നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു

തീ പടരുന്ന വിവരം ബൈക്ക് യാത്രികനാണ് ബസ് ഡ്രൈവറെ അറിയിച്ചത്

Update: 2024-05-18 02:44 GMT

നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. 24 ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. 60 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്.

തീപിടിച്ച വിവരം അറിഞ്ഞ് താൻ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടതായി ബസ്സിലുണ്ടായിരുന്ന വയോധിക ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു.

അപ്പോഴേക്കും തീ അടിയിൽ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടർന്നു കഴിഞ്ഞു. ഞാൻ മുൻ സീറ്റുകളിലൊന്നിൽ ഇരുന്നതിനാലാണ് പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും വൃദ്ധ പറഞ്ഞു. ബസിനുള്ളിൽ യാത്രക്കാരിലേറെയും തന്റെ ബന്ധുക്കളാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏഴെട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

ബസിന്റെ ജനൽചില്ലകൾ തകർത്ത് പത്തോളം പേ​രെ രക്ഷിക്കാൻ കഴിഞ്ഞതായി അപകടസ്ഥലത്ത് കടനടത്തുന്ന ഒരാൾ പറഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തനത്തിന് മുന്നേ ബസിനെ തീ വിഴുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News