‘വ്യോമാക്രമണത്തിന് ശേഷം 22 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കും’; യെദിയൂരപ്പക്കെതിരെ വിമര്‍ശനവുമായി നേതാക്കള്‍

പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിൽ നിന്ന് തന്നെ യെദിയൂരപ്പെക്കിതെരെ വിമർശനമുയർന്നിരുന്നു 

Update: 2019-03-01 07:32 GMT
Advertising

രാജ്യം ഭീകരാക്രമണത്തിനും യുദ്ധ ഭീതിയിലും നിൽക്കെ വില കുറഞ്ഞ രാഷ്ട്രിയ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് യെദിയൂരപ്പെക്കെതിരെ കടുത്ത വിമർശനവുമായി രാഷ്ട്രീയ വൃത്തങ്ങൾ. ബാലകോട്ട് ആക്രമണത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 22ലധികം സീറ്റുകൾ ലഭിക്കുമെന്നായിരുന്നു മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ യെദിയൂരപ്പ പറഞ്ഞത്.

പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിൽ നിന്ന് തന്നെ യെദിയൂരപ്പക്കെതിരെ വിമർശനമുയർന്നിരുന്നു. വിവാദ പ്രസ്താവന ഏറ്റുപിടിച്ച പാക് മാധ്യമങ്ങൾ, ആക്രമണം തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ളതായിരുന്നു എന്ന് പ്രചാരണം നടത്തുകയുണ്ടായി. സെെനികരുടെ ജീവൻ വെച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതാണ് ബി.ജെ.പിയുടെ രീതിയെന്ന് പറഞ്ഞ ആംആദ്മി നേതാവ് അരവിന്ദ് കെജ്‍രിവാൾ, 300ലധികം സീറ്റുകൾ നേടാൻ ഇനിയും എത്ര പേർ ബി.ജെ.പിക്ക് രക്തസാക്ഷികളാവണം എന്നും ചോദിച്ചു.

യെദിയൂരപ്പക്കെതിരെ ബി.ജെ.പി കേന്ദ്രമന്ത്രി വി.കെ സിംഗും രംഗത്ത് വന്നു. യെദിയൂരപ്പ പ്രസ്താവന തിരുത്തണമെന്ന് പറഞ്ഞ സിംഗ്, രാജ്യത്തിന്റെയും പൗരൻമാരുടെയും സുരക്ഷ മുൻ നിർത്തി നടത്തിയ ആക്രമണത്തെ രാഷ്ട്രിയവത്ക്കരിക്കരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആകെ 28 ലോക്സഭ സീറ്റുകളാണ് കർണാടകയിൽ ഉള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്, ഭീകരാക്രമണത്തെ തുടർന്ന് നിലവിൽ വന്ന സാഹചര്യത്തിൽ 22ലധികം സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞത്.

Tags:    

Similar News