‘ഭരണഘടനക്ക് പകരം മനുസ്മൃതി ആധാരമാക്കിയാണ് രാജ്യം ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത്’; രാധിക വെമുല
ഹൈദരാബാദ് സര്‍വകലാശാല അധിക്യതരുടെ ജാതി പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മൂന്നാം ചരമ വാര്‍ഷികത്തിന് സര്‍വകലാശാല സാക്ഷ്യം വഹിച്ചു
അധികൃതരുടെ ജാതി പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മൂന്നാം ചരമ വാര്‍ഷികത്തിന് ഹൈദരാബാദ് സര്‍വകലാശാല സാക്ഷ്യം വഹിച്ചു. രോഹിത്തിന്റെ അമ്മ രാധിക വെമുല, നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി.
രോഹിത്ത് കൊലപ്പെടാനുള്ള ഏകകാരണം ജാതിയാണ്. രോഹിത് അനുഭവിച്ചതിന്റെ മുഴുവന്‍ കാരണക്കാര്‍ അപ്പറാവുവാണെന്ന് അമ്മ രാധിക വെമുല പറഞ്ഞു. ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടികൾ ഭരണഘടനക്കു പകരം മനുസ്മൃതി ആധാരമാക്കിയാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്ഷോഭത്തെ അതിന്റെ ലക്ഷ്യത്തിലെത്തിക്കാതെ നമ്മൾ അവസാനിപ്പിക്കാൻ തയ്യാറല്ല. വൈസ് ചാൻസ്‍ലർ അപ്പറാവുവിനെ പുറത്താക്കാതെ നമ്മൾ ഈ സമരത്തിൽ നിന്നും പിന്നോട്ടുപോവുകയില്ലെന്നും അവർ കൂട്ടിചേർത്തു.
ഈ സമരം രണ്ട് ഉമ്മമാരുടെ സമരമല്ലെന്നും സമൂഹത്തിൽ നിന്നും ഇല്ലാതാക്കികൊണ്ടിരിക്കുന്ന സമുദായങ്ങളുടെ അതിജീവനത്തിന്റെ പോരാട്ടമാണെന്നും നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറഞ്ഞു. അവർ വിചാരിച്ചിരിക്കുന്നത് കരഞ്ഞ് കരഞ്ഞ് ഞങ്ങളുടെ കണ്ണ് വരണ്ടുപോയിരിക്കുന്നു എന്നാണ്. എന്നാൽ ഞങ്ങളുടെ കണ്ണുകൾ തിളങ്ങികൊണ്ടിരിക്കുകയാണ്. അവർ പറയുന്നത് മോഡി വരുന്നു എന്നാണ് എന്നാൽ ഞങ്ങൾക്ക് പറയാനുള്ളത് മോഡി പോയികൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ സാവിത്രി ഫൂലെക്കൊപ്പം ഫാത്തിമ ശൈഖ് നിലകൊണ്ട പോലെ ഞാൻ ഈ സമരത്തിൽ രാധിക വെമുലയോടൊപ്പം നിലകൊള്ളുമെന്നും അവർ കൂട്ടിചേർത്തു.
പരിപാടിയിൽ മധാരി രാജു, അനൂപ് കുമാർ, പ്രണോയിയുടെ പിതാവ് പെരുമല്ല ബാലരാജു, ഭീം റാവു, ഡോ. കെ.വൈ.രത്നം, ജെ.ബി. രാജു, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കൂടാതെ രാജ്യത്തെ പല ക്യാമ്പസുകളിൽ നിന്നും ഒട്ടനവധി വിദ്യാർത്ഥികളും രോഹിത്തിന്റെ രാഷ്ട്രീയത്തോട് ഐക്യപ്പെട്ട് ക്യാമ്പസിലെത്തിയിരുന്നു.
മൂന്ന് വർഷം മുമ്പ് 2016 ജനുവരി 17നാണ് ജാതീയ പീഡനത്തിനൊടുവിൽ രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. വ്യവസ്ഥാപിത കൊലപാതകത്തിന് ശേഷം രോഹിത്തിന് നീതി തേടിയുള്ള സമരത്തെ വൻ പൊലീസ് സന്നാഹങ്ങളെ ഉപയോഗിച്ചായിരുന്നു അധികാരികളും പൊലീസും നേരിട്ടിരുന്നത്. രാജ്യത്തുടനീളം ജാതി വിരുദ്ധ പ്രക്ഷോഭത്തെ നയിച്ചുകൊണ്ടിരിക്കുന്നത് ഈ ഉമ്മമാരാണെന്നും നമ്മള്‍ എല്ലാ ജാതിമേല്‍കോയ്മകളെയും അതിജീവിക്കുമെന്നും വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.