യത്തിൽ അംബാനി കുടുംബം പുലർത്തുന്ന ലാളിത്യം പലരെയും അത്ഭുതപ്പെടുത്താറുണ്ട്. ആന്‍റിലിയയിൽ ഒരു ദിവസം 4,000 ചപ്പാത്തികളാണ് ഉണ്ടാക്കുന്നതെന്നായിരുന്നു ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. ലളിതമായ ഭക്ഷണരീതി പിന്തുടരുന്ന അംബാനിയുടെ വീട്ടിൽ എന്തിനാണ് ഇത്രയധികം ചപ്പാത്തികൾ ഉണ്ടാക്കുന്നതെന്നായിരുന്നു നെറ്റിസൺസിന്‍റെ ചോദ്യം.
അംബാനി കുടുംബത്തിന്‍റെ പ്രിയപ്പെട്ട ഭക്ഷണം
മുകേഷ് അംബാനിയും നിത അംബാനിയും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബവും പൂര്‍ണമായും സസ്യാഹാരരീതിയാണ് പിന്തുടരുന്നത്. മുകേഷ് അംബാനി സാധാരണയായി പപ്പായ ജ്യൂസും ഇഡ്ഡലിയും സാമ്പാറും കഴിച്ചാണ് ദിവസം തുടങ്ങുന്നത്. പഴങ്ങളും ഡ്രൈഫ്രൂട്സും ജ്യൂസുമാണ് നീത അംബാനിയുടെ ബ്രേക്ക്ഫാസ്റ്റ്. ഉച്ചഭക്ഷണത്തിൽ സാധാരണയായി പരിപ്പ്, അരി, പച്ചക്കറികൾ, റൊട്ടി, സൂപ്പ്, സാലഡ് എന്നിവ ഉൾപ്പെടുന്നു. ഗുജറാത്തി ശൈലിയിലുള്ള ദാൽ അംബാനിയുടെ ഇഷ്ടവിഭവമാണ്. അത്താഴത്തിന് റാഗി അല്ലെങ്കിൽ മില്ലറ്റ് കൊണ്ടുള്ള റൊട്ടി, പച്ചക്കറി കൊണ്ടുള്ള ഗുജറാത്തി ഡിഷുകൾ,സാലഡ് തുടങ്ങിയ ലഘുവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് കഴിക്കുന്നത്.
പ്രതിദിനം ഉണ്ടാക്കുന്നത് 4,000 ചപ്പാത്തികൾ
ഫിറ്റ്നസിലും ആരോഗ്യകാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന ആളാണ് നിത അംബാനി. ജങ്ക് ഫുഡ് മാസത്തിലൊരിക്കൽ മാത്രമാണ്. മുംബൈയിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ഇനങ്ങൾ ഇഷ്ടപ്പെടുമ്പോഴും അത് മിതമായി മാത്രമേ അവർ കഴിക്കാറുള്ളൂ.വീട്ടിലെ സെക്യൂരിറ്റി ഗാർഡുകൾ മുതൽ പേഴ്സണൽ അസിസ്റ്റന്റ്സ് വരെയുള്ള 600-ഓളം വരുന്ന ജീവനക്കാർക്ക് വേണ്ടിയാണ് പ്രതിദിനം 4,000 ചപ്പാത്തികളുണ്ടാക്കുന്നത്. ചപ്പാത്തി മെഷീൻ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നതെങ്കിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല.
ഒരു വലിയ സ്ഥാപനം പോലെയാണ് ആന്‍റിലിയ പ്രവർത്തിക്കുന്നത്. അവിടെ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ഉയർന്ന വേതനവും സൗകര്യങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ലക്ഷങ്ങളാണ് അംബാനി കുടുംബത്തിലെ പാചകക്കാരന്‍റെ ശമ്പളം. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ആന്‍റിലിയയിലെ ഹെഡ് ഷെഫിന് പ്രതിമാസം ഏകദേശം 2 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത് (അതായത് വർഷം 24 ലക്ഷം രൂപയോളം).
ശമ്പളത്തിന് പുറമെ ഇൻഷുറൻസ് പരിരക്ഷ, ജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം (വിദേശ പഠനത്തിന് വരെ) തുടങ്ങിയ ആനുകൂല്യങ്ങളും അംബാനി കുടുംബം തങ്ങളുടെ ജീവനക്കാർക്ക് നൽകാറുണ്ട്.