ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങള്‍ അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് കത്തയച്ച് വിദ്യാര്‍ഥികള്‍

സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട സംഘടനയാണ് അശോക സ്റ്റുഡന്‍റ് ഗവണ്‍മെന്‍റ്. ശനിയാഴ്ചയാണ് സംഘടന വിസിക്ക് കത്തെഴുതിയത്

Update: 2024-05-07 02:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗുഡ്‍ഗാവ്: ഗസ്സക്കെതിരായ യുദ്ധത്തില്‍ ലോകമെമ്പാടും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ തെല്‍ അവിവ് സര്‍വകലാശാലയുമായുള്ള എല്ലാ അക്കാദമിക്, ഗവേഷണ സഹകരണങ്ങളും അവസാനിപ്പിക്കാൻ ഹരിയാന അശോക സർവകലാശാലയിലെ സ്റ്റുഡന്‍റ് ഗവണ്‍മെന്‍റ് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട സംഘടനയാണ് അശോക സ്റ്റുഡന്‍റ് ഗവണ്‍മെന്‍റ്. ശനിയാഴ്ചയാണ് സംഘടന വിസിക്ക് കത്തെഴുതിയത്.

“നിലവിൽ, അശോക സർവകലാശാലയ്ക്ക് തെൽ അവീവ് സർവകലാശാലയുമായി ഗവേഷണ പങ്കാളിത്തമുണ്ട്. ഇതിനൊപ്പം അധ്യാപനം, ഗവേഷണ സഹകരണം, ഹ്രസ്വകാല പഠന അവസരങ്ങൾ, അതുപോലെ സംയുക്ത പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഫാക്കൽറ്റി സന്ദർശനങ്ങൾ നടക്കുന്നുണ്ട്''കത്തില്‍ പറയുന്നു. തെല്‍ അവിവ് സര്‍വകലാശാലക്ക് ഇസ്രായേല്‍ സൈന്യവുമായുള്ള അടുത്ത ബന്ധവും ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് നല്‍കുന്ന പിന്തുണയും സംഘടന ചോദ്യം ചെയ്യുന്നു. “മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുമായി സർവകലാശാലയുടെ സഹകരണം നീതിയോടും മനുഷ്യാവകാശങ്ങളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ദുർബലപ്പെടുത്തുന്നു.എൽബിറ്റ് സിസ്റ്റംസ് പോലുള്ള ഇസ്രായേലി ആയുധ നിർമാതാക്കളുമായുള്ള തെൽ അവീവിൻ്റെ ബന്ധവും ഇതിൽ ഉൾപ്പെടുന്നു.ഇസ്രായേലി അധിനിവേശ സേനയുടെ (IOF) ധാർമ്മിക കോഡ് തയ്യാറാക്കുന്നതിലും ഐഒഎഫ് അംഗങ്ങൾക്ക് യുദ്ധക്കുറ്റങ്ങൾക്ക് നിയമപരമായ പ്രതിരോധം നൽകുന്നതിലും സൈനിക പ്രവർത്തനങ്ങൾ നിർദേശിക്കുന്ന സിദ്ധാന്തങ്ങൾ തയ്യാറാക്കുന്നതിലും തെൽ അവീവ് സർവകലാശാലയിലെ പ്രൊഫസർമാർ ഏർപ്പെട്ടിട്ടുണ്ട്'' നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗസ്സക്കെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബിഡിഎസ്( Boycott, Divestment and Sanctions) പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാർഥി സർക്കാരിൻ്റെ നിവേദനത്തിൽ പരാമർശമുണ്ട്.ഫലസ്തീനിലെ എല്ലാ സർവകലാശാലകളും ഇസ്രായേൽ സൈന്യം തകർത്തു.ആയുധ നിര്‍മാതാക്കളുമായും ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളുമായി തെല്‍ അവിവ് സര്‍വകലാശാലക്ക് സഹകരണമുണ്ടെന്നും അവരില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ആരോപിക്കുന്നു. അക്കാദമിക് സ്വാതന്ത്ര്യം, സാമൂഹിക നീതി, മനുഷ്യാവകാശം എന്നിവയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ തെൽ അവീവ് സർവകലാശാലയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. യുദ്ധത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ, അശോക സർവകലാശാല ധാർമികതയോടും മനുഷ്യാവകാശങ്ങളോടും ഉള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും സ്റ്റുഡന്‍റ് ഗവണ്‍മെന്‍റ് ആവശ്യപ്പെടുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News