ശബരിമല: സിപിഎം വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്ന് എം എ ബേബി

പുതിയ സത്യവാങ്മൂലം നല്‍കുമെന്ന പ്രചരണം തെറ്റാണെന്നും എം എ ബേബി

Update: 2021-02-09 14:17 GMT
Advertising

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പാര്‍ട്ടി വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ സത്യവാങ്മൂലം നല്‍കുമെന്ന പ്രചരണം തെറ്റാണെന്നും ബേബി വ്യക്തമാക്കി.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് സ്ത്രീപ്രവേശനത്തെ സര്‍ക്കാരും സിപിഎമ്മും ന്യായീകരിച്ചത്. എന്നാല്‍ യുവതീപ്രവേശനം തിരിച്ചടിയുണ്ടാക്കിയെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍നിലപാടില്‍ നിന്ന് സിപിഎം പിന്നോട്ട് പോകുന്നത്. പാര്‍ട്ടിയുടെ കാഴ്ചപ്പാട് ആരിലും അടിച്ചേല്‍പ്പിക്കില്ലെന്നാണ് പിബി അംഗം എംഎ ബേബിയുടെ പ്രതികരണം. ശബരിമലയിൽ തങ്ങൾക്ക് പറയാനുള്ളത് സമയമാകുമ്പോൾ പറയുമെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി

സത്യവാങ്മൂലം മാറ്റി നല്‍കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഫ് ശബരിമലയെ വോട്ട് ബാങ്ക് ആയി കണ്ടിട്ടില്ലെന്നും അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മാണം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയില്‍ സിപിഎം എടുത്ത നിലപാട് തെറ്റാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Full View
Tags:    

Similar News