ഞാനും പോട്ടെ ബാപ്പ ഒല്‍മാരം കാണുവാന്‍, മാട്ടി കഥ, റൂമിയാന, അവാര്‍ഡ്: ഇറ്റ്‌ഫോക്കിലെ നാല് നാടകങ്ങള്‍

പുതിയ കാലത്ത് ആസ്വാദക ലോകം തേടുന്ന ഭാവുകത്വങ്ങളുടെ ബഹുസ്വരതയെ പരിചരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നാടകങ്ങളാല്‍ സമ്പന്നമാണ് പനിലാമത് അന്താരാഷ്ട്ര നാടകോത്സവം. | Iffk 2024

Update: 2024-02-15 08:03 GMT

രാഷ്ട്രാന്തരീയ തലത്തില്‍ തന്നെ ശ്രദ്ദേയരും നാടക വഴിയില്‍ ആരും നടക്കാത്ത വഴികളിലൂടെ നടക്കാന്‍ തീരുമാനിച്ചിറങ്ങിയവരുമായ പ്രതിഭകളുടെ സംഗമസ്ഥാനം കൂടിയായി മാറുന്നുണ്ട് ഒരര്‍ഥത്തില്‍ ഇറ്റ്‌ഫോക്ക്.

മാട്ടി കഥ

ഒബ്ജക്റ്റ് തീയേറ്ററി സങ്കല്‍പത്തെ ഇന്ത്യക്ക് പരിചയപ്പെടുത്തിയ പ്രതിഭയും കേന്ദ്ര സംഗീത നാടക അക്കാദമി അവര്‍ഡ് ജേതാവുമായ ചോയ്ത്തി ഘോഷ്, അരങ്ങില്‍ ഭാവാഭിനയത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മുഹമ്മദ് ഷമീം എന്നിവര്‍ സംവിധാനം ചെയ്ത 'മാട്ടി കഥ'. സുന്ദര്‍ബന്‍ എന്ന സുന്ദരവനത്തിന്റെ, അവിടെ ജീവിക്കുന്ന മനുഷ്യരുടെ, മറ്റു ജീവികളുടെ, പ്രകൃതിയുടെ തന്നെയും ജീവനത്തിന്റെയും അതിജീവനത്തിന്റെയും ജീവ താളത്തിന്റെയും കഥപറയുന്നു മാട്ടി കഥ.

Advertising
Advertising

ഒരു പിടി മണ്ണില്‍ നിന്ന് തുടങ്ങി കഥയായി, കവിതയായി, പാട്ടും പറച്ചിലുമായി, ചിരിയും കരച്ചിലുമായി, മോഹങ്ങളും മോഹഭംഗങ്ങളുമായി, പ്രകൃതിയോട് സമരം ചെയ്തും സമരസപ്പെട്ടും തുടരുന്ന ജീവിത കാമനകളിലൂടെ ഒടുക്കം ഒരു പിടി മണ്ണിലേക്ക് തന്നെ ചുരുങ്ങി തീരുന്നു. ഒരു മണിക്കൂര്‍ നേരം ഇമയനക്കങ്ങള്‍ പോലും നിശ്ശബ്ദമാക്കി നമ്മെ പിടിച്ചിരുത്തുന്ന അഭിനേതാക്കളായി ചെയ്തി ഘോഷും മുഹമ്മദ് ഷമീമും നാട്യങ്ങളില്ലാതെ നമുക്ക് മുന്നില്‍ ചിരിയോടെ തല കുനിക്കുമ്പോള്‍, ഇങ്ങനെയും നാടകം ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവിലേക്ക് നമ്മളെത്തുമെന്നു തീര്‍ച്ച.

റൂമിയാന (ഉറുദു, ഇംഗ്ലീഷ്)

സൂഫി-മിസ്റ്റിക്ക് കവിയായ ജലാലുദ്ദീന്‍ റൂമിയുടെ രൂപകം തോളിലും റൂമിചിന്തകള്‍ ആത്മാവിലും പേറി അവനവന്റെ ഉള്ളിലേക്കും ഉള്ളറകളിലേക്കും വെളിച്ചത്തിന്റെ പ്രണയത്തിന്റെയും പ്രളയം തീര്‍ത്ത 'റൂമിയാന'രേഖീയമായ കഥപറച്ചിലിനപ്പുറം ശ്ലഥബിംബങ്ങളാല്‍ തീര്‍ത്ത പിരമിഡ് കണക്കെ ഉയര്‍ന്നു നിന്ന നാടകമായിരുന്നു.

വലിച്ചു നീട്ടിക്കെട്ടിയ വെളുത്ത തിരശ്ശീലയില്‍ കറുപ്പിന്റെ സുവര്‍ണ്ണ നൂലുകള്‍ ചേര്‍ത്തെഴുതിയ ജീവിതപൊരുളുകള്‍ ഭ്രമചിത്രങ്ങളായി ഒന്നിന് മുകളിലൊന്നായി അടുക്കിവെച്ച അനുഭവം സമ്മാനിക്കുന്നതായിരുന്നു ഇഷാരാ (puppet theatre, delhi) പപ്പറ്റ് തിയേറ്റര്‍ ഡല്‍ഹി അവതരിപ്പിച്ച 60 മിനിറ്റ് നീണ്ടു നില്‍ക്കുന്ന റൂമിയാന. കാലുഷ്യങ്ങളില്‍ നിന്നകന്നും നമുക്ക് ചുറ്റും നമ്മള്‍ കെട്ടിയ നാനാതരം മതില്‍ക്കെട്ടുകള്‍ പൊളിച്ചു മാറ്റിയും പ്രണയത്തിന്റെ പ്രളയം തീര്‍ത്തു ജീവിതത്തെ ശുദ്ധീകരിക്കുന്നു റൂമിയാന. തികച്ചംു വേറിട്ട ഒരു തിയേറ്റര്‍ അനുഭവമായി റൂമിയാന ഇറ്റഫോക്ക് 2024 ന്റെ സ്‌നേഹ സമ്മാനമായി മനസ്സിലെന്നും തങ്ങിനില്‍ക്കും.

അവാര്‍ഡ് (മലയാളം) 

മിഴാവിന്റെ മേളപ്പെരുക്കങ്ങളുടെ അകമ്പടിയോടെ, മിഴിവോടെ, നിലനില്‍ക്കുന്ന രാഷ്ട്രീയ -മാധ്യമ പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തന വിരസമായ കെട്ടുകാഴ്ചകളില്‍ പെട്ടുപോയ ജി പെരിഞ്ചല്ലൂരിന്റെയും ഡബ്ലിയു പെരിഞ്ചല്ലൂരിന്റെയും അധികാര മോഹങ്ങളുടെ വേലിയേറ്റങ്ങള്‍ കൈമുദ്രകളുടെ സമ്പന്നതയില്‍ കാണികളിലേക്ക് പകരുന്ന നാടകം മികച്ച നിലവാരം പുലര്‍ത്തുന്നു.

little earth school of theatre നു വേണ്ടി മലയാള ഹാസ്യ നാടക മേഖലയെ തന്റെതായ കൈമുദ്രകളാല്‍ സമ്പന്നമാക്കിയ അതുല്യപ്രതിഭ തുപ്പേട്ടന്റെ കഥയില്‍ അരുണ്‍ലാല്‍ സംവിധാനം നിര്‍വഹിച്ച അവാര്‍ഡ് ശ്രദ്ധേയമാകുന്നത് കഥ പറച്ചിലിന്റെ ലാളിത്യവും ലാവണ്യവും കൊണ്ട് കൂടിയാണ്. തുടക്കത്തിലേ ഏതാണ്ട് അഞ്ചു മിനുട്ടോളം നീണ്ടു നില്‍ക്കുന്ന മിഴാവിലെ താളപ്പെരുക്കം (മിഴാവിനു സമാനമായ ഒരു ഉപകരണം നാടകത്തിനു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തത്) നാടകാന്ത്യം വരെ ബഹുവിധം വേദിയില്‍ നിറഞ്ഞു നിന്നു. പലവിധ മുദ്രകളാല്‍ സമ്പന്നമായ നമ്മുടെ നാടക വേദിക്ക് ജെ.സി.ബി മുദ്ര എന്ന പുതിയൊരു സംഭാവന കൂടി ഈ നാടകം നല്‍കുന്നുണ്ട്.

ഞാനും പോട്ടെ ബാപ്പ ഒല്‍മാരം കാണുവാന്‍ (മലയാളം)

ലക്ഷദ്വീപ് ജീവിതത്തിന്റെ ഭാവാത്മകഥകളിലേക്ക് താളാത്മകമായ ഒരു സഞ്ചാരം എന്ന് ഒറ്റവാക്കില്‍ 'ഞാനും പോട്ടെ ബാപ്പ ഒല്‍മാരം കാണുവാന്‍' എന്ന നാടകത്തെ വിശേഷിപ്പിക്കാം. നാടകത്തിന്റെ തുടക്കം മുതല്‍ കൂടെചേരുന്ന ഉള്ളം കവരുന്ന സംഗീതം നാടകം കഴിഞ്ഞാലും നമ്മുടെയുള്ളില്‍ തങ്ങി നില്‍ക്കുന്ന അനുഭവം. ദ്വീപ് ജീവിതത്തിന്റെ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും മാനവികൈക്യവും നാടകത്തിന്റെ ഓരോ അടരിലും മുഴച്ചും മിഴിച്ചും നില്‍ക്കുന്നുണ്ട്. സംഗീതവും നിറങ്ങളും സമൃദിയില്‍ നിറച്ചു വെച്ച ഒരു സംഗീത ശില്‍പം പോലെ മനോഹരമാണ്‌നാടകം. ഗുരു സിനിമയി ഇലാമാ പഴം പോലെ ജീവിത കാമനകളുടെ ഒരു മോഹപ്പഴമായി ഓല്‍മാരത്തിന്റെ പഴം പ്രതീകവല്‍കൃതമാകുന്നു.



Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - അബ്ദുല്ല തോടന്നൂര്‍

Social Activist

Similar News