കത്വ പെൺകുട്ടി പീഡനത്തിനിരയായെന്ന് ഡോക്ടർമാർ; കൊന്നത് ശ്വാസം മുട്ടിച്ച് 

Update: 2018-09-09 14:43 GMT
Advertising

കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി പെൺകുട്ടിയെ പ്രതികൾ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടത്തിയ ഡോക്ടർമാർ കോടതിയിൽ പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുമ്പ് പെൺകുട്ടി തുടർച്ചയായി പീഡനത്തിനിരയായതായാണ് ഡോക്ടർമാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

2018 ജനുവരി 17 നാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസിൽ അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടി സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ക്രൂരമായി പീഢിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നു എന്നും കണ്ടെത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥനടക്കം എട്ടു പേരെ പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിൽ ഇതുവരേക്കും 54 സാക്ഷികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് തങ്ങളുടെ പ്രസ്താവന സമർപ്പിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ ചോപ്ര പറഞ്ഞു.

പത്താൻകോട്ട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി തേജ്‌വീന്ദർ സിംഗാണ് കേസിൽ വാദം കേൾക്കുന്നത്. ഇരയുടെ കുടുംബത്തിന്റെ ഹരജിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മു കശ്മീരിൽ നിന്നും പത്താന്കോട്ടിലേക്ക് മാറ്റിയത്.

സഞ്ചി റാം, അയാളുടെ മകൻ വിശാൽ, മറ്റൊരു അനന്തരവൻ, രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരേന്ദർ വർമ്മ, അവരുടെ സുഹൃത്തായ പർവേശ് കുമാർ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടിയെ സഞ്ചി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിൽ ദിവസങ്ങളോളം തടവിലിടുകയും ലഹരി നൽകി അബോധാവസ്ഥയിലാക്കി കിടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യ പ്രതിയായ സഞ്ചി റാം, പെൺകുട്ടിയുടെ സമുദായത്തിൽ പെട്ടവരെ കശ്മീരിൽ നിന്നും ആട്ടിപ്പായിക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ നിർണ്ണായക തെളിവുകൾ നശിപ്പിക്കാൻ സഞ്ചി റാമിന്റെ കയ്യിൽ നിന്നും 4 ലക്ഷം രൂപ വാങ്ങി എന്ന കുറ്റത്തിന് ഹെഡ് കോൺസ്റ്റബിൾ തിലക് രാജിനെയും സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്തയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരെ രണ്ട് പേരെയും പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഡോക്ടർമാരുടെ മൊഴി കേസിൽ പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദത്തെ സ്ഥിരീകരിക്കുന്നതാണെന്ന് ജെ.കെ ചോപ്ര പറഞ്ഞു.

Tags:    

Similar News