പഴയ റേഡിയോ സെറ്റുകൾക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു നമുക്ക്. ദൂരദർശനോ ഇന്റർനെറ്റോ ഇല്ലാതിരുന്ന ആ കാലത്ത്, ലോകം എങ്ങനെ ചിന്തിക്കുന്നു എന്നും നമ്മുടെ രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നും അറിയാൻ ഇന്ത്യക്കാർ കാതോർത്തിരുന്നത് ആ ഒരു ശബ്ദത്തിനായിരുന്നു. 'ദിസ് ഈസ് മാർക്ക് ടുള്ളി, ബിബിസി, ഡൽഹി...' എന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഉറപ്പുണ്ട്; അത് സത്യമായിരിക്കും എന്ന ഉറപ്പ്. ഇന്ത്യയിൽ ജനിച്ച്, ഇന്ത്യയെ പ്രാണനെപ്പോലെ സ്‌നേഹിച്ച ആ വലിയ മനുഷ്യന്റെ വിടവാങ്ങൽ മറിച്ച് ഒരു കാലഘട്ടത്തിന്റെ തന്നെ അവസാനമാണ്.
ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ ഒരു യുഗത്തിനാണ് മാർക്ക് ടുള്ളിയുടെ വിടവാങ്ങലിലൂടെ അന്ത്യമാകുന്നത്. ബിബിസിയുടെ ഇന്ത്യയിലെ മുഖമായിരുന്ന അദ്ദേഹം, വെറുമൊരു വിദേശ പത്രപ്രവർത്തകൻ എന്നതിലുപരി ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ടിവി ചാനലുകളുടെ ബഹളമില്ലാതിരുന്ന കാലത്ത്, വൈകുന്നേരങ്ങളിൽ റേഡിയോയ്ക്ക് ചുറ്റും കൂടിയിരുന്ന സാധാരണക്കാർക്ക് ലോകവിവരങ്ങൾ എത്തിച്ചിരുന്ന വിശ്വസ്തനായ സുഹൃത്തായിരുന്നു അദ്ദേഹം. തന്റെ ഗാംഭീര്യമുള്ള ശബ്ദത്തിലൂടെയും വസ്തുനിഷ്ഠമായ റിപ്പോർട്ടിങിലൂടെയും 'ടുള്ളി സാഹിബ്' ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കി.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പല നിമിഷങ്ങൾക്കും അദ്ദേഹം സാക്ഷിയായി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തി. പിന്നീട് ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഇന്ദിരാഗാന്ധിയുടെ വധം തുടങ്ങിയ വലിയ സംഭവങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഭരണകൂടങ്ങളുടെ സമ്മർദത്തിന് വഴങ്ങാതെ, വാർത്തകളിലെ സത്യസന്ധത കാത്തുസൂക്ഷിച്ചു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്.
ബാബരി മസ്ജിദ് തകർച്ചയുൾപ്പെടെയുള്ള സംഘർഷഭരിതമായ സാഹചര്യങ്ങളിലും മാർക്ക് ടുള്ളി കാണിച്ച പക്വത ശ്രദ്ധേയമായിരുന്നു. അയോധ്യയിലെ തെരുവുകളിൽ നിന്ന് തത്സമയം വാർത്തകൾ നൽകുമ്പോൾ പോലും യാതൊരു പക്ഷപാതവുമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അയോധ്യയിലെ സംഘർഷത്തിനിടയിൽ പ്രകോപിതരായ കർസേവകർ അദ്ദേഹത്തെ ഒരു മുറിയിൽ പൂട്ടിയിടുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പള്ളി തകർക്കുന്ന ദൃശ്യങ്ങൾ ലോകം കാണാതിരിക്കാൻ മാധ്യമപ്രവർത്തകരെ അക്രമിക്കുന്നതിനിടയിലാണ് ടള്ളിയും കുടുങ്ങിയത്. ഒടുവിൽ വേഷപ്രച്ഛന്നനായി, ഒരു സന്യാസിയുടെ ഷാൾ പുതച്ചാണ് അദ്ദേഹം അന്ന് അവിടെ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തന്റെ ജീവൻ പോലും പണയപ്പെടുത്തി സത്യം വിളിച്ചുപറയാൻ അദ്ദേഹം കാണിച്ച ആർജ്ജവം അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പത്രപ്രവർത്തകനാക്കി. ഇന്ത്യയുടെ സങ്കീർണമായ ജാതി-മത രാഷ്ട്രീയത്തെയും ഗ്രാമീണ ജീവിതത്തെയും അത്രമേൽ ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു വിദേശ പത്രപ്രവർത്തകൻ ഉണ്ടാവില്ല. ഇന്ത്യയെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങളെല്ലാം തന്നെ ഈ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും നിരീക്ഷണ പാടവവും വിളിച്ചോതുന്നവയാണ്.
അദ്ദേഹത്തിന്റെ വിഖ്യാതമായ 'നോ ഫുൾ സ്റ്റോപ്‌സ് ഇൻ ഇന്ത്യ' എന്ന പുസ്തകം ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും മികച്ച പഠനങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയെ ഒരു പാശ്ചാത്യ കണ്ണടയിലൂടെ നോക്കിക്കാണുന്നതിന് പകരം, ഇവിടുത്തെ വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും അതിന്റെ തനിമയോടെ ഉൾക്കൊള്ളാൻ ആ പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിച്ചു. ഇന്ത്യയുടെ വളർച്ച ഒരിക്കലും നിശ്ചലമാകുന്നില്ലെന്നും അത് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സമർഥിച്ചു. കൂടാതെ 'അമൃത്സർ: മിസിസ് ഗാന്ധിസ് ലാസ്റ്റ് ബാറ്റി', 'ഇന്ത്യ ഇൻ സ്ലോമോഷൻ' തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ ഇന്ത്യൻ രാഷ്ട്രീയത്തെയും സാമൂഹിക വ്യവസ്ഥയെയും കൃത്യമായി വിശകലനം ചെയ്യുന്നവയാണ്.
പത്രപ്രവർത്തനത്തിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഇന്ത്യ അദ്ദേഹത്തെ പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ഒരു ബ്രിട്ടീഷുകാരനായി ജനിച്ചെങ്കിലും ഇന്ത്യയെ തന്റെ കർമഭൂമിയായും വീടായും തെരഞ്ഞെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. റിപ്പോർട്ടിങിലെ നിഷ്പക്ഷതയും ലളിതമായ ശൈലിയും അദ്ദേഹത്തെ ഒരു മാതൃകയാക്കി മാറ്റി. 'വോയിസ് ഓഫ് ബിബിസി' എന്നറിയപ്പെട്ടിരുന്ന ആ ശബ്ദം ഇനി നിശബ്ദമാകാം, പക്ഷേ ഇന്ത്യൻ ചരിത്രത്തിലെ ഓരോ സുപ്രധാന ഏടുകളിലും മാർക്ക് ടുള്ളി എന്ന പേര് എന്നും അടയാളപ്പെടുത്തപ്പെട്ടിരിക്കും. സത്യസന്ധമായ പത്രപ്രവർത്തനത്തിന്റെ ആ വലിയ ശബ്ദത്തിന് ആദരാഞ്ജലികൾ.