ബംഗാളിലെ എ.ഐ.എം.ഐ.എമ്മിന്‍റെ പ്രധാന നേതാക്കള്‍ തൃണമൂലിലേക്ക്

'മമത ബാനർജിയുടെ സമാധാനത്തിലും വികസനത്തിലും ഊന്നിയ കാഴ്ചപ്പാടില്‍ ആകൃഷ്ടരായാണ് ഇവര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്'

Update: 2020-11-24 08:11 GMT
Advertising

പശ്ചിമ ബംഗാളില്‍ എ.ഐ.എം.ഐ.എം-ന്‍റെ പ്രധാന നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷെയ്ഖ് അൻവർ പാഷയാണ് പാര്‍ട്ടി വിട്ട സംസ്ഥാനത്തെ പ്രധാന നേതാവ്. മുർഷിദ് അഹമ്മദ്, ഷെയ്ഖ് ഹസിബുൽ ഇസ്‍ലാം, ജംഷീദ് അഹമ്മദ്, ഇന്‍തിഖാബ് ആലം, അബുൽ കാസിം, സയ്യിദ് റഹ്മാൻ, അനറുൽ മൊണ്ടാൽ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ ഉൾപ്പെടുന്നു.

നഗരത്തിലെ തൃണമൂൽ ഭവനിൽ സംസ്ഥാന മന്ത്രി ബ്രത്യ ബാസുവും പാഷയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.

അൻവർ പാഷ എ.ഐ.എം.ഐ.എമ്മിന്‍റെ പ്രധാന മുഖമായിരുന്നു, എന്നാല്‍ ഇപ്പോള്‍ തൃണമൂലിന്‍റെ തൂണാണദ്ദേഹമെന്നാണ് ബ്രത്യ ബാസു പറഞ്ഞത്. സാമുദായികവും ഭിന്നിപ്പുണ്ടാക്കുന്നതുമായ രാഷ്ട്രീയം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സമാധാനത്തിലും വികസനത്തിലും ഊന്നിയ കാഴ്ചപ്പാടില്‍ ആകൃഷ്ടരായാണ് ഇവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്ഖ് അൻവർ പാഷ ഉവൈസിക്കെതിരെയും എ.ഐ.എം.ഐ.എമ്മിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

'നമ്മുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്ത് ഒരു വിഭാഗം ആളുകൾ നമ്മുടെ രാജ്യത്തെ നാശത്തിലേക്ക് കൊണ്ടുപോകുന്നു. കാവിയും പച്ചയും ധരിക്കുന്ന നിരവധി ശക്തികൾ ബംഗാളിലേക്ക് ഉറ്റുനോക്കുന്നുണ്ട്. അവർ വിഭജനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ബിഹാറിലെ വോട്ടുകൾ ധ്രുവീകരിച്ച് സർക്കാർ രൂപീകരിക്കുന്നതിൽ ബി.ജെ.പിയെ എ.ഐ.എം.ഐ.എം സഹായിച്ചു. പക്ഷേ അത് ബംഗാളിൽ നടക്കില്ല' പാഷ തുറന്നടിച്ചു.

Tags:    

Similar News