ആര്‍ജെഡിക്ക് യുവമുഖം; തേജസ്വി യാദവ് ദേശീയ വര്‍ക്കിങ് പ്രസിഡൻ്റ്
പട്‌നയില്‍ ചേര്‍ന്ന ആര്‍ജെഡി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തേജസ്വിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്
പാട്‌ന: ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തേജസ്വി യാദവിനെ നിയമിച്ചു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമാണ് തേജസ്വി. പട്‌നയില്‍ നടന്ന ആര്‍ജെഡി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തേജസ്വിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ആര്‍ജെഡി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ലാലു പ്രസാദ് യാദവാണ് തേജസ്വിയെ വര്‍ക്കിങ് പ്രസിഡൻ്റ് സ്ഥാനത്ത് നിയമിച്ചത്.
പാര്‍ട്ടിയില്‍ നിര്‍ണായക ശക്തിയായി മാറിയ തേജസ്വിയുടെ നിയമനത്തില്‍ കാര്യമായ എതിര്‍പ്പുകളൊന്നുമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം, പാര്‍ട്ടി ചിഹ്നം തുടങ്ങിയ തര്‍ക്കങ്ങളിലെല്ലാം തേജസ്വിയുടെ തീരുമാനം നിര്‍ണായകമായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് പദവിയിലെത്തുന്നതോടെ സംഘടനാപരമായ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും.
കഴിഞ്ഞ 28 വര്‍ഷമായി ലാലു പ്രസാദ് യാദവാണ് ആര്‍ജെഡി ദേശീയ അധ്യക്ഷന്‍. 1997ലാണ് ലാലു പ്രസാദ് ആദ്യമായി ആര്‍ജെഡി ദേശീയ പ്രസിഡന്റായത്. 2025 ജൂണില്‍ പതിമൂന്നാം തവണയും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൊതുവേദികളില്‍ സജീവമല്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചത്.
മൂത്ത മകന്‍ തേജ് പ്രതാപിനെ ആര്‍ജെഡിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മികച്ച നേതൃശേഷിയും സംഘാടനശേഷിയുമുള്ള തേജസ്വിയെയാണ് ലാലുവിന്റെ പിന്‍ഗാമിയായി നേരത്തെ മുതല്‍ കണക്കാക്കിയിരുന്നത്. 36കാരനായ തേജസ്വിയുടെ നേതൃത്വത്തിലാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ആര്‍ജെഡി നേരിട്ടത്.