പീസ്സ ഷോപ്പില്‍ ഒരുമിച്ചിരുന്നത് ഹിന്ദുത്വവാദികള്‍ ചോദ്യംചെയ്തു; രണ്ടാംനിലയില്‍ നിന്ന് ചാടി യുവാവും യുവതിയും

ചിലര്‍ ഇവരുടെ വീഡിയോ പകര്‍ത്താനും അപമര്യാദയായി പെരുമാറാനും തുടങ്ങി. ഇതോടെ ഭയന്ന പെണ്‍കുട്ടി രണ്ടാംനിലയുടെ ജനാലയിലൂടെ പുറത്തുചാടി

Update: 2026-01-25 11:24 GMT

വീഡിയോ ദൃശ്യത്തില്‍ നിന്ന്

ലഖ്‌നൗ: യുപിയിലെ ഷാജഹാന്‍പുരില്‍ ഹിന്ദുത്വവാദികളുടെ അക്രമത്തെ തുടര്‍ന്ന് പീസ്സ ഔട്ട്‌ലെറ്റിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടിയ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനയിലെ എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ: 21കാരനായ യുവാവും 19കാരിയും ബറേലിക്ക് സമീപത്തെ ഒരു പീസ്സ ഔട്ട്‌ലെറ്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കവേ, ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളായ എട്ടോളം പേര്‍ കടയിലെത്തി ഇരുവരെയും ചോദ്യംചെയ്യാന്‍ തുടങ്ങി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും മതം ഏതാണെന്ന് ഉള്‍പ്പെടെ ചോദിച്ചു. തങ്ങള്‍ ഹിന്ദുക്കളാണെന്ന് ഇരുവരും പറഞ്ഞു. ഇതിനിടെ, അംഗങ്ങളില്‍ ചിലര്‍ ഇവരുടെ വീഡിയോ പകര്‍ത്താനും അപമര്യാദയായി പെരുമാറാനും തുടങ്ങി. ഇതോടെ ഭയന്ന പെണ്‍കുട്ടി രണ്ടാംനിലയുടെ ജനാലയിലൂടെ പുറത്തുചാടി. പെണ്‍കുട്ടിയെ രക്ഷിക്കാനായി പിന്നാലെ യുവാവും ചാടി. സാരമായി പരിക്കേറ്റ ഇരുവരും ചികിത്സയില്‍ തുടരുകയാണ്.

Advertising
Advertising

വിശാല്‍ എന്ന യുവാവാണ് പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്നതെന്നും ഇയാളുടെ പരാതിയിലാണ് ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതെന്നും എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. പ്രവേശ്, സോനു, ഹര്‍ഷിത് എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരയുമാണ് കേസ്.

അതേസമയം, നഗരത്തിലെ എല്ലാ പീസ്സ ഔട്ട്‌ലെറ്റുകളിലും പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. എല്ലാ കടകളോടും കാബിനുകള്‍ നീക്കാനും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും സുതാര്യമായ ഗ്ലാസ് പാനലുകള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിരിക്കുകയാണ് പൊലീസ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News