കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നു; സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുത്തു 

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ അര്‍ഷാദ് അഹമ്മദ് ഖാന്‍റെ കുടുംബത്തെ അമിത് ഷാ സന്ദര്‍ശിച്ചു.

Update: 2019-06-27 16:45 GMT
Advertising

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ യുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നു. സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തുന്നതിനായി ഗവര്‍ണര്‍ സത്യപാല്‍ മല്ലികുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തി. അമര്‍നാഥ് തീര്‍ത്ഥാടന യാത്രയുടെ പശ്ചാത്തലത്തില്‍ ഇന്നലെ സുരക്ഷ വിലയിരുത്തിയ അമിത് ഷാ ഇന്ന് സംസ്ഥാനത്തെ ആകെ സുരക്ഷ വിലയിരുത്താനുള്ള വിശദമായ യോഗമാണ് വിളിച്ച് ചേര്‍ത്തത്.

ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സംസ്ഥാനത്തെ സുരക്ഷ സംബന്ധിച്ച് വിലയിരുത്തല്‍ ഉയര്‍ന്ന ഇന്‍റലിജന്‍സ്, സൈനീക ഉദ്യോഗസ്ഥര്‍ എന്നിവര‍് ആഭ്യന്തരമന്ത്രിക്ക് മുന്‍പാകെ അവതരിപ്പിച്ചു. ജമ്മുകാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളോട് വിട്ടുവീഴ്ചയില്ലാത്തെ സമീപനമാണ് സര്‍ക്കാരിനെന്ന് യോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാനത്ത് ഭീകരരാല്‍ കൊല്ലപ്പെട്ട ബി.ജെ.പി , പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരുടെ കുടംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അര്‍ഷാദ് ഖാന്‍റെ കുടംബവുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തി. അനന്ത്നാഗില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12 ന് നടന്ന ഭീകരാക്രമണത്തിലാണ് അര്‍ഷാദ് ഖാന്‍ കൊല്ലപ്പെട്ടത്. രാജ്യത്തിന്‍റെ സുരക്ഷക്കായുള്ള അര്‍ഷദ് ഖാന്‍റെ ജീവത്യാഗത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. അര്‍ഷാദ് ഖാന്‍റെ ഭാര്യക്ക് സംസ്ഥാന സര്‍ക്കാരില്‍ നല്‍കുന്ന ജോലിയുടെ നിയമന ഉത്തരവും അദ്ദേഹം കൈമാറി. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമിത് ഷാ ഇന്ന് മടങ്ങും.

Tags:    

Similar News