ഇന്ത്യൻ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണിസത്തിനും സാമൂഹിക അസമത്വത്തിനുമെതിരെ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ രണ്ട് മഹാമനീഷികളാണ് ഡോ. ഭീമറാവു റാംജി അംബേദ്കറും പെരിയാർ ഇ.വി. രാമസ്വാമിയും .
ഇവർ രണ്ടു പേരും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ ഇന്ത്യയുടെ രണ്ടു വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിലാണ് പ്രവർത്തിച്ചിരുന്നെങ്കിലും അവരുടെ പോരാട്ട ലക്ഷ്യങ്ങളിൽ അതിശയകരമായ സമാനതകളും ഐക്യവും നിലനിന്നിരുന്നതായി കാണാൻ കഴിയും. ജാത്യാടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചനം അവസാനിപ്പിക്കുക, ബ്രാഹ്മണാധിപത്യത്തെ നിലംപരിശാക്കുക , യുക്തിചിന്ത വളർത്തുക, സ്ത്രീകൾക്ക് സമത്വം ഉറപ്പാക്കുക, അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് ആത്മാഭിമാനവും അവകാശബോധവും ഉറപ്പാക്കുക, സാമൂഹിക നീതി യാഥാർഥ്യമാക്കുക, ജാതി നശിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഇരുവരുടെയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പ്രധാന വിഷയങ്ങളായിരുന്നു.
ഡോ. അംബേദ്കർ പ്രധാനമായും മഹാരാഷ്ട്രയിൽ നിന്നും ഉയർന്നുവന്ന് ദേശീയ രാഷ്ട്രീയരംഗത്ത് ദലിത് - ബഹുജൻ ജനതയുടെ വിമോചനത്തിനായി പ്രവർത്തിച്ചപ്പോൾ, പെരിയാർ തമിഴ്നാട്ടിൽ സ്വാഭിമാന പ്രസ്ഥാനത്തിലൂടെയും പിന്നീട് ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയും ദക്ഷിണേന്ത്യയിൽ ജാതിവിരുദ്ധ, അബ്രാഹ്മണ രാഷ്ട്രീയ മുന്നേറ്റത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുകയായിരുന്നു. 1920കളുടെ തുടക്കം മുതൽ സാമൂഹിക- രാഷ്ട്രിയ രംഗത്ത് സജീവസാന്നിധ്യമായി മാറിയ ഇവരുടെയും പ്രവർത്തനമേഖലകളും ഇടപെടലുകളും വ്യത്യസ്തമായിരുന്നെങ്കിലും ധൈഷണികമായി അവർ പല ഘട്ടങ്ങളിലും പരസ്പരം അടുത്തുനിന്നവരായിരുന്നു എന്നു കാണാം.
1924ൽ ബഹിഷ്കൃത ഹിതകാരണി സഭയുടെ രൂപീകരണത്തിലൂടെ ഡോ.അംബേദ്കർ തൻ്റെ കർമ്മണ്ഡലത്തിൽ സജീവമാകുമ്പോൾ 1925ൽ സ്വാഭിമാന പ്രസ്ഥാനത്തിലൂടെയാണ് പെരിയാർ തമിഴ്നാട്ടിൽ ജാതിവിരുദ്ധ, അബ്രാഹ്മണ പ്രസ്ഥാനത്തിന് ദിശാബോധം സൃഷ്ടിക്കുന്നത്. 1891- ഏപ്രിൽ 14ന് മധ്യപ്രദേശിലെ രത്നഗിരി ജില്ലയിലെ മൗവിൽ ജനിച്ച ഡോ. അംബേദ്കർ ജാതിവിവേചനത്തിന്റെ തീഷ്ണമായ അനുഭവങ്ങളോട് ഏറ്റുമുട്ടി കൊളംബിയ സർവകലാശാലയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സില്ല ഗ്രേയ്സ് ഇന്നിലും ഉന്നത വിദ്യാഭ്യാസം നേടി വളർന്ന നേതാവായിരുന്നു .
വിദ്യാഭ്യാസം, നിയമം, സാമ്പത്തികശാസ്ത്രം, സാമൂഹിക ശാസ്ത്രം , നരവംശ ശാസ്ത്രം , ഭരണഘടനാ നൈതികത, രാഷ്ട്രമീമാംസ എന്നിവയിൽ ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹം ജാതിവ്യവസ്ഥയുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ വിട്ടുവീഴ്ചയില്ലാതെ വിമർശിച്ചും ജാതിനശീകരണത്തിനു വേണ്ടി ആഹ്വാനം മുഴക്കിയുമാണ് ഇന്ത്യൻ സാമൂഹിക ,രാഷ്ടീയ ചരിത്രത്തിൽ തൻ്റേതയായ വ്യക്തിമുദ്ര പതിപ്പിച്ചത്.
1879 സെപ്തംബർ 17-ന് തമിഴ്നാട്ടിലെ ഈറോഡിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച പെരിയാർ ഇ. വി. രാമസ്വാമി, കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് പൊതുമണ്ഡലത്തിൽ എത്തിയ ശേഷമാണ് സാമൂഹിക പരിഷ്കരണത്തെ തൻ്റെ പ്രധാന പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുക്കുന്നത്. തമിഴ്നാട്ടിൽ ആദി ദ്രാവിഡ, അബ്രാഹ്മണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പണ്ഡിറ്റ് അയോദി ദാസരുടെ പാത പിന്തുടർന്ന് 1925-ൽ അദ്ദേഹം ആരംഭിച്ച സ്വാഭിമാന പ്രസ്ഥാനം (Self-Respect Movement) ജാതിവിരുദ്ധതയ്ക്കും , യുക്തിവാദത്തിനും സ്ത്രീമോചനത്തിനും സാമൂഹിക സമത്വത്തിനും മുന്തിയ പ്രധാന്യം നൽകിയാണ് തമിഴകത്തിൻ്റെ സാമൂഹിക ,സാംസ്കാരിക ,രാഷ്ടീയ മണ്ഡലങ്ങളെ ആഴത്തിൽ ഉഴുതുമറിച്ചത്. ഇതു പീന്നിട് ദ്രാവിഡ രാഷ്ടീയത്തിന് വിത്തുപാകുകയായിരുന്നു.
ഡോ.അംബേദ്ക്കറും പെരിയാറും തമ്മിൽ ജാതിക്കും ബ്രാഹ്മണി സത്തിനുമെതിരെ ഒരോ ലക്ഷ്യത്തോടെ ആശയപരമായി പോരാടിയപ്പോൾ തന്നെ രാഷ്ട്രീയ സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആഴത്തിലുള്ള ഐക്യവും ബന്ധവും നിലനിർത്തിയിരുന്നതായി കാണാം. 1930-കളിലും 1940-കളിലും ജാതിവിരുദ്ധയിൽ ഊന്നിയ ദലിത് - ബഹുജൻ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകളെക്കുറിച്ച് അടുത്തുനിന്ന് ആഴത്തിൽ ഒരു പോലെ ചിന്തിച്ചവരായിരുന്നു ഡോ.അംബേദ്ക്കറും പെരിയാറും .
കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങൾക്കൊപ്പം സാമൂഹ്യ സ്വാതന്ത്ര്യവും യാഥാർഥ്യമാകണമെന്ന കാര്യത്തിൽ ഇരുവർക്കും ശക്തമായ ധാരണയുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായാലും സവർണ്ണാധിപത്യ ഭരണത്തിൻ കീഴിൽ ജാതിവ്യവസ്ഥയും സാമൂഹിക അടിച്ചമർത്തലും തുടരുകയാണെങ്കിൽ അധഃസ്ഥിത ,പിന്നോക്ക ,മതന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കില്ലെന്നായിരുന്നു ഇരുവരുടെയും പൊതുവായ വിമർശനാത്മക നിലപാട് .
ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ജാത്യാധിപത്യത്തിനെതിരെ ദലിത് - ബഹുജൻ വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധ്യം , സംവരണം, വിദ്യാഭ്യാസം, നിയമ സംരക്ഷണം എന്നിവ പ്രതിനിധാനം ചെയ്തപ്പോൾ പെരിയാർ ഉയർത്തിയ ദ്രാവിഡ രാഷ്ട്രീയ ചിന്താധാര ബ്രാഹ്മണാധിപത്യത്തെയും ജാതിയുടെ അധികാരഘടനയെയും ബ്രാഹ്മണമേധാവിത്വത്തെയും ചോദ്യം ചെയ്യുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.സ്വാഭിമാന പ്രസ്ഥാനത്തിലൂടെ വിത്തുപാകിയ ഈ ആശയമാണ് പിന്നീട് തമിഴകത്തിൽ ബ്രാഹ്മണിക - ഹിന്ദുത്വ രാഷ്ടീയത്തിനെതിരെയുള്ള ദ്രാവിഡ രാഷ്ട്രീയ മുന്നേറ്റമായി വികസിക്കുന്നത്.
1932-ലെ പൂനാ ഉടമ്പടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഡോ അംബേദ്ക്കറുടെ നിലപാടിനെ പരസ്യമായി പിന്തുണച്ചിരുന്ന നേതാവായിരുന്നു പെരിയാർ . അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് സ്വതന്ത്ര രാഷ്ട്രീയ പ്രതിനിധ്യം അനിവാര്യമാണെന്ന ഡോ. അംബേദ്ക്കറുടെ ആവശ്യം പെരിയാറിന്റെ സാമൂഹിക നീതിചിന്തയുമായി പൊരുത്തപ്പെട്ടതിനാലായിരുന്നു ഈ പിന്തുണ.
ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയ പോരാട്ടങ്ങൾ കേവലം ഒരു വിഭാഗത്തിനുള്ള പ്രത്യേക ആനുകൂല്യങ്ങൾക്കായുള്ളതല്ലെന്നും, മറിച്ച് ജാത്യാധിഷ്ഠിത അധികാരഘടനയിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ജനങ്ങൾക്ക് രാഷ്ട്രീയാധികാരം നേടിയെടുക്കാനുള്ള ധീരമായ ചുവടുവയ്പ്പാണെന്നും പെരിയാർ മനസ്സിലാക്കിയിരുന്നു. അതായത് ,
ഇരുവരുടെയും രാഷ്ട്രീയ ചിന്തയിൽ രാഷ്ടീയ അധികാരമില്ലാതെ സാമൂഹിക സ്വാതന്ത്ര്യം പൂർണ അർഥത്തിൽ യാഥാർഥ്യമാവില്ല എന്ന പൊതുസമീപനം നിലനിന്നിരുന്നു എന്നു സാരം. ഡോ. അംബേദ്ക്കറുടെയും പെരിയാറിന്റെയും ചിന്തയുടെയും പോരാട്ടത്തിൻ്റെയും കേന്ദ്രബിന്ദു ജാതിവിരുദ്ധതയായിരുന്നല്ലോ . ജാതി ഉന്മൂലം ചെയ്യപ്പെടാതെ ജനാധിപത്യം യാഥാർഥ്യമാവില്ല എന്നു ഉറച്ചു വിശ്വസിച്ചിരുന്ന സാമൂഹിക ചിന്തകനായിരുന്നു ഡോ.അംബേദ്കർ. അതുകൊണ്ടു തന്നെ ജാതി വ്യവസ്ഥയ്ക്കെതിരെ ജീവിതാന്ത്യം വരെ അദ്ദേഹം പോരാടി. ജാതിയെ ഉന്മൂലനം ചെയ്യാതെ ഹിന്ദുമതത്തെ പരിഷ്കരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒടുവിൽ ഹിന്ദുമതം തന്നെ ഉപേഷിക്കാൻ തയ്യാറായി.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ജാതി ഒരു സാമൂഹിക വിഭജനം മാത്രമല്ല; അത് മനുഷ്യരെ ക്രമാനുസൃതമായ ഉയർച്ച-താഴ്ചകളിൽ തളച്ചിടുന്ന ഒരു സാമൂഹിക, സാമ്പത്തിക സംവിധാനമാണ്. അതിനാൽ ജാതിയെ പരിഷ്കരിക്കുന്നതിനു പകരം അതിന്റെ അടിത്തറയെതന്നെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ശക്തമായി വാദിച്ചു.
പെരിയാറാകട്ടെ ജാതി മനുഷ്യന്റെ സ്വാഭാവികമായ വ്യത്യാസമല്ലെന്നും അത് സാമൂഹിക അധികാരത്തിന്റെയും മതപരമായ ന്യായീകരണത്തിന്റെയും ഉപാധിയാണെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. ഡോ. അംബേദ്കറുടെ വിഖ്യാത ഗ്രന്ഥമായ “Annihilation of Caste” പ്രസിദ്ധീകരിച്ചപ്പോൾ തന്നെ പെരിയാർ അത് "കുടിഅരസ്സു " വിലൂടെ പരമ്പരയായും പിന്നീട് ഗ്രന്ഥമായും വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു തമിഴ്നാട്ടിൽ ഡോ.അംബേദ്ക്കറുടെ റാഡിക്കൽ ആശയങ്ങൾക്ക് വലിയ പ്രചാരണം നൽകാൻ വഴിയൊരുക്കിയിരുന്നു.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആദർശങ്ങളെ നിരാകരിക്കുന്ന ബ്രാഹ്മണാധിപത്യത്തെ ( ബ്രാഹ്മണിസം) ശക്തമായി വിമർശിച്ച, അതിനെതിരെ പടപൊരുതായ നേതാക്കളായിരുന്നു ഡോ.അംബേദ്ക്കും പെരിയാറും. എന്നാൽ അവരുടെ വിമർശനത്തിന്റെ ഭാഷയും രാഷ്ട്രീയ തന്ത്രജ്ഞതയും ഇടപെടലുകളും തികച്ചും വ്യത്യസ്തമായിരുന്നു എന്നു കാണാം.
പെരിയാർ ദക്ഷിണേന്ത്യയിലെ സാമൂഹിക അധികാരഘടനയിൽ വേരുറച്ചിരുന്ന ബ്രാഹ്മണാധിപത്യത്തെ നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നു. ബ്രാഹ്മണിസത്തിൻ്റെ മൂല്യമണ്ഡലത്തെ അപ്പാടെ അദ്ദേഹം നിരാകരിക്കുകയും അതിനെതിരെ സ്വാഭിമാന ,യുക്തിവാദ പ്രസ്ഥാനങ്ങളെ വളർത്തുകയും ദ്രാവിഡ രാഷ്ട്രീയത്തിന് വിത്തുപാകുകയും ചെയ്തു. വിദ്യാഭ്യാസം, സർക്കാർ ജോലി, ക്ഷേത്രഭരണം , സാമൂഹിക സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ അധികാര അസമത്വത്തിനെതിരെ അദ്ദേഹം പ്രചാരണം നടത്തുകയും ബ്രാഹ്മണമേധാവിത്വം അവസാനിപ്പിക്കാൻ എല്ലാ ജനവിഭാഗങ്ങൾക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം (സംവരണം )ഏർപ്പെടുത്തണമെന്നു വാദിക്കുകയും ചെയ്തു. എന്നാൽ
ഡോ.അംബേദ്ക്കറാകട്ടെ ജാതിവ്യവസ്ഥയുടെ മതപരവും സാമൂഹികവുമായ ഘടനയെ വിമർശിക്കുകയും, ജാതിയെ നിലനിർത്തുന്ന സാമൂഹിക അധികാരബന്ധങ്ങളെ നിയമപരവും രാഷ്ട്രീയപരവുമായ മാർഗങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത് .നിയതാർഥത്തിൽ
ഇരുവരുടെയും ലക്ഷ്യം ഒരേ ദിശയിലായിരുന്നു എന്നു ചുരുക്കം; ജന്മത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ മനുഷ്യരുടെ മൂല്യം നിർണ്ണയിക്കുന്ന സാമൂഹിക വ്യവസ്ഥ (ജാതിവ്യവസ്ഥ) അവസാനിപ്പിക്കുക. ജാതിനശീകരണത്തെ സംബന്ധിച്ചും ഏകദേശം സമാനമായ ആശയങ്ങളാണ് ഡോ.അംബേദ്ക്കറും പെരിയാറും പിന്തുടർന്നിരുന്നെങ്കിലും മതത്തെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ നിലപാടുകളും നിരീക്ഷണങ്ങളുമായിരുന്നു ഇരുവരും പുലർത്തിയിരുന്നത്. പൊതുവെ മതനിരാകരണത്തിലൂന്നിയ, യുക്തിവാദത്തിനും നിരീശ്വരവാദത്തിനും മുൻഗണന നൽകുന്നതായിരുന്നു പെരിയാറിൻ്റെ മതനിരീക്ഷണങ്ങൾ. മതങ്ങൾ അന്ധവിശ്വാസങ്ങളുടെ ഉറവിടമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം.
വ്യവസ്ഥാപിത മതസംവിധാനങ്ങൾക്കപ്പുറം യുക്തിവാദത്തെയും നിരീശ്വരവാദത്തെയുമാണ് അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നത്. മതവിശ്വാസങ്ങൾ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നിടത്ത് അവയെ തുറന്നെതിർക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ ഡോ .അംബേദ്ക്കറാകട്ടെ അന്ധവിശ്വാസത്തെയും സാമൂഹിക അനീതിയെ ന്യായീകരിക്കുന്ന മതത്തെയും മതവ്യാഖ്യാനങ്ങളെയും ശക്തമായി വിമർശിച്ചെങ്കിലും മതത്തിൻ്റെ ധാർമ്മിക മൂല്യത്തെ പൂർണ്ണമായും നിരാകരിച്ചില്ല. മനുഷ്യന്റെ ധാർമ്മിക ജീവിതത്തിലും സാമൂഹിക സഹജീവിതത്തിലും മതത്തിൻ്റെ നൈതിക അടിത്തറ ആവശ്യമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.
ഈ ചിന്തയുടെ വികാസപരിണാമ ഫലമായാണ് 1956-ൽ അദ്ദേഹം തൻ്റെ അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധന്റെ ധർമ്മത്തിൽ പ്രജ്ഞ , സമത്വം, യുക്തി, കരുണ, മൈത്രി, നൈതികത എന്നിവ കണ്ടെത്തിയ ഡോ. അംബേദ്കർ അതിനെ സാമൂഹിക വിമോചനത്തിന്റെ ആധാരശിലകളായി അവതരിപ്പിക്കുകയായിരുന്നു.
അതുകൊണ്ട് മതത്തെക്കുറിച്ചുള്ള അന്തിമ നിലപാടിൽ വ്യത്യാസമുണ്ടെങ്കിലും അന്ധവിശ്വാസത്തിനും ജാതിവിവേചനത്തിനും അസമത്വത്തിനും ന്യായീകരണം നൽകുന്ന മതവിശ്വാസങ്ങൾക്കെതിരെ ഇരുവരും അടുത്തുനിൽക്കുന്നത് കാണാം.
പെരിയാറുടെ സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രധാന സവിശേഷത അതു ഉയർത്തിയ യുക്തിവാദവും സ്വാഭിമാന ബോധവുമായിരുന്നു. മനുഷ്യാന്തസ്സിൻ്റെ വീണ്ടെടുപ്പും വിമലീകരണവും അദ്ദേഹത്തിൻ്റെ ആശയാടിത്തറയ്ക്ക് ഈടും ഉറപ്പും നൽകി. സോക്രട്ടീസിനെ പോലെ കാലപ്പഴക്കം കൊണ്ട് ദൃഢീകരിക്കപ്പെട്ടു പോയ വ്യവസ്ഥകൾക്കും തിട്ടൂരങ്ങൾക്കുമെതിരെ തുടരെത്തുടരെ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യാൻ ജനങ്ങളെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു .ഇതു ജനങ്ങൾക്കിടയിൽ യുക്തിബോധത്തിൻ്റെ കൊടുങ്കാറ്റഴിച്ചു വിട്ടു. മനുഷ്യൻ്റെ സ്വാഭിമാനത്തെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും ഉൾക്കൊള്ളാത്ത യാതൊന്നിനെയും അദ്ദേഹം അംഗീകരിച്ചില്ല. പെരിയാറെ പോലെ
ഡോ. അംബേദ്ക്കറും യുക്തിക്കും വിമർശനാത്മക ചിന്തയ്ക്കും ശാസ്ത്രീയ വിശകലനത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. മനുഷ്യന്റെ സാമൂഹിക ജീവിതത്തെ യുക്തിപൂർവം വിലയിരുത്തണമെന്നും പാരമ്പര്യത്തിന്റെയും വിശ്വാസ സംഹിതകളുടെയും പേരിൽ അനീതിയെ അംഗീകരിക്കരുതെന്നും അദ്ദേഹം വാദിച്ചു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ അടിത്തറ .
അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രസ്ഥാനങ്ങൾ ജനങ്ങളെ ചോദ്യം ചെയ്യാനും ചിന്തിപ്പിക്കാനും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും പ്രേരിപ്പിച്ചു എന്നത് അവിതർക്കമായ വസ്തുതയാണ്. സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും ഡോ. അംബേദ്ക്കറും പെരിയാറും പുരോഗമനപരമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകളെ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമായി കണ്ട ഇരുവരും സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഒരു പോലെ ഉറച്ചുനിന്നു.
സ്ത്രീകൾക്ക് വിദ്യാഭ്യാസം, സ്വത്തവകാശം, വിവാഹ സ്വാതന്ത്ര്യം, വിവാഹമോചനാവകാശം, സാമൂഹിക അന്തസ്സ് ,ലിംഗ സമത്വം ,തൊഴിലവകാശങ്ങൾ എന്നിവ ലഭിക്കണമെന്ന് ഡോ. അംബേദ്കർ ശക്തമായി വാദിച്ചു.തൻ്റെ പ്രസ്ഥാനത്തിൻ്റെ ആരംഭ കാലം മുതൽ അദ്ദേഹം സ്ത്രീകളെ തൻ്റെ പ്രസ്ഥാനത്തോടൊപ്പം ചേർത്തുനിർത്തുകയും അവരെ നേതൃത്വത്തിലേയ്ക്ക് ഉയർത്തി അവരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു . സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടാതെ സമൂഹത്തിന്റെ പുരോഗതി സാധ്യമല്ലെന്ന് നിരന്തരം വാദിച്ച അദ്ദേഹം ഒരു സമൂഹത്തിൽ സ്ത്രീകൾ ആർജ്ജിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലായിരിക്കണം ആ സമൂഹത്തിൻ്റെ പുരോഗതി വിലയിരുത്തേണ്ടതെന്നും നിരന്തരം ഉദ്ബോധിപ്പിക്കുകയുണ്ടായി.
പെരിയാറാകട്ടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റിയാണ് അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയത് . ബാലവിവാഹം, സ്ത്രീകളുടെ മേലുള്ള സാമൂഹിക നിയന്ത്രണങ്ങൾ, പുരുഷാധിപത്യം, തുടങ്ങിയവയെ അദ്ദേഹം വിമർശിച്ചു. വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം പൗരോഹിത്യത്തെ പൂർണ്ണമായി ഒഴിവാക്കിയുള്ള ലളിതമായ സ്വാഭിമാന വിവാഹങ്ങൾ പോലുള്ള ആശയങ്ങൾ അവതരിപ്പിക്കുകയും സ്ത്രീകൾക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തു.
ഇങ്ങനെ സ്ത്രീമോചനത്തെയും ശാക്തീകരണത്തെയും സാമൂഹിക വിപ്ലവത്തിന്റെ അവിഭാജ്യഘടകമായി കണ്ടതിലും ഇരുവർക്കും ശക്തമായ സാമ്യമുണ്ട്. സാമൂഹിക പുരോഗതിയിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ അടിവരയിട്ട് ഉദ്ബോധിപ്പിച്ച ചിന്തകരായിരുന്നു ഡോ.അംബേദ്ക്കറും പെരിയാറും. അംബേദ്ക്കറുടെ ഏറ്റവും പ്രസിദ്ധമായ ആഹ്വാനമായിരുന്നു പ്രബുദ്ധരാവുക ,പ്രക്ഷുബ്ധരാവുക ,സംഘടിക്കുക (Educate, Agitate, Organize )എന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഏതൊരു സമൂഹത്തിനും പ്രത്യേകിച്ചും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് അവകാശബോധവും ആത്മവിശ്വാസവും നേടാൻ കഴിയുകയുള്ളൂ എന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചു.അതു പോലെ
പെരിയാറും വിദ്യാഭ്യാസത്തെ സാമൂഹിക മോചനത്തിന്റെയും പുരോഗതിയുടെയും പ്രധാന ഉപാധിയായാണ് കണ്ടത്. ജാതിയുടെ അടിസ്ഥാനത്തിൽ ജ്ഞാനസമ്പാദനത്തിനും വിദ്യാഭ്യാസത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സാമൂഹിക ഘടനയെയും മതാധിപത്യ പ്രവണതകളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇരുവരുടെയും കാഴ്ചപ്പാടിൽ വിദ്യാഭ്യാസം വെറും തൊഴിൽ നേടാനുള്ള മാർഗമല്ലായിരുന്നു ,തദ്വാരാ അടിമത്തത്തിൽ നിന്നും ആത്മാഭിമാനത്തിലേയ്ക്കുള്ള, അന്ധതയിൽ നിന്നും വെളിച്ചത്തിലേയ്ക്കുള്ള വഴിതുറക്കലായിരുന്നു .
പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയം ജന്മത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വിവേചനത്തിലേയ്ക്ക് തള്ളിവിടരുത് എന്നതായിരുന്നു. മനുഷിക അന്തസ്സിന് അദ്ദേഹം നൽകിയ പ്രാധാന്യം മഹത്തരവും അനുകരണീയവുമായിരുന്നു. ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയ-സാമൂഹിക ചിന്തയിലും മനുഷ്യന്റെ അന്തസ്സിന് വലിയ സ്ഥാനമാണ് നൽകിയിരുന്നത്.തൻ്റെ പോരാട്ടം സമ്പത്തിനോ അധികാരത്തിനോ വേണ്ടിയുള്ളതല്ലെന്നും അത് മാനുഷികാന്തസ്സിൻ്റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള അനുസ്യൂതമായ പോരാട്ടമാണെന്നും ഡോ.അംബേദ്കർ തന്നെ നിർവചിച്ചിട്ടുള്ളത് സുവിദിതമാണല്ലോ . ജാതിവിവേചനം വ്യക്തിയുടെ ആത്മാഭിമാനത്തെയും ആത്മബോധത്തെയും തകർക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതായത് സ്വാഭിമാനം എന്ന പെരിയാറിന്റെ ആശയവും ഡോ. അംബേദ്ക്കറുടെ മാനുഷികാന്തസ്സ് എന്ന ആശയവും തമ്മിൽ അഗാധമായ സാമ്യം നിലനിൽക്കുന്നതായി കാണാം. ഇരുവരുടെയും പ്രവർത്തനരീതിയിൽ വലിയ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും സാമൂഹിക നീതിക്ക് നിയമപരമായ സംരക്ഷണം ആവശ്യമാണെന്ന ഡോ. അംബേദ്കറുടെ ചിന്ത സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്.
ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ഡോ. അംബേദ്കർ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം , വിവേചന നിരോധനം, സാമൂഹികനീതി എന്നിവയ്ക്ക് ഭരണഘടനയിലൂടെ സംരക്ഷണം നൽകാൻ പ്രയത്നിക്കുകയും അതു യാഥാർഥ്യമാക്കുകയും ചെയ്തു. ഭരണഘടനാധിഷ്ഠിത സാമൂഹിക നീതിയും ഭരണഘടനാ ധാർമ്മികതയും ഭരണഘടനാവാഴ്ചയും ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേഷിതമാണെന്ന് നിരന്തരം ഉദ്ബോധിപ്പിച്ച ഭരണഘടനാ ശില്പിയായിരുന്നു ഡോ.അംബേദ്കർ. എന്നാൽ
പെരിയാറാകട്ടെ സാമൂഹിക പ്രസ്ഥാനങ്ങളിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ജനകീയ മുന്നേറ്റത്തിനാണ് അദ്ദേഹം എപ്പോഴും മുൻഗണന നൽകിയിരുന്നത്. അതായത് ,ഡോ. അംബേദ്കറുടെ സമീപനം നിയമ-ഭരണഘടനാപരമായ സാമൂഹിക പരിവർത്തനം ആയിരുന്നെങ്കിൽ, പെരിയാറുടേത് പ്രധാനമായും ജനകീയ-സാംസ്കാരിക സാമൂഹിക വിപ്ലവം ആയിരുന്നുവെന്നു ചുരുക്കം.
ഡോ. അംബേദ്ക്കറുടെയും പെരിയാറിൻ്റെയും കാലഘട്ടത്തിൽ ദലിത്-ബഹുജൻ - ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിവിധ സാധ്യതകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണേതര, ജാതിവിരുദ്ധ പ്രസ്ഥാനവും ഡോ. അംബേദ്ക്കറുടെ ദലിത് ബഹുജൻ രാഷ്ട്രീയവും തമ്മിൽ രാഷ്ട്രീയമായി ചില സമാനതകൾ ഉണ്ടായിരുന്നു. ബ്രാഹ്മണാധിപത്യത്തെയും ഹിന്ദുത്വ രാഷ്ടീയ ഏകീകരണത്തെയും എതിർത്ത ഡോ.അംബേദ്ക്കറും പെരിയാറും
ജാതിയുടെ അടിസ്ഥാനത്തിലുള്ള അധികാരഘടനയെ തകർക്കാനും പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഭരണത്തിലും രാഷ്ട്രീയത്തിലും പ്രാതിനിധ്യം ഉറപ്പാക്കാനും ഒരു പോലെ ശ്രമിച്ചു. ഇത് പിന്നീട് ഇന്ത്യയിൽ ഉയർന്നുവന്ന സാമൂഹികനീതി രാഷ്ട്രീയത്തിന് വലിയ സ്വാധീനം നൽകുകയുണ്ടായി. സംവരണം, പിന്നാക്കവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധ്യം, സാമൂഹിക നീതി, ജാതിവിരുദ്ധ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ ശക്തമായി പൊതുചർച്ചയിലേക്ക് കടന്നുവരുന്നതിന് ഇതുവഴിയൊരുക്കി. 1940-ൽ പെരിയാറും ജിന്നയും ബോംബെയിൽ ഡോ.അംബേദ്ക്കറെ സന്ദർശിച്ച് ദലിത് - ബഹുജൻ രാഷ്ടീയത്തിൻ്റെ സാധ്യതകളെപ്പറ്റി ചർച്ച നടത്തിയിരുന്നു. 1944 -ൽ ഡോ.അംബേദ്കർ തമിഴ്നാട്ടിൽ സന്ദർശനം നടത്തുമ്പോഴും പെരിയാറു മായി അദ്ദേഹം രാഷ്ടീയ ചർച്ചകൾ നടത്തിയിരുന്നു.
ചുരുക്കത്തിൽ ഡോ. അംബേദ്ക്കറുടെയും പെരിയാറിന്റെയും ചിന്തകളിലും പ്രവർത്തനങ്ങളിലും സാമ്യതകൾ ഉണ്ടായിരുന്നെങ്കിലും നിരവധി വ്യത്യാസങ്ങളും കണ്ടെത്താനാകുമെന്നു സാരം. ജാതി ഉന്മൂലനം ,ബ്രാഹ്മണാധിപത്യ നിഷേധം ,സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം ,ദലിത്-ബഹുജൻ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം ,വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ,യുക്തിവാദം ,സ്ത്രീകളുടെ അവകാശം ,ആത്മാഭിമാനത്തിൻ്റെയും മാനുഷികാന്തസ്സിൻ്റെയും പ്രാധാന്യം, ദലിത്- ബഹുജൻ ജനവിഭാഗങ്ങളുടെ രാഷ്ടീയ ഭാഗധേയം എന്നീ വിഷയങ്ങളിൽ ഡോ.അംബേദ്ക്കറും പെരിയാറും ഒരോ ദിശയിൽ ചിന്തിച്ചിരുന്നതായി കാണാം. അതേ സമയം ഇരുവരുടെയും പ്രവർത്തന ശൈലിയിലും രീതിയിലും
സാമ്യതകൾക്കൊപ്പം വ്യത്യാസങ്ങളും നിലനിന്നിരുന്നതായി കാണാം.ഒന്നാമതായി ഡോ. അംബേദ്കർ ഭരണഘടനാപരമായ ജനാധിപത്യത്തെയും നിയമപരമായ സാമൂഹിക പരിഷ്കാരത്തെയും സാമൂഹിക പരിവർത്തനത്തിൻ്റെ പ്രധാന ഉപാധിയായാണ് കണ്ടത്. പെരിയാറാകട്ടെ ജനകീയ പ്രസ്ഥാനങ്ങൾക്കും സാമൂഹിക ബോധവൽക്കരണത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയത്.
രണ്ടാമതായി 1956-ൽ ഡോ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചപ്പോൾ പെരിയാർ യുക്തിവാദ-നിരീശ്വരവാദ നിലപാടിൽ ഉറച്ച നിൽക്കുക തന്നെ ചെയ്തു എന്നതാണ് .ഡോ.അംബേദ്ക്കറെ പോലെ ഹിന്ദുമതം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കാൻ പെരിയാർ തയ്യാറായില്ല .
മൂന്നാമതായി ഡോ. അംബേദ്കർ ഉയർത്തിയ അധ:സ്ഥിത വർഗ്ഗ പിന്നോക്ക രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിൽ മർദ്ദിത സമൂഹത്തിന്റെ പ്രത്യേക അവകാശങ്ങളും രാഷ്ട്രീയ പ്രതിനിധ്യവും ഉണ്ടായിരുന്നു. പെരിയാറുടെ രാഷ്ട്രീയമാകട്ടെ പ്രധാനമായും ദ്രാവിഡ,ബ്രാഹ്മണേതര ജനവിഭാഗങ്ങളുടെ വിശാലമായ സാമൂഹിക-രാഷ്ട്രീയ ഐക്യത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.
അതു പ്രധാനമായും ദ്രാവിഡവാദത്തിൽ ഉറച്ചു നിൽക്കുന്നതായിരുന്നു. നാലാമതായി ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തെ ഡോ. അംബേദ്കർ ജാഗ്രതയോടെ വിനിയോഗിച്ചപ്പോൾ, ഇന്ത്യൻ ദേശീയതയുടെ ചില രൂപങ്ങളെയും കേന്ദ്രീകൃത രാഷ്ട്രീയ ഘടനകളെയും പെരിയാർ കൂടുതൽ രൂക്ഷമായി വിമർശിച്ചു.എങ്കിലും ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനും ബ്രാഹ്മണാധിപത്യത്തിനുമെതിരെ ജാതിവിരുദ്ധ ,അബ്രാഹ്മണ ദലിത്- ബഹുജൻ രാഷ്ട്രീയ മുന്നേറ്റത്തിന് ആശയപരമായ അടിത്തറ സൃഷ്ടിക്കുന്നതിൽ ഇരുവരും വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്.