സിവില്‍ സര്‍വീസ് പരീക്ഷയിലെ മാറ്റങ്ങള്‍; അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു
2011-ലായിരുന്നു യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷക്കൊപ്പം അഭിരുചി പരീക്ഷ കൊണ്ടുവന്നത്
2011 - 15 കാലയളവില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ കേന്ദ്രം പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍ വിവേചനപരമായ സമീപനം തുടരുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. യു.പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തിയ ഐക്യദാർഢ്യ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
2011-15 കാലയളവിലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വരുത്തിയ മാറ്റങ്ങള്‍ നിരവധി പേരുടെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് ആസ്പിരന്റ്‌സ് ഫോറം ആരോപിക്കുന്നത്. ഇക്കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നാണ് ആവശ്യം.
അഭിരുചി പരീക്ഷയിലെ പാകപ്പിഴകള്‍ മൂലം അവസരം നഷ്ടപ്പെട്ടവരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എം.പി.മാരായ ഡി.രാജ, മനോജ് ഝാ, ബി.കെ ഹരിപ്രസാദ്, ടി.കെ.എസ്.ഇളങ്കോവന്‍, തിരുച്ചി ശിവ എന്നിവര്‍ അറിയിച്ചു.
2011-ലായിരുന്നു യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷക്കൊപ്പം അഭിരുചി പരീക്ഷ കൊണ്ടുവന്നത്. ഇംഗ്ലീഷ്, കണക്ക്, ശാസ്ത്ര വിഷയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. ഇത് പിന്നാക്ക മേഖലകളില്‍ നിന്നുള്ളവര്‍ക്കും മാനവിക വിഷയങ്ങള്‍ പഠിച്ചവര്‍ക്കും തിരിച്ചടിയായി. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം പഠിക്കാനായി അരുണ്‍ നിഗ്വേക്കര്‍ കമ്മിറ്റിയെ നിയോഗിച്ചു. പ്രാഥമിക പരീക്ഷ എളുപ്പമാക്കി, മെയിന്‍ പരീക്ഷയില്‍ ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു അരുണ്‍ നിഗ്വേക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. തുടര്‍ന്ന് 2013-ല്‍ യു.പി.എസ്.സി സിലബസില്‍ വീണ്ടും മാറ്റംവരുത്തി. രണ്ടുവര്‍ഷം കഴിഞ്ഞ് അഭിരുചി പരീക്ഷയുടെ ഘടന കൂടി മാറ്റിയത് തയ്യാറെടുപ്പുകളെ സാരമാധി ബാധിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.