വ്യാജ കോൾ സെന്റർ വഴി എട്ടു കോടിയുടെ തട്ടിപ്പ്; 17 പേർ അറസ്റ്റിൽ

മൈക്രോസോഫ്റ്റ് പ്രതിനിധികളാണെന്ന രീതിയിൽ ആണ് ഇവർ ആളുകളെ ഫോണിലൂടെ വിശ്വസിപ്പിക്കുന്നത്

Update: 2020-11-07 11:16 GMT
Advertising

വ്യാജ കോൾ സെന്റർ വഴി ഒരു വർഷം കൊണ്ട് എട്ടുകോടി രൂപ തട്ടിയ സംഘം ഡൽഹിയിൽ പിടിയിലായി.

സൈബർ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ഡൽഹി രാജൗരി ഗാർഡനിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററിലെ 17 പേർ പിടിയിലായത്.

റെയ്ഡിൽ ഇരുപത് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതിയും കോൾ സെന്ററിന്റെ ഉടമയുമായ സാഹിൽ ദിലാവരിയടക്കം 17പേരാണ് അറസ്റ്റിലായത്.

യു.എസിലെയും കാനഡയിലെയും പൗരന്മാരെ ലക്ഷ്യമിട്ടാണ് വ്യാജ കോൾ സെന്റർ പ്രവർത്തിച്ചിരുന്നത്. ആളുകൾക്ക് അവരുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മാൽവെയർ / വൈറസ് പോലെയുള്ളവ കമ്പ്യൂട്ടറിനെ ബാധിച്ചിട്ടുണ്ടെന്നുമുള്ള തരത്തിൽ പോപ്പ്-അപ്പുകൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

അവർക്ക് വേണ്ട സാങ്കേതിക സഹായം നൽകാമെന്ന് മെസ്സേജ് ചെയ്ത് പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. മൈക്രോസോഫ്റ്റ് പ്രതിനിധികളാണെന്ന രീതിയിൽ ആണ് ഇവർ ആളുകളെ ഫോണിലൂടെ വിശ്വസിപ്പിക്കുന്നത്. പൊലീസ് പറയുന്നതനുസരിച്ച് 2268 പേരിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഡൽഹി രാജൗരി ഗാർഡനിൽ മൂന്ന് വർഷത്തോളമായി ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Tags:    

Similar News