പൗരത്വ നിയമ ഭേദഗതി: ഡൽഹി സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധം തടസ്സപ്പെടുത്താന്‍ എ.ബി.വി.പി പ്രവർത്തകരോടൊപ്പം കോളജ് പ്രിൻസിപ്പളും 

Update: 2020-01-16 08:11 GMT
Advertising

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഡൽഹി സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധം തടസ്സപ്പെടുത്തിയ എ.ബി.വി.പി പ്രവർത്തകരോടൊപ്പം കോളജ് പ്രിൻസിപ്പളും രംഗത്തെത്തിയത് വിവാദമാകുന്നു. ഇന്നലെ രാംജാസ് കോളജിൽ യങ് ഇന്ത്യ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയാണ് പ്രിൻസിപ്പൽ മനോജ് കുമാർ ഖന്ന കൂടി ഇടപെട്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചത്.

അതേസമയം കാമ്പസിൽ സംഘടിച്ച് റോന്ത് ചുറ്റിയ എ.ബി.വി.പി പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ പ്രിൻസിപ്പൽ പൊലീസിനെ വിളിച്ചു വരുത്തിയെന്നും ആക്ഷേപമുണ്ട്. എ.ബി.വി.പി പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പൽ കൂടെ നിന്ന് പരിപാടി അവസാനിപ്പിക്കാൻ പറയുന്നതിന്റെ ദൃശ്യങ്ങളും വൈറലാവുകയാണ്. ആക്രമണം ഭയന്ന വിദ്യാർഥികൾ പരിപാടി വെട്ടിച്ചുരുക്കി. പ്രതിഷേധ നാടകം അവതരിപ്പിച്ച വിദ്യാർഥികൾ വിഷയത്തിലുള്ള സംസാരം പൂർത്തിയാക്കാതെ ദേശീയ ഗാനം ആലപിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന ഡൽഹി സർവകലാശാലയിലെ മിക്ക വിദ്യാർഥികൾക്ക് നേരെയും പൊലീസ് സുരക്ഷയോടെ എ.ബി.വി.പി അക്രമം വ്യാപകമാകുന്നതായി പരാതിയുണ്ട്.

Full View

നേരത്തെ മലയാളി വിദ്യാർഥിയെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഡിസംബർ 16ന് ആർട്സ് ഫാക്കൽറ്റിയിൽ നടന്ന പരിപാടിക്കിടെയും എ.ബി.വി.പിയുടെ ആക്രമണമുണ്ടായിരുന്നു.

Tags:    

Similar News