കണ്ഡമാല്‍: ദലിത്-ആദിവാസി അതിജീവനങ്ങളെ സഭാനേതൃത്വങ്ങള്‍ പിന്തുണക്കുന്നില്ല

ഒഡീഷയിലെ കണ്ഡമാലില്‍ ദലിത്-ആദിവാസി വംശഹത്യ നടന്നിട്ട് 14 വര്‍ഷം പിന്നിടുകയാണ്. കണ്ഡമാല്‍ കലാപ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രധാന പോരാളികളിലൊരാളാണ് അജയകുമാര്‍ സിങ്. അറിയപ്പെടുന്ന ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ദേശീയ ന്യൂനപക്ഷ കമീഷന്റെ (എന്‍.സി.എം) ന്യൂനപക്ഷ അവകാശദിന പുരസ്‌കാരം നേടിയിട്ടുണ്ട്. അജയ്കുമാര്‍ സിങുമായി റാഷിദ നസ്രിയ നടത്തിയ അഭിമുഖ സംഭാഷണം.

Update: 2022-09-23 06:23 GMT
Click the Play button to listen to article

നിങ്ങളുടെ മുത്തശ്ശിമാര്‍ ആദിവാസികളായിരുന്നുവെന്നും ഡി നോട്ടിഫിക്കേഷനുശേഷമാണ് ദലിതരായി മാറിയതെന്നും കേട്ടിട്ടുണ്ട്?

1948 വരെ എന്റെ മുത്തശ്ശിമാരെ മലയോര ഗോത്രങ്ങളായി പരിഗണിച്ചിരുന്നു. പിന്നീട് ഇന്ത്യാ ഗവണ്‍മെന്റ് പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്തി. ക്രിസ്ത്യാനികളായതിനാല്‍, അവര്‍ പട്ടികജാതി പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.

നിങ്ങളുടെ കുട്ടിക്കാലത്ത് കണ്ഡമാല്‍ എങ്ങനെയുണ്ടായിരുന്നു?

എന്റെ കുട്ടിക്കാലം സമാധാനപരമായിരുന്നു. ഞങ്ങള്‍ എല്ലാവര്‍ക്കിടയിലും ഐക്യവും സഹവര്‍ത്തിത്വവും ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ പുറത്തുപോകുമ്പോഴെല്ലാം അവര്‍ ജാതി വിവേചനം അനുഭവിക്കാറുണ്ടായിരുന്നെങ്കിലും മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ നല്ല യോജിപ്പുണ്ടായിരുന്നു.


നിങ്ങള്‍ എങ്ങനെയാണ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് എത്തിപ്പെട്ടത്?

ഗ്രാമത്തിലെ മുതിര്‍ന്നവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സ്വാഭാവികമായും, സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ഞാനും ആകൃഷ്ടനായി. സെമിനാരിയില്‍ ചേര്‍ന്ന് വൈദികനായെങ്കിലും ജാതി, മത, സാമൂഹിക വേര്‍തിരിവില്ലാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് ദാരിദ്ര്യം കണ്ടു. അതുകൊണ്ട്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് കരുതി. അവിടെ ജാതി വിവേചനവും കാണാമായിരുന്നു. എന്നാല്‍, കണ്ഡമാലിലെ ക്രിസ്ത്യന്‍ വിരുദ്ധ അക്രമത്തിനു ശേഷമാണ് സമൂഹത്തില്‍ മതപരമായ വിവേചനങ്ങള്‍ കാണാന്‍ കഴിഞ്ഞത്. പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചു. സമൂഹത്തെ സേവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൗരോഹിത്യമാണെന്ന തോന്നല്‍ മനസ്സില്‍ വെച്ചുകൊണ്ട്, 1995ല്‍ ഒരു വൈദികനായി. ഒപ്പമൊരു പ്രൊഫഷണല്‍ സാമൂഹിക പ്രവര്‍ത്തകനാകാനും തീരുമാനിച്ചു. 1999 ല്‍ ജെസ്യൂട്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഞാന്‍ എം.ബി.എക്ക് ചേര്‍ന്നു. അതിനുശേഷം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി; കൂടുതലും ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി. ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ക്ക് ശേഷമാണ് സാമുദായിക സൗഹാര്‍ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്.


മതപരിവര്‍ത്തന നിരോധന നിയമം ആദ്യമായി കൊണ്ടുവന്ന-സംസ്ഥാനമാണ് ഒഡീഷ. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഈ ബില്‍ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത്?

അതെ, മതപരിവര്‍ത്തന വിരുദ്ധ നിയമം ആദ്യമായി കൊണ്ടുവന്ന സംസ്ഥാനമാണ് ഒഡീഷ. മതസ്വാതന്ത്ര്യ നിയമം എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. എന്നാല്‍, പ്രയോഗം നേരെ വിപരീതമായാണ്. വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും എതിരായ ആ നിയമം അടിസ്ഥാനപരമായി മനുഷ്യാവകാശങ്ങളെയും മാനുഷിക അന്തസ്സിനെയും ലംഘിക്കുന്നു. ദലിതര്‍ക്കും ആദിവാസികള്‍ക്കും നല്ലതോ ചീത്തയോ എന്താണെന്നറിയാനുള്ള ബോധമോ വകതിരിവോ ഇല്ലെന്നാണ് നിയമത്തിന്റെ മുന്‍വിധി. അവര്‍ക്ക് സ്വന്തം മനഃസാക്ഷി ഇല്ലത്രേ. ഈ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അനുശാസിക്കുന്ന അടിസ്ഥാന മൗലികാവകാശത്തെ ലംഘിക്കുന്നു. ആര്‍ട്ടിക്കിള്‍ 14 മുതല്‍ 25, 28 വരെയുള്ള നിരവധി മൗലികാവകാശങ്ങള്‍, സമത്വത്തിനുള്ള അവകാശം, ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, പൊതു സ്വാതന്ത്ര്യം എന്നിവയും ഇത് ലംഘിക്കുന്നു.


1967-ലാണ് സ്വാമി ലക്ഷ്മണാനന്ദ ഒഡീഷയിലെത്തിയത്. അതിന് മതപരിവര്‍ത്തന വിരുദ്ധ നിയമവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

വാസ്തവത്തില്‍, കടുത്ത വിദ്വേഷ പ്രചാരണത്തിന് നേത്യത്വം നല്‍കിയ ആളാണ് അന്തരിച്ച സ്വാമി. മിഷനറിമാര്‍ സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് ക്രിസ്ത്യന്‍ സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ആരംഭിച്ചതു തന്നെ.

ഒരു അഭിഭാഷകനെന്ന നിലയില്‍, ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെക്കുറിച്ചും ദലിതുകള്‍, മുസ്‌ലിംകള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരിലുള്ള അതിന്റെ നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും നിങ്ങളുടെ വിശകലനം എന്താണ്?

ഒരു അഭിഭാഷകനെന്ന നിലയില്‍, മതപരിവര്‍ത്തന വിരുദ്ധ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശ ലംഘനമാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ ലംഘനവുമാണ്. മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പുവച്ച രാജ്യമാണല്ലോ. ഇവിടെ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. ഇവ വ്യക്തികളുടെ അന്തസ്സിന്റെയും അഭിമാനത്തിന്റേയും പ്രതീകമാണല്ലോ. അടിസ്ഥാന അന്തസ്സും അവകാശങ്ങളും ലംഘിക്കപ്പെട്ടാല്‍ പിന്നെയെന്തുണ്ട് ബാക്കി? മതപരിവര്‍ത്തന വിരുദ്ധ നിയമം അനുസരിച്ച്, ആഗ്രഹിക്കുന്ന മതമോ വിശ്വാസമോ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. പ്രായപൂര്‍ത്തിയായിട്ടും മതം മാറാന്‍ ആഗ്രഹിക്കുന്ന ആളായി നിങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. ഈ നിയമം മനുഷ്യനെ മനുഷ്യത്വമില്ലാത്തവനായി ചുരുക്കുന്നു. പുറമെ രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സുമുണ്ട്. ഓര്‍ഡിനന്‍സ് ആദ്യം ഹിന്ദുക്കള്‍ക്കും പിന്നീട് ബുദ്ധമതക്കാര്‍ക്കും സിഖുകാര്‍ക്കും സംവരണം അനുവദിച്ചു. ഒപ്പം ദലിത് ക്രിസ്ത്യാനികള്‍ക്കും ദലിത് മുസ്‌ലിംകള്‍ക്കും സംവരണം നിഷേധിക്കുകയും ചെയ്തു. അടിസ്ഥാനപരമായി ദലിത് മുസ്‌ലിംകള്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ല. രാജ്യത്തെ തുല്യ പൗരന്മാര്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുകയാണ്. അതിനാല്‍ ഈ രണ്ട് നിയമങ്ങളും യഥാര്‍ഥത്തില്‍ വിവേചനപരവും മനുഷ്യരെ വിഭജിക്കുന്നതുമാണ്.

കണ്ഡമാല്‍ അക്രമത്തെ നിങ്ങള്‍ എങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നത്? ഇന്ത്യന്‍ ചരിത്രത്തിലെ മറ്റ് അക്രമ സംഭവങ്ങളില്‍ നിന്ന് കണ്ഡമാല്‍ വംശഹത്യയുടെ തനതായ സവിശേഷതകള്‍ എന്തൊക്കെയാണ്?

അടിസ്ഥാനപരമായി കാണ്ഡമാല്‍ അക്രമത്തെ മറ്റ് അക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഒന്നാമതായി, ഇത് ഏറ്റവും വിദൂര പ്രദേശത്താണ് നടന്നത്. 300 വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. രണ്ടാമതായി, അക്രമം ആറ് മാസം നീണ്ടുനിന്നു. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടന്ന നിരവധി അക്രമങ്ങളുടെ പരിസമാപ്തിയായിരുന്നു ആ അക്രമ പരമ്പര. ദലിത്, ആദിവാസി വിഭാഗങ്ങളായിരുന്നു അക്രമത്തിന്റെ ഉന്നം. വിദൂരവും മലയോരവുമായ പ്രദേശത്താണ് അക്രമം നടന്നത് എന്നതിനാല്‍ ഭാഗ്യവശാല്‍ ആളുകള്‍ക്ക് ഒളിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. തുറസ്സായ സ്ഥലങ്ങളിലാണ് ഇത് സംഭവിച്ചതെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലുകളും കൂട്ടക്കൊലകളും ഉണ്ടാകുമായിരുന്നു. അക്രമത്തെത്തുടര്‍ന്ന് ഏകദേശം 3300 പരാതികള്‍ ലഭിച്ചതായി കാണാന്‍ കഴിഞ്ഞു. 827 പരാതികള്‍ മാത്രമാണ് സ്വീകരിച്ചത്. 550 എണ്ണത്തില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 200 കേസുകള്‍ കുറ്റത്തിന് സാക്ഷികളില്ലെന്ന് പറഞ്ഞ് തീര്‍പ്പാക്കുകയും ചെയ്തു.


കാണ്ഡമാല്‍ സര്‍വൈവേഴ്‌സ് അസോസിയേഷന്‍, നാഷണല്‍ സോളിഡാരിറ്റി ഫോറം പോലുള്ള ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇത്തരം അക്രമങ്ങള്‍ കുറക്കുന്നതില്‍ എന്ത് പങ്കുവഹിച്ചു?

അതിജീവിച്ചവരില്‍ തങ്ങള്‍ രാജ്യത്തിന്റെ തുല്യ പൗരന്മാരാണെന്ന ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഞങ്ങളുടെ ശ്രമങ്ങള്‍. ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് അവരുടെ അവകാശങ്ങളുണ്ട്. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ മുന്നോട്ട് പോകേണ്ടതുണ്ട്. അതിജീവിച്ചവരുടെ കൂട്ടായ്മ ഒരു പരിധിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരെ സ്മരിക്കുകയും നീതിക്ക് വേണ്ടി ഇപ്പോഴും സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുകയും വേണം. 2012 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 മുതല്‍ 30 വരെ കാണ്ഡമാല്‍ ദിനം ആചരിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വന്നു.

എന്തുകൊണ്ട് ദലിത് ക്രിസ്ത്യാനികളുടെയും ആദിവാസി ക്രിസ്ത്യാനികളുടെയും പ്രശ്‌നം സഭാ നേത്യത്വം ഏറ്റെടുക്കുന്നില്ല?

അക്രമത്തിന്റെ ഇരകളായ ക്രിസ്ത്യാനികള്‍ ദലിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണല്ലോ. അവര്‍ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നു. ഈ സമുദായങ്ങള്‍ക്കിടയിലെ നേത്യത്വത്തെ ദേശീയ-അന്തര്‍ദേശീയ സഭാ നേതാക്കള്‍ അംഗീകരിക്കുന്നില്ല. അവരുടെ ശബ്ദങ്ങള്‍ക്കും പ്രാതിനിധ്യത്തിനും കാര്യമില്ലത്രേ. തീര്‍ച്ചയായും, മുഖ്യധാരാ നേത്യത്വത്തിന് ഒരു ഔപചാരിക ഐക്യദാര്‍ഢ്യം ഉണ്ട്; എന്നാല്‍, ഉണ്ടായ നാശനഷ്ടങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും അവരുടെ പിന്തുണ തുച്ഛമാണ്. ചര്‍ച്ച് ഗ്രൂപ്പുകള്‍ക്ക് പുറമെ എല്ലാ ഭാഗത്തുനിന്നും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രതീക്ഷിക്കുന്നു.


ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും പീഡിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു. ഇരുവരും ഹിന്ദുത്വ വര്‍ഗീയതയുടെ ഇരകളാണ്. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗങ്ങളുടെ ഐക്യത്തിന്റെ സാധ്യത എത്രമാത്രമുണ്ട്?

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഐക്യത്തിന് വേറെ ബദലില്ല. ക്രിസ്ത്യന്‍, മുസ്‌ലിം, ദലിത്, ആദിവാസി സ്ത്രീകള്‍ എന്നിവര്‍ക്ക് ഇടമേ ഇല്ലാത്ത ഹിന്ദു രാഷ്ട്രത്തിന്റെ അജണ്ട അടിച്ചേല്‍പിക്കുന്ന ആക്രമണങ്ങളുടെ ആഘാതം അവര്‍ ഒരേ പോലെ അഭിമുഖീകരിക്കുന്നു. അതുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഒന്നിച്ച് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അവര്‍ തമ്മില്‍ തമ്മില്‍ സഹകരണവും കൂട്ടായ പരിശ്രമവും ആവശ്യമാണ്. ഒറ്റയൊറ്റയായാല്‍ അവരുടെ ഭാവി കൂടുതല്‍ മോശമാകും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റാഷിദ നസ്രിയ

Writer

Similar News