രജനി പാലമ്പറമ്പില്‍, അലീന: ദലിത് സാഹിത്യപ്പക്ഷിക്ക് രണ്ട് തൂവലുകള്‍ കൂടി

ഉന്നതകുല ജാതീയരായ എഴുത്തുകാര്‍ കീഴാളരുടെ ജീവിതകഥ സ്വന്തം ഭാവനയിലൂടെയും പരോക്ഷലബ്ദ്ധമായ അനുഭവത്തിലൂടെയും ഉന്നതര്‍ക്ക് സ്വീകാര്യമായ ഭാഷയില്‍ അവതരിപ്പിച്ച് അവാര്‍ഡുകളും പ്രശസ്തിയും കരസ്ഥമാക്കുമ്പോള്‍, സ്വന്തം നീറുന്ന കരിഞ്ഞ അനുഭവങ്ങള്‍ തനതുഭാഷയിലും ഘടനയിലും അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ നല്കിയ ചങ്കൂറ്റവും സ്വീകാര്യതയും അവരെ ഉത്തേജിപ്പിക്കുന്നു. ആ നെല്ലിമരം പുല്ലാണ്, സില്‍ക്ക് റൂട്ട് എന്നീ പുസ്തകങ്ങളുടെ വായന.

Update: 2022-11-28 14:28 GMT

സാമൂഹികമായ പുറന്തള്ളപ്പെടല്‍ എല്ലാ മണ്ഡലങ്ങളിലും എന്ന പോലെ സാഹിത്യത്തിലും അനുഭവിക്കുന്ന ദലിത് ജനതയുടെ പുതിയ സാഹിത്യസംഭാവനകളാണ് ''ആ നെല്ലിമരം പുല്ലാണ്; ''സില്‍ക്ക് റൂട്ട്'' എന്നീ പുസ്തകങ്ങള്‍. അവഗണിക്കപ്പെടുന്നതിന്റെയും അതോടൊപ്പം അംഗീകരിക്കപ്പെടാത്തതിന്റെയും തീക്കനലില്‍ വെന്തുനീറുന്ന ഒരു ജനതയുടെ പ്രതിനിധികളാണ് ഗ്രന്ഥകര്‍ത്താക്കളായ രജനി പാലാമ്പറമ്പിലും അലീനയും എന്ന തിരിച്ചറിവ് അവരുടെ പുസ്തകങ്ങളിലെ നെടുവീര്‍പ്പുകളും പ്രതിഷേധങ്ങളും ശ്രദ്ധിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. നിഷേധങ്ങളും ബഹിഷ്‌ക്കരണങ്ങളും ജാതീയ ഹിംസയാണ് എന്ന് നമ്മെ അനുസ്മരിപ്പിക്കുന്ന ബാബാസാഹിബ് അംബേദ്കറിന്റെ മനസ്സോടെ സാഹിത്യനഭസ്സിലേയ്ക്കും ചരിത്രത്താളുകളിലേക്കും അവരെ വരവേല്‍ക്കുവാന്‍ ഇനിയും നമ്മള്‍ അമാന്തിച്ചുകൂടാ.

മതാചാര നിരീക്ഷണം ഇതില്‍ വ്യക്തമാക്കുന്ന ഇടങ്ങളുണ്ട്. പുലയരുടെ ഉഴവൂര്‍ ജന്‍മക്ഷേത്രത്തില്‍ ബ്രാഹ്മണ ആചാരങ്ങളാണ് അനുഷ്ഠിച്ചു പോരുന്നത്. ക്രിസ്ത്യാനികള്‍ തങ്ങളുടെ ആചാരങ്ങളില്‍ ആനയെ എഴുന്നെള്ളിക്കുകയും, പ്രസാദം നല്‍കുകയും, തുലാഭാരം നടത്തുകയും മറ്റും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിനെ ഭാരതവല്‍ക്കരണം (Inculturation) എന്ന് വിളിക്കാന്‍ തയ്യാറായത് ഇതിനു സമാനമാണ്. കാളിയെ അച്ഛന്‍ പ്രശ്‌നസങ്കീര്‍ണ്ണഘട്ടങ്ങളില്‍ ''പൂ.. കൂട്ടി തെറി വിളിയ്ക്കാറുണ്ടെന്ന് വായിച്ചപ്പോള്‍ '' അതാണ് യഥാര്‍ഥ പ്രാര്‍ഥന'' എന്ന് പറയാതെ പറഞ്ഞുപോയി.

ഗോഗു ശ്യാമള എന്ന ആന്ധ്രയിലെ ദലിത് ഫെമിനിസ്റ്റിന്റെ അഭിപ്രായത്തില്‍, സവര്‍ണ്ണരുടെ ഫെമിനിസം വെറും ഒരു ഫാഷന്‍ തരംഗമാണെങ്കില്‍, ദലിതരുടെ സ്ത്രീവാദം ഒരു ജീവന്‍ മരണപ്രശ്‌നം ആണെന്നതാണ് റൂത്ത് മനോരമ എന്ന ദലിത് സ്ത്രീയുടെ അനുഭവ വെളിച്ചത്തില്‍. സവര്‍ണ്ണ സ്ത്രീകളുടെ പീഡനം ഏറ്റുവാങ്ങുന്ന അധഃകൃതരില്‍ അധഃകൃതയാണ് ഒരു ദലിത് സ്ത്രീ എന്നത് എത്ര ദയനീയമായ പരമാര്‍ഥമാണ്. സമൂഹത്തില്‍ ഒരു ദലിത് സ്ത്രീ ഇരട്ടി തിരസ്‌ക്കാരമാണ് (Double Discrimination) നേരിടുന്നത്. ആഫ്രിക്കയിലെ കറുത്ത സ്ത്രീകള്‍ ഇത്തരം തിക്തമായ അനുഭവങ്ങള്‍ അവരുടെ സാഹിത്യകൃതികളില്‍ വിവരിക്കുന്നുണ്ട്. സമൂഹത്തിലെ വെളുത്ത വര്‍ഗക്കാര്‍ അവരെ വേട്ടയാടുന്നതിന്നുപുറമെ, വീട്ടകങ്ങളില്‍ കറുത്ത പുരുഷന്മാരും അവരെ പീഡിപ്പിക്കുന്നതില്‍നിന്നു പിന്മാറാറില്ല. ടോണി മോറിസണ്‍, ആലീസ് മണ്‍റോ, മായാ ഏഞ്ചലൂ എന്നിവരുടെ കൃതികള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു.


ഗൂസ്‌ബെറി പുറത്തിറക്കിയ 'ആ നെല്ലിമരം പുല്ലാണ്' എന്ന രജനി പാലാമ്പറമ്പിലിന്റെ ആത്മകഥയാണ് ഈ ലേഖനത്തിലെ ആദ്യ പഠനവിഷയം. നെല്ലിക്ക എന്ന് അര്‍ഥം വരുന്ന ഗൂസ്‌ബെറിക്കാര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ശീര്‍ഷകം രസകരമാണ്. 'പുല്ലാണ്' എന്നത് ഒരു പരിഹാസത്തിന്റെയോ അവഗണനയുടെയോ ഭയമില്ലായ്മയുടെയോ പ്രകടനം ആയാണ് പൊതുവേ കണക്കാക്കാറുള്ളത്. (പൊലീസ് പുല്ലാണ് എന്ന പ്രതിഷേധവാക്കുകള്‍ ഓര്‍ക്കുന്നു) '' ജീവിതത്തിന്റെ ഓര്‍മകളിലേക്ക് തിരിച്ചുപോയി ഒന്നുലര്‍ത്തി രസിക്കാന്‍ എനിക്കു പ്രത്യേകിച്ച് നെല്ലിമരങ്ങള്‍ ഒന്നും ഇല്ലായിരുന്നു'' എന്ന രജനിയുടെ പുസ്തകത്തിലെ അവസാനവാചകം (പേജ് 136) ഒരു തരം നിസ്സഹായാവസ്ഥയാണ് വെളിവാക്കുന്നത്.

കൂലിയെഴുത്തുകാര്‍ അല്ലാതെ സ്വയം പറയുന്ന ആത്മകഥയുടെ ലാളിത്യവും ആത്മാര്‍ഥതയും എഴുത്തില്‍ പ്രകടമാണ്. നമ്മുടെ അരികിലിരുന്ന്, അരികുവല്‍ക്കരിക്കപ്പെട്ടവള്‍ കഥ പറയുന്നത് ഏറെ ഹൃദ്യമായ അനുഭവം തരുന്നുണ്ട്. നഗ്‌നമായ യാഥാര്‍ഥ്യങ്ങള്‍ പച്ചയായ ഭാഷയില്‍ ഇവിടെ കാണാം. തൂറാന്‍, തീട്ടപ്പറമ്പ് എന്നീ പദങ്ങള്‍ സവര്‍ണ്ണവായനക്കാര്‍ക്ക് ചതുര്‍ഥി ആകാന്‍ ഇടയുണ്ട്. ബ്രെസ്റ്റ് എന്ന് ഇംഗ്ലീഷില്‍ എഴുതുന്നത് ''മുല'' എന്ന് തര്‍ജ്ജമ ചെയ്താല്‍ അതും ചിലരെ വിറളി പിടിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മധു. സി. നാരായണന്‍ സംവിധാനം ചെയ്ത ''കുമ്പളങ്ങി നൈറ്റ്‌സ്'' ലെ തീട്ടപ്പറമ്പ് അഥവാ, പൂച്ചപ്പറമ്പ് തന്നെയാണ് രജനിയുടെയും വാസസ്ഥലം എന്ന് അവര്‍ ഏറ്റുപറയുന്നു. രാവിലെ വെളിക്കിരിക്കുന്നവരുടെ പൃഷ്ഠഭാഗം കണികണ്ടുണരുന്ന ഭാഗ്യഹീനര്‍ ആണവര്‍. സാമുവേല്‍ ബെക്കെറ്റ് എന്ന ആംഗലേയ നാടകകൃത്ത് തന്റെ ''വെയ്റ്റിങ് ഫോര്‍ ഗോദോ'' എന്ന നാടകത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ ദീദി, ഗോഗോ എന്നീ രണ്ടുപേര്‍ ഇടയ്ക്കിടെ പരസ്പരം അന്വേഷിക്കുന്നത് ''ആരാണ് കീഴ്ശ്വാസം വിട്ടത്'' എന്നാണ്. 'ഫാര്‍ട്ട്' എന്ന ആംഗലേയ പദം അന്നോളം ഒരു നാടകസ്റ്റേജിലും കേട്ടുകേള്‍വി ഇല്ലാത്തത് ആയതിനാല്‍ മാന്യജനങ്ങള്‍ അങ്കലാപ്പിലായത് ഓര്‍ത്തുപോകുന്നു. ''പതി തുള്ളല്‍'' (പേജ് 21) ഞവരക്കോല്‍ (പേജ് 77) കരിഞ്ചപ്പട്ട വസൂരി/കനകകല്ലൂരി വസൂരി (പേജ് 22) കുത്തുപ്പാട്ടുകള്‍ (പേജ് 29) തൂണി (കൂട്ട (പേജ് 85) എന്നീ പദങ്ങള്‍ മലയാളഭാഷയ്ക്ക് പുലയര്‍ നല്‍കുന്ന സംഭാവനകള്‍ ആണ്. ആഫ്രിക്കക്കാര്‍ എഴുതുമ്പോള്‍ അവരുടെ പദങ്ങള്‍ ചേര്‍ത്ത് റെഫറന്‍സ് ആയി അര്‍ഥം കൊടുത്ത് പറഞ്ഞു: 'നമ്മള് അവരുടെ പദങ്ങളുടെ അര്‍ഥം പഠിക്കുന്നതുപോലെ മറ്റുള്ളവര് നമ്മുടെ പദങ്ങളുടെ അര്‍ഥം പഠിക്കട്ടെ'' എന്ന്.


മതാചാര നിരീക്ഷണം ഇതില്‍ വ്യക്തമാക്കുന്ന ഇടങ്ങളുണ്ട്. പുലയരുടെ ഉഴവൂര്‍ ജന്‍മക്ഷേത്രത്തില്‍ ബ്രാഹ്മണ ആചാരങ്ങളാണ് അനുഷ്ഠിച്ചു പോരുന്നത്. ക്രിസ്ത്യാനികള്‍ തങ്ങളുടെ ആചാരങ്ങളില്‍ ആനയെ എഴുന്നെള്ളിക്കുകയും, പ്രസാദം നല്‍കുകയും, തുലാഭാരം നടത്തുകയും മറ്റും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിനെ ഭാരതവല്‍ക്കരണം (Inculturation) എന്ന് വിളിക്കാന്‍ തയ്യാറായത് ഇതിനു സമാനമാണ്. കാളിയെ അച്ഛന്‍ പ്രശ്‌നസങ്കീര്‍ണ്ണഘട്ടങ്ങളില്‍ ''പൂ.. കൂട്ടി തെറി വിളിയ്ക്കാറുണ്ടെന്ന് വായിച്ചപ്പോള്‍ '' അതാണ് യഥാര്‍ഥ പ്രാര്‍ഥന'' എന്ന് പറയാതെ പറഞ്ഞുപോയി. വര്‍ണ-ജാതി വിവേചനം ഈശ്വരാവതാരമായി കണക്കാക്കുന്ന അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടന്നത് ഏവരെയും ദുഃഖിപ്പിക്കാതിരിക്കില്ല. രജനിയുടെ ആങ്ങള രാജ് വിവാഹം ചെയ്ത ജെര്‍മന്‍ യുവതി, ഉധയെ ആശ്രമത്തില്‍ പ്രവേശിപ്പിച്ച്, ദലിതനായ ഭര്‍ത്താവിനെ പുറത്താക്കിയ സംഭവം ആര്‍ക്കാണു സ്വീകാര്യമാവുക!

ഈ എഴുത്തിലെ സാമൂഹ്യ നിരീക്ഷണങ്ങളും അവഗണിക്കാവുന്നതല്ല. ജന്മിക്ക് സ്വന്തം ഭവനത്തോട് ചേര്‍ന്ന് പടിപ്പുര, കളപ്പുര എന്നിത്യാദി ഒരുപാട് പുരകള്‍ ഉള്ളപ്പോള്‍ തല ചായ്ക്കാന്‍ ഒരു വീടുമില്ല, ദാനമായി ലഭിച്ച ചതുപ്പു നിലത്തിന് പട്ടയവും ഇല്ലാത്ത അവസ്ഥ വ്യവസ്ഥിതിയുടെ അനീതികളെ വരച്ചുകാട്ടുന്നു. വിവേചനങ്ങള്‍ വിദ്യാഭ്യാസരംഗത്തും കൊടികുത്തി വാഴുന്നത് പരിതാപകരം തന്നെ. കോളജ് അഡ്മിഷന്‍ തലത്തില്‍ ഉള്ള വിവേചനം വിവരിച്ചപ്പോള്‍ നേരിട്ട് അത്തരം സന്ദര്‍ഭങ്ങളില്‍ പീഡകരുടെ ഭാഗത്ത് ഗത്യന്തരമില്ലാതെ നില്‍ക്കേണ്ടിവന്ന പൂര്‍വ്വകാല അനുഭവങ്ങള്‍ എന്നെ തുറിച്ചുനോക്കുന്നു. ''ഉണ്ട നമ്പറുകള്‍'' എന്ന് ഓമനപ്പേരിട്ട് അധികൃതര്‍ നടത്തുന്ന നാടകത്തിന് ദൃക്‌സാക്ഷി ആകേണ്ടിവന്ന ഗതികേട് എന്റെ ആത്മകഥയായ ''ആമേന്‍'' സാക്ഷ്യപ്പെടുത്തുന്നുണ്ട്. അഡ്മിഷന്‍ കാലത്ത് അച്ചടിക്കുന്ന ആപ്ലിക്കേഷന്റെ നമ്പറുകളെ അധികരിച്ചുള്ള ഇല്ലാത്ത നമ്പറുകള്‍ ആണ് ''ഉണ്ട നമ്പറുകള്‍.''അത്തരം ഇല്ലാത്ത നമ്പറുകള്‍ നോട്ടീസ് ബോര്‍ഡില്‍ ഇട്ട് എസ്.സി/എസ്.ടിക്കാരെ പറ്റിക്കലാണ് അധികാരികളുടെ പതിവ്. ഒരിക്കല്‍ ''ഉണ്ട നമ്പറുകളുടെ'' പേരുകള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്.


ഹോസ്റ്റലുകളില്‍ ഇത്തരം വിവേചനം തുടരുന്നതും കഷ്ടതരമാണ്. അക്കാര്യവും രജനി എടുത്തുപറയുന്നുണ്ട്. ഞങ്ങള്‍ പഠിപ്പിച്ചിരുന്ന കോളജുകളില്‍ ദലിത് വിഭാഗത്തിന് താമസിക്കാന്‍ ഡോര്‍മിറ്ററികള്‍ ആണ് നല്‍കുന്നതെങ്കില്‍ മറ്റൊരു പ്രശസ്ത കോളജില്‍ ഒരുമിച്ച് കഴിയേണ്ട ദലിത് വിഭാഗത്തിന് വേറെ ഹോസ്റ്റല്‍ ഒരുക്കിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും അത് വലിയ പുകിലായി മാറിയതും വിസ്മരിക്കാവതല്ല. കോളജിലെ എസ്.എഫ്.ഐ പ്രസ്ഥാനത്തില്‍നിന്നുപോലും എസ്.സിക്കാര്‍ ഔട്ട് എന്നാണ് രജനി കുറിക്കുന്നത്. അവര്‍ക്ക് ദലിതരുടെ വോട്ട് മാത്രം മതിയത്രേ. അപ്പോഴൊക്കെ അവര്‍ നന്ദിയോടെ ഓര്‍ക്കുന്നത് ''അംബേദ്ക്കറുടെ'' പേരാണ്. അംബേദ്ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഈ നാട്ടില്‍ നമുക്ക് അസ്തിത്വം പോലും ഉണ്ടാകുമായിരുന്നില്ല എന്ന് പൂര്‍വികര്‍ പറയുന്നത് സത്യമാണെന്ന് അവര്‍ അംഗീകരിക്കുന്ന നിരവധി അവസരങ്ങള്‍ അവരെ തേടിയെത്താറുണ്ട്.

ജോലിസ്ഥലത്തും വിവേചനം തുടര്‍ന്നത് രജനി തുറന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ ജോലികള്‍കൂടി അവരുടെമേല്‍ അടിച്ചേല്‍പ്പിച്ചത് മാത്രമല്ല പ്രശ്‌നം. എഴുതാന്‍ നല്‍കുമ്പോഴും ഇരിക്കാന്‍പോലും ഇരിപ്പിടം കൊടുക്കാത്ത അധികാരികളുടെ മാനസികാവസ്ഥയെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്? എല്ലാ കുടുംബങ്ങളിലും സ്ത്രീകളെ ചവിട്ടിത്താഴ്ത്തുന്ന പ്രവണത ഉള്ള കാലത്ത് അതേ അനുഭവങ്ങള്‍ ദലിത് സ്ത്രീകള്‍ക്കും അനുഭവിക്കേണ്ടിവരുന്നതില്‍ വിസ്മയിക്കേണ്ടതില്ലല്ലോ. രജനിയുടെ അത്തരം നീറുന്ന അനുഭവ വിവരണങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നത് സ്വാഭാവികം മാത്രം. രാത്രി കഥകളി കാണാന്‍ പോകുമ്പോള്‍ കുട്ടിക്കാലത്ത് മുദ്രകള്‍ മനസ്സിലാകാതെ ഇരിക്കാറുണ്ടെങ്കിലും നായന്മാരുടെ പുച്ഛം ആയിരുന്നു അസഹനീയമായത്. വിനയന്‍ സംവിധാനം ചെയ്ത ''പത്തൊമ്പതാം നൂറ്റാണ്ട്'' എന്ന മലയാളം സിനിമയില്‍ ഇത്തരം അനുഭവവും അതേത്തുടര്‍ന്നുള്ള ദലിതരുടെ വിജയവും കാണികള്‍ കയ്യടിയോടെയാണ് വരവേല്‍ക്കുന്നത്. കലയുടെ ആസ്വാദനംപോലും ദലിതര്‍ക്ക് നിഷിദ്ധമാക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.


പ്രകൃതിയോടും അതിലെ സകല ജീവജാലങ്ങളോടുമൊപ്പം ഇടകലര്‍ന്ന ഒരു ജീവിത ശൈലിയാണ് ദലിതരുടേത്. പോത്തും കാളയും പശുവുമെല്ലാം സ്വന്തം മക്കളെപ്പോലെയാണ് അവര്‍ക്ക്. പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥ ''കലപ്പയുടെ ശബ്ദം'' സ്വന്തം മകളേയും കാളയേയും ഒരുപോലെ സ്‌നേഹിക്കുന്ന ഒരു പിതാവിനെ കാണിച്ചുതരുന്നു. ദാരിദ്ര്യം മൂലം കാളയെ വില്‍ക്കേണ്ടിവന്ന ആ പിതാവ് മകള്‍ക്ക് അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഭാര്യ നല്‍കിയ പണം ഉപയോഗിച്ച് ചന്തയില്‍ കശാപ്പിനായി നിരത്തിയിട്ട മൃതപ്രായനായ കാളയെ വാങ്ങിക്കൊണ്ടുവരുന്ന കാഴ്ച ഹൃദയഭേദകമാണ്. പിറ്റേന്ന് ജീവന്‍ വെടിഞ്ഞ കാളയ്ക്ക് മാന്യമായ മരണം നല്‍കിയ സംതൃപ്തിയിലായിരുന്നു ആ വൃദ്ധന്‍. മനുഷ്യര്‍ക്ക് മാന്യമായ മരണം നല്‍കാന്‍ തുനിഞ്ഞിറങ്ങിയ മദര്‍ തെരേസയേക്കാള്‍ വലിയ സല്‍പ്രവൃത്തി ആയിരുന്നു ആ മൃഗത്തിന് ആ പിതാവ് നല്‍കിയത് എന്നത് പറയാതെ വയ്യ.

'സാഹിത്യകാരികള്‍ അശ്ലീലം എഴുതുന്നു' എന്നു പ്രസ്താവിച്ച ടി. പത്മനാഭന്‍ ഈ പുസ്തകത്തിലും അശ്ലീലം കണ്ടെത്തിയാലും, തങ്ങളുടെ സത്യസന്ധമായ എഴുത്തില്‍ നിന്ന് സ്ത്രീകള്‍ പിന്മാറരുത് എന്നാണ് എന്റെ അഭിപ്രായം. നവചരിത്രവാദം ഉന്നതശ്രേണിയിലുള്ളവരുടേതെന്നപോലെ കീഴാളചരിത്രത്തെയും ഉള്‍ക്കൊള്ളുന്നു എന്നത് ഒരു വസ്തുതയാണ്. അതിനാല്‍തന്നെ കേരളത്തിലെ എല്ലാ സ്ത്രീകളും തങ്ങളുടെ ആത്മകഥകള്‍ എഴുതണമെന്നാണ് എന്റെ പക്ഷം. എങ്കിലേ കേരള ചരിത്രം പൂര്‍ണ്ണമാകുകയുള്ളൂ. അങ്ങനെ ചരിത്രം ആകപ്പാടെ മാറുന്നതുപോലെ നാറുന്നതാകാനും ഇടയായേക്കാം. എങ്കിലും അപ്പോഴേ യഥാര്‍ഥ ചരിത്രം അടുത്ത തലമുറയ്ക്ക് ലഭിക്കുകയുള്ളൂ.


അലീനയുടെ സില്‍ക്ക് റൂട്ടിലേക്ക്

ഗൂസ്‌ബെറി തന്നെ പ്രസിദ്ധീകരിച്ച, അലീനയുടെ ''സില്‍ക്ക് റൂട്ട്'' എന്ന കവിതാസമാഹാരം, സമൂഹം ഇന്നോളം ദലിതര്‍ക്കു നേരെ നടത്തിയ അടിച്ചമര്‍ത്തലുകള്‍ക്കുള്ള ചുട്ടമറുപടിയായി പരിണമിക്കുന്നു. ബ്ലാക്ക് ഹ്യൂമര്‍, ആക്ഷേപഹാസ്യം എന്നിവയിലൂടെ വിദ്വേഷ പ്രകടനത്തിന്റെയും പരിഹാസത്തിന്റെയും, പ്രതികാരവാഞ്ചയുടെയും പരമ പുച്ഛത്തിന്റെയും സംഹാരതാണ്ഡവമാണ് നടമാടുന്നത്. ഇതിലാണ് ഉന്നതകുലജാതരുടെ അവഗണനയ്ക്കും അഭിപ്രായങ്ങള്‍ക്കും 'പുല്ലുവില' പോലും കല്‍പ്പിക്കാത്ത സമീപനം കാണുന്നത്. ഓരോ കവിതയും ഓരോ വിപ്ലവമാണ് സൃഷ്ടിക്കുന്നത് എന്നതില്‍ തര്‍ക്കത്തിന് ഇടമില്ല. ചരിത്രവും, മതവും, രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളും, എന്തിനേറെ സാഹിത്യം പോലും വിമര്‍ശനത്തിന് പാത്രീഭൂതമാകുന്നുണ്ട്.

തൊണ്ണൂറ്റിയൊന്ന് കവിതകളില്‍ ഏതാനും ചിലതുമാത്രമേ ഇവിടെ പരമാര്‍ശിക്കപ്പെടുന്നുള്ളുവെങ്കിലും എല്ലാ കവിതകളും പഠനവിഷയമാക്കേണ്ടതുതന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. ''ബ്ലഡി സണ്‍ഡേ''യില്‍ (പേജ് 19) ആര്‍ത്തവരക്തമാണ് പ്രതിപാദ്യവിഷയം. ആര്‍ത്തവകാലത്ത് അമ്പലത്തിലെന്നപ്പോലെ പള്ളിയില്‍ പോകുന്നതും നിഷിദ്ധമാണെന്ന് വിശ്വസിക്കുന്നവരുണ്ട്.


''ചൊമലക്കറ എന്തോ ഭീകരസത്വമാണ്.''

പള്ളിയില്‍ പോയ അമ്മച്ചിയെക്കുറിച്ച് കവിത തുടരുകയാണ്.

''പാസ്റ്റര്‍ പ്രസംഗിച്ചപ്പോള്‍

കയറ്റുപായിലും

എന്റെ അമ്മച്ചി നിര്‍ത്താതെ

തിരുരക്തം ചൊരിഞ്ഞു.''

''സഭയെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍

അമ്മച്ചി ചുവപ്പുതുള്ളികളായി

ഒഴുകി.

ചരിത്രത്തിലെ

രണ്ടാമത്തെ ബ്ലഡി സണ്‍ഡേ ആയിരുന്നു

അത്.''

മതവും, ചരിത്രവും കവിതാരചനാനിയമങ്ങളും എല്ലാം ഇവിടെ മുറിവേറ്റപ്പെട്ടിരിക്കുകയാണ്.

''മുല്ലപ്പൂ വിപ്ലവം'' (പേജ് 21) എന്ന കവിതയില്‍ അംഗന്‍വാടിയില്‍ മുല്ലപ്പൂ ചൂടിപ്പോയ രണ്ടേമുക്കാല്‍ വയസ്സുള്ള ചെക്കനാണ് വിപ്ലവകാരി. ''ബോസ്റ്റണ്‍ സാമ്പാര്‍ പാര്‍ട്ടി'' (പേജ് 24,25) (ബോസ്റ്റണ്‍ ടീ പാര്‍ട്ടി'' പോലെ) നടക്കുന്നത് തിരുവോണത്തിന് ഉച്ചകഴിഞ്ഞുള്ള ഏഷ്യാനെറ്റിലെ പുതിയ സിനിമ കാണാന്‍ അയല്‍വീട്ടില്‍ പോയപ്പോഴാണ്. ഉടമയായ കുട്ടന്‍ ചേട്ടന്‍ മദ്യപിച്ച് തെറിപ്പാട്ടുമായി വന്ന് സാമ്പാര്‍കലം പുറത്തേക്ക് എറിഞ്ഞു.

''ഓടിച്ചെന്ന് അച്ചു

സാമ്പാര്‍ കലമെടുത്തൊരു നക്കല്‍.

പിന്നാലെ മറ്റുള്ളവരും

കൊതിയോടെ

കിഴങ്ങ്, കായ, വെണ്ടയ്ക്ക, ലേശം പരിപ്പ്

കലം വടിച്ച്

ആര്‍ത്തിയോടെ തിന്നു.''

''കറുപ്പുയുദ്ധം'' (പേജ് 26) എന്നതില്‍ ''കറുപ്പിന്റെ രാഷ്ട്രീയം'' തിക്തമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

''അയ്യേ മഞ്ഞക്കളറോ?

ചേരില്ലെന്നറിയില്ലേ?

സ്വര്‍ണ്ണവും ഒട്ടും

മാച്ചല്ല.''

''കരിഞ്ഞതാണോ? പൊകഞ്ഞതാണോ?''

''അയ്യോ കരിങ്കാളി!

കൂരിരുട്ടാണല്ലോ.''

''ഇരുട്ടത്തൊന്നും നിക്കല്ലേ.''

ഈ ലോകം മുഴുവന്‍

എന്റെ കറുപ്പിനോട്

യുദ്ധം ചെയ്യുകയാണ്.''


''തീറ്റ'' എന്ന ശീര്‍ഷകത്തില്‍ നാല് കവിതകളാണ് ഉള്ളത്. അവയില്‍ ലൈംഗികവും, നരഭോജ്യം ദ്യോതിപ്പിക്കുന്ന ഭീകരവും ആയ പലതരം തീറ്റകള്‍ ഉള്ളതായി കാണാം. (ഈയിടെ എലന്തൂരില്‍ നടന്ന ആഭിചാരകര്‍മങ്ങളും നരഹോമങ്ങളും മറ്റും ഓര്‍മ്മയില്‍ തെളിയുന്നു)

''അപ്പനെ നുറുക്കി, മസാല ചേര്‍ത്ത്

കുക്കറില്‍ വെച്ച്

'എത്ര വിസിലാ അമ്മച്ചീ'ന്ന് ചോദിച്ചു.

അപ്പന്റെ വേണ്ടാത്ത എല്ലുകള്‍

സൂസി

ഗ്രൈന്‍ഡറിലിട്ട് പൊടിച്ചു.

അപ്പന്റെ തലയില്‍ തുണി പൊതിഞ്ഞ്

ഇളയ ആടുകള്‍

കളിക്കാനെടുത്തു.''

''ഈസ്റ്ററിന്,

എല്ലാ വീട്ടിലേം പോലെ

അവരും ഇറച്ചി കഴിച്ചു.''

തിരസ്‌ക്കരണത്തിന്റെ പാരമ്യത്തില്‍ സമൂഹത്തോടും സംവിധാനങ്ങളോടുമുള്ള ഒടുങ്ങാത്ത പകയാകാം ഇത്തരം സാഹിത്യ പ്രകടനങ്ങളിലേക്ക് അലീനയെ നയിച്ചതും അതേ അനുഭവതീവ്രതയുള്ളവര്‍ കരഘോഷങ്ങളോടെ ഇവയെ എതിരേറ്റതും. ഇതൊരു ഓര്‍മപ്പെടുത്തലോ വെല്ലുവിളിയോ ആകാം. ഈ മനസികാവസ്ഥയിലേക്ക് നയിച്ച മൂലകാരണങ്ങളെ കണ്ടെത്തി അവയില്‍ പരിവര്‍ത്തനം വരുത്തേണ്ടത് ഓരോ സമൂഹജീവിയുടെയും കര്‍ത്തവ്യമാണ്. ''കിണര്‍'' (പേജ് 35) ''ഊഞ്ഞാല്‍'' (പേജ് 37) എന്നീ കവിതകള്‍ കമലാദാസ് എന്ന പേരില്‍ മാധവിക്കുട്ടി അഥവാ, കമലാ സുരയ്യ ഇംഗ്ലീഷില്‍ എഴുതിയ 'നാണി' എന്ന കവിതയെ ഓര്‍മിപ്പിക്കുന്നു.


പുസ്തകത്തിന്റെ ശീര്‍ഷകം വഹിക്കുന്ന കവിത കൂടി വിചിന്തനം ചെയ്യാവുന്നതാണ്. ''സില്‍ക്ക് റൂട്ട്'' ( പേജ് 22,23) കുഞ്ഞുമോള്‍ക്ക് കല്യാണപ്പന്തല്‍ വരെ എത്താന്‍ കൂട്ടിനാണ് അന്നമ്മയെ തേടുന്നത്. ഒറ്റയ്ക്ക് ഭര്‍ത്താവ് വിടാത്തതുകൊണ്ടാണത്. അന്നമ്മയ്ക്ക് സാരി കടം കൊടുക്കാന്‍ കുഞ്ഞുമോള്‍ റെഡിയാണ്.

''ചോന്ന പട്ടുസാരി മൂടി

അന്നമ്മ

മഗ്ദലക്കാരത്തി മറിയയായി.''

''തേനില്‍ മുക്കിയ ദോശ പോലെ

അന്നമ്മ

പട്ടുസാരിയോടുരുകിച്ചേര്‍ന്നു.

'സ്ഥലോത്തിയല്ലോ.

ചേടത്തി എന്റെ സാരി തന്നേരെ.''

ഒറ്റയ്ക്ക് പോകുന്നത് തടയുന്ന ഭര്‍ത്താവിന് ഒറ്റയ്ക്ക് തിരിച്ചുവന്നാല്‍ 'കുഴപ്പമില്ല'. സവര്‍ണ്ണരുടെ 'യൂസ് ആന്റ് ത്രോ' സംസ്‌ക്കാരത്തിന്റെ ഇരകള്‍ ആകുന്നത് ദലിതരുടെ പതിവ് അനുഭവങ്ങളാണെങ്കിലും അവഗണനയുടെയും അപമാനത്തിന്റെയും കയപ്പുനീര് ഒരിക്കലും മധുരതരം ആകില്ലല്ലോ.

''ബ്ലൗസും പാവാടയും ഇട്ട്

തിരികെ ആ സില്‍ക്ക് റൂട്ട് മുഴുവന്‍

അന്നമ്മ കാരഞ്ഞുകൊണ്ടോടി.''

മിക്ക കവിതകളും ഗദ്യകവിതകളാണ്. നാടന്‍ ശീലുകളും കവിതാസങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിയ്ക്കുന്നതുമായ ഘടനകളും വ്യത്യസ്ത അര്‍ഥവിന്യാസങ്ങളും വിഷയങ്ങളും എല്ലാം എതിര്‍പ്പിന്റെ, പോര്‍വിളിയുടെ പ്രയോഗങ്ങളാണ്. തങ്ങളുടെ പോരായ്മകളെ മറച്ചു പിടിയ്ക്കാന്‍ ഒരു ശതമാനം പോലും ഉദ്യമിക്കാതെ, അവയെ സ്വന്തം സ്വത്വത്തിന്റെ അലങ്കാരങ്ങളായി അവതരിപ്പിക്കാന്‍, അതില്‍ അഭിമാനം കൊള്ളാന്‍ കഴിയുന്നിടത്താണ് സവര്‍ണ്ണരുടെമേല്‍ വെന്നിക്കൊടി പാറിക്കാന്‍ അവര്‍ക്കു ഇന്ന് കഴിയുന്നത്.

ഉന്നതകുല ജാതീയരായ എഴുത്തുകാര്‍ കീഴാളരുടെ ജീവിതകഥ സ്വന്തം ഭാവനയിലൂടെയും പരോക്ഷലബ്ദ്ധമായ അനുഭവത്തിലൂടെയും ഉന്നതര്‍ക്ക് സ്വീകാര്യമായ ഭാഷയില്‍ അവതരിപ്പിച്ച് അവാര്‍ഡുകളും പ്രശസ്തിയും കരസ്ഥമാക്കുമ്പോള്‍ സ്വന്തം നീറുന്ന കരിഞ്ഞ അനുഭവങ്ങള്‍ തനതുഭാഷയിലും ഘടനയിലും അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ നല്കിയ ചങ്കൂറ്റവും സ്വീകാര്യതയും അവരെ ഉത്തേജിപ്പിക്കുന്നു. കറുത്തവര്‍ഗ്ഗക്കാരുടെ സാഹിത്യവിപ്ലവത്തിന്റെ അനുരണനങ്ങള്‍ ദ്യോതിപ്പിക്കുന്ന ഈ രണ്ടു പുസ്തകങ്ങളുടെ ശില്പികള്‍ക്കും, പ്രസിദ്ധീകരിച്ച ഗൂസ്‌ബെറി പ്രസാധകര്‍ക്കും (''ആ നെല്ലിമരം എനിക്ക് പുല്ലാണ്'', ''സില്‍ക്ക് റൂട്ട്'') ഹൃദ്യമായ അഭിനന്ദനങ്ങള്‍. ഈ കൃതികള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും, മാനവീകതയ്ക്ക് ഊന്നല്‍ കൊടുക്കുന്ന സഹൃദയരുടെയും സവിശേഷശ്രദ്ധയ്ക്ക് പാത്രീഭൂതമാകുമെന്ന് പ്രത്യാശിക്കുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സിസ്റ്റര്‍ ജെസ്മി

Writer

Similar News

അടുക്കള
Dummy Life
Behind the scene