അങ്കമാലി ഡയറീസും ലിജോ ജോസ് പെല്ലിശ്ശേരിയും ഇനി ബോളിവുഡിലേക്ക്

എയര്‍ലിഫ്ട്, മിത്രോം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്‍റെ ഹിന്ദി പകര്‍പ്പവകാശം നേടിയിരിക്കുന്നത്.

Update: 2018-10-09 11:36 GMT

86 പുതുമുഖങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച് കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. എയര്‍ലിഫ്ട്, മിത്രോം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്‍റെ ഹിന്ദി പകര്‍പ്പവകാശം നേടിയിരിക്കുന്നത്. സിനിമയിലൂടെ ബോളിവുഡില്‍ തന്‍റെ ആദ്യ ചുവട് വക്കാനൊരുങ്ങുകയാണ് സംവിധായകനായ ലിജോ. പക്ഷെ, ഇത്തവണ സംവിധായക വേഷത്തിലല്ല, സിനിമയുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്‍റിന്‍റെ റോളിലാണെന്ന് മാത്രം. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ചിത്രം വമ്പന്‍ വിജയമാണ് മലയാളത്തില്‍ നേടിയത്.

Advertising
Advertising

86 പുതു മുഖങ്ങൾ, മുൻ മാതൃകകളില്ലാത്ത ആഖ്യാനം, 11 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒറ്റ ടേക്കിൽ പൂർത്തിയാക്കിയ ക്ലെമാക്സ് തുടങ്ങി നിരവധി പുതുമയുള്ള ഒരു മാസ്റ്റർ ക്ലാസാണ് ചിത്രം
വിക്രം മല്‍ഹോത്ര

വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന സിനിമകളിലൊന്നായ അങ്കമാലി ഡയറീസിനെ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ താന്‍ സന്തുഷ്ടനാണെന്നും മലയാളികൾ അല്ലാത്തവരെ പോലും വിസ്മയിപ്പിച്ച സിനിമയാണ് അങ്കമാലി ഡയറീസെന്നും വിക്രം മല്‍ഹോത്ര പറഞ്ഞു. 86 പുതു മുഖങ്ങൾ, മുൻ മാതൃകകളില്ലാത്ത ആഖ്യാനം, 11 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒറ്റ ടേക്കിൽ പൂർത്തിയാക്കിയ ക്ലെമാക്സ് തുടങ്ങി നിരവധി പുതുമയുള്ള ഒരു മാസ്റ്റർ ക്ലാസാണ് ചിത്രമെന്നും മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ പ്രാധാന്യം നിറഞ്ഞ വിഷയങ്ങള്‍ വിനോദവുമായി സമന്വയിപ്പിച്ച് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന വിക്രം മല്‍ഹോത്ര ഈ ചിത്രം ഹിന്ദിയില്‍ ചെയ്യുന്നതിനേക്കാള്‍ സന്തോഷം തനിക്ക് വേറെയില്ലെന്നും വലിയ വിഭാഗം പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ലിജോ വാര്‍ത്തയോട് പ്രതികരിച്ചു.

മലയാളത്തില്‍ സ്വന്തമാക്കിയ വലിയ വിജയത്തിന് ശേഷം മറ്റ് പല ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ വിശ്വക് സെന്നാണ് നായകനായെത്തുന്നത്. മറാത്തിയില്‍ ചിത്രം കോലാപ്പൂര്‍ ഡയറീസ് എന്ന പേരിലായിരിക്കും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക.

Tags:    

Similar News