എഡിറ്റർ ഇരിക്കേണ്ടിടത്ത് ആന്റോ ഇരുന്നാൽ

നാട്ടിലെ സര്‍വ വിഷയങ്ങളിലും ധാര്‍മികരോഷം അത്യുച്ചത്തില്‍ പ്രകടിപ്പിക്കുന്ന എന്‍റെ സഹ ജേണലിസ്റ്റുകള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആ പ്രവൃത്തിക്ക് നിന്നുകൊടുക്കുന്നത് ഞെട്ടലോടെ മാത്രമേ കാണാന്‍ എനിക്ക് സാധിച്ചിരുന്നുള്ളൂ.

Update: 2026-09-22 06:19 GMT
അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചതിന് അറസ്റ്റിലായ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ 

ജേണലിസമാണിപ്പോള്‍ എങ്ങോട്ടു തിരിഞ്ഞാലും ടോക്. അതെന്താ അങ്ങനൊരു ടോക് എന്ന് ചോദിച്ചാല്‍, എഡിറ്റര്‍ ഇരിക്കേണ്ട കസേരയില്‍ പൊലീസ് ഇരുന്ന സംഭവമുണ്ടായല്ലോ. അതുതന്നെ കാര്യം. പൊലീസ് ഇരിക്കാന്‍ പാടില്ലാത്ത എഡിറ്ററുടെ കസേരയില്‍ കള്ളന്‍ ഇരിക്കാമോ? ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ അല്പം വ്യക്തിഗതമാകുന്നതിനോട് വായനക്കാർ പൊറുക്കുമല്ലോ. 35 വര്‍ഷം നീണ്ട മാധ്യമപ്രവര്‍ത്തന അനുഭവത്തിന്‍റെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ പറയാതെവയ്യ.

ആരാണ് ഒരു മാധ്യമ സ്ഥാപനത്തിന്‍റെ എഡിറ്റര്‍? എന്താണ് എഡിറ്ററുടെ കസേരയുടെ സവിശേഷത? ഒരു മാധ്യമത്തിന്‍റെ ഉള്ളടക്കത്തിന്‍റെ അധികാരിയല്ല, ഉത്തരവാദിയാണ് എഡിറ്റര്‍. അയാളിരിക്കുന്നുവെന്ന് പറയപ്പെടുന്ന കസേരയ്ക്ക് വിശുദ്ധിയേക്കാളേറെയുള്ളത് ഉത്തരവാദിത്തമാണ്. റെസ്പോണ്‍സിബിലിറ്റി. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ സാമൂഹിക ഉത്തരവാദിത്തം. സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി. ഒരു സാധാരണ പൗരനുള്ള അവകാശങ്ങളും അധികാരങ്ങളും മാത്രമേ അയാള്‍ക്കുമുള്ളൂ. എന്നാല്‍, ജനങ്ങള്‍ക്കുവേണ്ടി ആ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കാനുള്ള കടമ സ്വയം ഏറ്റെടുത്തിട്ടുള്ളയാളാണ് എഡിറ്റര്‍. ആ അര്‍ഥത്തില്‍ അയാള്‍ ജനങ്ങളുടെ പ്രതിനിധിയാണ്, വക്താവാണ്. സര്‍ക്കാരിനോടും അതിന്‍റെ അവയവങ്ങളായ പൊലീസിനോടും ബ്യൂറോക്രസിയോടും നേര്‍ക്കുനേര്‍ ഇരുന്ന് സംസാരിക്കാന്‍ കഴിയുന്നയാളാണ്. തെറ്റ് ചൂണ്ടിക്കാട്ടേണ്ട ആളായതുകൊണ്ട് തെറ്റ് ചെയ്യാന്‍ പാടില്ലാത്തയാളാണ്. സത്യം റിപ്പോര്‍ട്ട് ചെയ്യേണ്ട ആളായതുകൊണ്ട് കള്ളം പറയാന്‍ പാടില്ലാത്തയാളാണ്. ജനാധിപത്യത്തില്‍ അയാള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന കസേര അഥവാ ഇരിപ്പിടം ദൈവത്തിനുപോലും ഒഴിഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷേ, അതിന്‍റെ തൊങ്ങല്‍ പണമോ പവറോ കങ്കാണിത്തമോ അല്ല. അതിന്‍റെ ഭംഗി, അതിന്‍റെ അലങ്കാരം വിശ്വാസ്യതയാണ്, ഉത്തരവാദിത്തമാണ്.

Advertising
Advertising

എഡിറ്ററുടെ കസേരയില്‍ പൊലീസ് എന്നല്ല, മന്ത്രി എന്നല്ല, മറ്റാരും തന്നെ ഇരിക്കാന്‍ പാടില്ല. പൊലീസ് ഒരിക്കലും ഇരിക്കാന്‍ പാടില്ല. കാരണം ആ കസേരയുടെ അവകാശി പൊലീസിനെ എതിരേ ഇരുത്തേണ്ടയാളാണ്. തനിക്ക് അഭിമുഖമായി പൊലീസിനെ ഇരുത്തി പൊലീസിനോട് ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടയാളാണ് എഡിറ്റര്‍. തനിക്ക് അഭിമുഖമായി മന്ത്രിയെ ഇരുത്തി ചോദ്യം ചോദിക്കേണ്ടയാളാണ് എഡിറ്റര്‍. ആ നിലയ്ക്ക് എഡിറ്ററുടെ എതിരേയുള്ള കസേരയില്‍ വന്നിരിക്കേണ്ടവരുടെ പട്ടിക വലുതാണ്—മന്ത്രി, പൊലീസ്, നേതാവ്, ഉദ്യോഗസ്ഥര്‍, താരങ്ങള്‍ എന്നുവേണ്ട ചിലപ്പോള്‍ കുറ്റവാളികള്‍ വരെ. കസേരകള്‍ പരസ്പരം മാറാനേ പാടില്ലെന്ന് ചുരുക്കം.

മഹാത്മാഗാന്ധിയും അബുല്‍ കലാം ആസാദും ജവഹര്‍ലാല്‍ നെഹ്റുവും എഡിറ്റര്‍മാരായിരുന്നിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹിമാന്‍, ഇ.എം.എസ്. തുടങ്ങി കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ നിന്നുള്ള മഹാരഥര്‍ അനേകം പേര്‍ എഡിറ്ററുടെ കസേരയില്‍ ഇരുന്നവരാണ്. രാജ്യം എന്നുമോര്‍ക്കുന്ന അരുണാ ആസഫ് അലിയും കുല്‍ദീപ് നയ്യാറും വിനോദ് മേത്തയും അരുണ്‍ ഷൂരിയുമൊക്കെ എഡിറ്റര്‍ കസേരകളില്‍ പക്വതയുടെയും വിശ്വാസ്യതയുടെയും തിളങ്ങുന്ന മുദ്രകള്‍ പതിപ്പിച്ചവരാണ്. അന്താരാഷ്ട്രതലത്തില്‍ വിശ്വവിഖ്യാതരായ ആളുകളുടെ പേരുകളിലേക്കും പോകാം; ഇപ്പോള്‍ അതിന് മുതിരുന്നില്ല. അതായത്, പത്രങ്ങളിലും ചാനലുകളിലും എഡിറ്റര്‍ക്ക്, അല്ലെങ്കില്‍ മാനേജിങ് എഡിറ്റര്‍ക്ക്, അല്ലെങ്കില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ക്ക് കൊടുക്കുന്ന കസേര പ്രധാനമാകുന്നത് ആ പാരമ്പര്യത്തിന്‍റെ ഭാരം പേറുന്നതുകൊണ്ടാണ്. അതിലിരുന്ന് കസേരകളി നടക്കില്ല.

ഇവിടെയാണ് നമ്മള്‍ 'റിപ്പോര്‍ട്ടര്‍' എന്ന ചാനലിന്‍റെ കാര്യം എടുക്കുന്നത്. മാറിപ്പോയ കസേരകളുടെ കഥ പറയുന്നൊരു സ്ഥാപനമാണിത്. എം.വി. നികേഷ് കുമാര്‍ എന്ന പ്രമുഖനായ ജേണലിസ്റ്റ് എഡിറ്ററായി ഇരുന്ന കസേരയില്‍ വനം, സാമ്പത്തിക-വഞ്ചനാ കേസുകളിലെ പ്രതിയായ ആന്‍റോ അഗസ്റ്റിന്‍ വന്നിരുന്നു. അതാണ് ആ കഥയുടെ സൂപ്പര്‍ ട്വിസ്റ്റ്. ചാനലില്‍ പണം മുടക്കുന്നവന്‍ ദൈവം തമ്പുരാനായാലും എഡിറ്ററുടെ കസേരയില്‍ കയറിയിരിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിക്കാന്‍ നികേഷിന് കഴിഞ്ഞില്ല. വാര്‍ത്തയുടെ നയം, തിരഞ്ഞെടുപ്പ്, സംപ്രേഷണം ഇതെല്ലാം തീരുമാനിക്കാനുള്ള അവകാശം പണം മുടക്കുന്നവനുണ്ടെന്ന പരസ്യപ്രഖ്യാപനമാണ് റിപ്പോര്‍ട്ടറില്‍ നടന്നത്. അത് മാധ്യമപ്രവര്‍ത്തനത്തെ കൊലയ്ക്കുകൊടുക്കുന്ന നടപടിയായി.

ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു. മുതലാളിയുടെ കസേരയില്‍ ഇരിക്കുന്നയാളാണല്ലോ തീരുമാനിക്കുന്നത്, ആര് എഡിറ്ററുടെ കസേരയില്‍ ഇരിക്കണമെന്ന്? വളരെ പ്രസക്തമാണല്ലോ ആ ചോദ്യം. ഇവിടെ, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ കുപ്രസിദ്ധനായ ആന്‍റോ അഗസ്റ്റിനാണ് മുതലാളി. എഡിറ്ററുടെ കസേരയിലും താന്‍ തന്നെ ഇരുന്നുകൊള്ളാമെന്ന് അയാളങ്ങ് തീരുമാനിച്ചാല്‍? "എന്നാല്‍ അങ്ങനെയാവട്ടെ" എന്ന് പറയാന്‍ ആ സ്ഥാപനത്തിന്‍റെ എഡിറ്റോറിയല്‍ വിഭാഗത്തിന് സാധിക്കുമോ? അങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ജേണലിസ്റ്റുകള്‍ക്ക് സാധിക്കുമോ? അവര്‍ ഈ പ്രൊഫഷനോട് സത്യസന്ധതയുള്ളവരാണോ? അതിന് തയ്യാറാകുന്നവര്‍ ഒത്തുതീര്‍പ്പിലെത്തുന്നത് (കോംപ്രമൈസ് ചെയ്യുന്നത്) ക്രിമിനൽ പശ്ചാത്തലമുള്ള ഈ മുതലാളി വെച്ചുനീട്ടുന്ന മനംമയക്കുന്ന വാഗ്ദാനങ്ങളോടല്ലാതെ മറ്റെന്തിനോടാണ്? അതിനുവേണ്ടി അവര്‍ ജേണലിസത്തെ ഒറ്റുകൊടുക്കുകയാണെന്ന് ഞാന്‍ പറയും.

മാനേജിങ് എഡിറ്ററുടെ കസേരയില്‍ കയറിയിരിക്കുന്ന മുതലാളി പറയുകയാണ്, "നാളെത്തൊട്ട് ഞാന്‍ നിങ്ങളുടെ കൂടെ വാര്‍ത്താവിശകലന പരിപാടിയില്‍ ഇരിക്കാന്‍ പോവുന്നു." മുതിര്‍ന്നവരും ലബ്ധപ്രതിഷ്ഠരുമായ എഡിറ്റോറിയല്‍ അംഗങ്ങള്‍ക്ക് പറയാന്‍ കഴിഞ്ഞോ, "ചാനലിന്‍റെ ഉടമസ്ഥതാവിഷയം എന്തെങ്കിലും ചര്‍ച്ച ചെയ്യുമ്പോള്‍ താങ്കള്‍ക്ക് അവിടെയിരിക്കാം, ഇപ്പോള്‍ വേണ്ട" എന്ന്? ഇല്ല. ഇത് ആ സ്ഥാപനത്തെ മാത്രമല്ല, മലയാള മാധ്യമപ്രവര്‍ത്തന രംഗത്തെ മുഴുവനുമാണ് കളങ്കപ്പെടുത്തിയത്. നാട്ടുകാരായ സാധാരണക്കാരുടെ ഇടയിലുള്ള ചെറിയ തട്ടിപ്പുകൾ മുതല്‍ വമ്പന്‍ സ്രാവുകളെ വലയിലാക്കിയുള്ള അന്താരാഷ്ട്ര തട്ടിപ്പുകൾ വരെ നടത്തുന്ന ആന്‍റോ അഗസ്റ്റിന്‍, എഡിറ്റോറിയല്‍ അംഗങ്ങളായ അവതാരകർക്കൊപ്പമിരുന്ന് രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങള്‍ വിലയിരുത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നു. മലയാളം ന്യൂസ് ടെലിവിഷനില്‍ അതുവരെ കണ്ടിട്ടില്ലാത്ത ന്യൂസ് റൂം ഹാക്കിങ് ആയിരുന്നു അത്. ഒരു സ്ഥിരം കുറ്റവാളിക്ക് (ഹാബിച്വൽ ക്രിമിനലിന്) ന്യൂസ് ചാനലിനെ ഉപയോഗിച്ച് നിയമാംഗീകാരം അഥവാ സ്വീകാര്യത നൽകിക്കൊടുക്കുന്ന പ്രവൃത്തി.

നാട്ടിലെ സര്‍വ വിഷയങ്ങളിലും ധാര്‍മികരോഷം അത്യുച്ചത്തില്‍ പ്രകടിപ്പിക്കുന്ന എന്‍റെ സഹ ജേണലിസ്റ്റുകള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആ പ്രവൃത്തിക്ക് നിന്നുകൊടുക്കുന്നത് ഞെട്ടലോടെ മാത്രമേ കാണാന്‍ എനിക്ക് സാധിച്ചിരുന്നുള്ളൂ. അവര്‍ തന്നെ മുമ്പ് റിപ്പോര്‍ട്ട് ചെയ്ത, ചര്‍ച്ച ചെയ്ത, പരിഹസിച്ച കുറ്റകൃത്യങ്ങളിലെ മുഖ്യപ്രതിയുടെ തോളില്‍ കൈയിട്ട് അയാളെ ന്യായീകരിക്കാന്‍ വീണ്ടും ഇറങ്ങുക—എന്തൊരു വിരോധാഭാസം! ഒന്നുകില്‍ മുന്‍കാല അവതരണങ്ങൾക്ക് പ്രേക്ഷകരോട് മാപ്പ് പറയുക; അല്ലെങ്കില്‍, "ഞാനെന്‍റെ മുന്‍കാല ആദര്‍ശങ്ങളെല്ലാം അടിയറ വെച്ച്, ഇന്നലെ വരെ ഞാന്‍ കാട്ടുകള്ളനെന്ന് വിളിച്ചയാളുടെ വക്താവായി ഇതാ നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നു" എന്ന് തുറന്നുസമ്മതിക്കുക. അതാണല്ലോ അവര്‍ ചെയ്യേണ്ടത്.

അതുകൊണ്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ ചോദ്യം എന്നെ വേട്ടയാടുകയായിരുന്നു: എത്തിക്സ് ഉള്ള ജേണലിസ്റ്റുകള്‍ എങ്ങനെയാണ് ഒരു മരംകൊള്ളക്കേസ് പ്രതിയുടെ, തട്ടിപ്പുകേസ് പ്രതിയുടെ ഒപ്പമിരുന്ന് വാര്‍ത്തകളെ വിശകലനം ചെയ്യുന്നത്? അവര്‍ക്കതിലെ വൈരുധ്യം മനസ്സിലാകാത്തത് എന്തുകൊണ്ടാണ്? തങ്ങളുടെ മുതലാളിയല്ല എന്നുണ്ടെങ്കില്‍ ആന്‍റോയെ അവര്‍ എങ്ങനെയാണ് കാണുകയെന്ന് നമുക്കറിയാം. അതിന് രണ്ടു പ്രധാന തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്: ഒരു പ്രമുഖ എഡിറ്റര്‍ അയാളെക്കുറിച്ച് മുന്‍ ചാനലില്‍ ചെയ്ത 'ആധുനിക വീരപ്പന്‍' എന്ന വിശേഷണത്തോടെയുള്ള വിഡിയോയും, മറ്റൊരു പ്രമുഖ എഡിറ്റര്‍ റിപ്പോര്‍ട്ടറില്‍ നിന്നിറങ്ങി വേറൊരു ചാനലിലിരുന്ന് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളും. അതുകൊണ്ട് ഇവരാരും നിഷ്കളങ്കരോ നിരപരാധികളോ അല്ല; കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കീഴടങ്ങലാണ്.

വാര്‍ത്തയുടെ കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ തീരുമാനമെടുക്കേണ്ട എഡിറ്ററുടെ കസേരയില്‍ പൊലീസ് ഇരിക്കാന്‍ പാടില്ല എന്നതുപോലെ കള്ളനും ഇരിക്കാന്‍ പാടില്ല എന്ന് പറയാനാണ് ശ്രമിച്ചത്. സത്യം പറയേണ്ടവരും ചെയ്യേണ്ടവരും ഇരിക്കേണ്ട കസേരയില്‍ കള്ളത്തരത്തില്‍ ഡോക്ടറേറ്റ് നേടിയവര്‍ ഇരിക്കരുത്. ആ വിദഗ്ദ്ധ ക്രിമിനലിന് നാട്ടിലെ സാധാരണ പിടിച്ചുപറിക്കാരില്‍ നിന്നുള്ള വ്യത്യാസം, കോടിക്കണക്കിന് രൂപയെടുത്ത് അമ്മാനമാടാനുള്ള സമ്പത്തുണ്ടാകാം എന്നത് മാത്രമാണ്. അതില്‍ മയങ്ങിപ്പോകുന്നവരാകരുത് മാധ്യമപ്രവര്‍ത്തകര്‍. തറവാട്ടുവീട്ടില്‍ സൂക്ഷിച്ച കണക്കിലധികം വന്ന മദ്യത്തിന് അയാളെ എക്സൈസ് പിടിക്കാന്‍ വരുമ്പോള്‍ നിയമത്തിന്‍റെ വഴിതടയാന്‍ മുന്നില്‍ നില്‍ക്കുന്നവരാകരുത് മാധ്യമപ്രവര്‍ത്തകര്‍.

ന്യൂസ് ഡെസ്കില്‍ പൊലീസ് കയറിയെന്ന് കേട്ടാലുടനെ ആ ഡെസ്കില്‍ നടക്കുന്നതെല്ലാം വിശുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്‍റെ പരിധിയിലാവില്ല. പൊലീസ് അവിടെ കയറാന്‍ പാടില്ലായിരുന്നു എന്നത് ശരി; അത് മുതലാളിയുടെ കള്ളത്തരത്തിന്‍റെ പേരിലാണെങ്കില്‍ അതില്‍ ലജ്ജിക്കണം. പൊലീസിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുംപോലെ കള്ളനായ മുതലാളിക്കും അതേ വഴി കാണിച്ചുകൊടുക്കാന്‍ ജേണലിസ്റ്റുകള്‍ക്ക് കഴിയണം. എതിര്‍ക്കുന്നത് വിദ്വേഷ യൂട്യൂബറും ലുങ്കി മുതലാളിയുമായാൽ ആന്‍റോ വിശുദ്ധനാവുമെന്നാണ് വേറൊരു സിദ്ധാന്തം. യൂട്യൂബറെയും ലുങ്കി മുതലാളിയെയും ആന്‍റോ അഗസ്റ്റിനെയും, ഇനി എണ്ണംപറഞ്ഞ ക്രിമിനല്‍ മാന്യദേഹങ്ങള്‍ വേറെയുണ്ടെങ്കില്‍ അവരെയൊക്കെയും എതിര്‍ക്കാന്‍ ശേഷിയുള്ളവരുടെ വംശം അറ്റുപോയിട്ടില്ലെന്നാണ് അവരോട് പറയാനുള്ളത്.

ജേണലിസം അഥവാ മാധ്യമപ്രവര്‍ത്തനം ഒരു സാധാരണ പണിയല്ല. നാട്ടുകാരോട് മറുപടി പറയേണ്ട പണിയാണ്. അതിന് തയ്യാറുള്ളവര്‍ മാത്രം ഇറങ്ങിത്തിരിക്കേണ്ട പണി. കോടീശ്വരന്മാര്‍ക്ക് അവരുടെ തട്ടിപ്പുകള്‍ക്ക് വെള്ളപൂശാനും പുതുതായി നടത്തുന്ന തട്ടിപ്പുകള്‍ക്ക് മറയാക്കാനും ഒരു ന്യൂസ് ചാനലിനെ എറിഞ്ഞുകൊടുത്തവര്‍ ഈ പണിയെ തരംതാഴ്ത്തി മാറ്റി. കേരളം അവരോട് പൊറുക്കാതിരിക്കട്ടെ.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - പ്രമോദ് രാമൻ

contributor

Similar News