യാത്രക്കാർക്ക് തണൽ, സിഗ്നലിൽ 'പച്ചവിരിച്ച്' പുതുച്ചേരി; മാതൃകയെന്ന് സോഷ്യൽ മീഡിയ

തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Update: 2024-05-02 14:27 GMT
Editor : banuisahak | By : Web Desk

സാധാരണ അനുഭവിച്ചിട്ടില്ലാത്ത അത്രയും ചൂടാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തുന്നതിനാൽ തീവ്രമായ ചൂടുകൊണ്ട് വലയുകയാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ യാത്രക്കാരായ ജനങ്ങൾക്ക് ആശ്വാസമാകാൻ പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഒരു നൂതന പരിഹാരവുമായി എത്തിയിരിക്കുകയാണ്. 

കൊടുംചൂടിൽ ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കേണ്ടി വരുന്ന യാത്രക്കാർക്കായി പച്ച തണൽവലകൾ സ്ഥാപിച്ചു. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

Advertising
Advertising

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഉപയോക്താക്കൾ പുതുച്ചേരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമാനമായ സംവിധാനങ്ങൾ തങ്ങളുടെ നഗരത്തിൽ നടപ്പിലാക്കാൻ അധികൃതരോട് അഭ്യർത്ഥിക്കുകയാണ്. താമസക്കാരുടെയും യാത്രക്കാരുടെയും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമാണിതെന്ന് പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ അഭിനന്ദിച്ചുകൊണ്ട് ഉപയോക്താക്കൾ എക്‌സിൽ കുറിച്ചു. 

38 മുതൽ 42.5 ഡിഗ്രി സെൽഷ്യസിനുമിടയിലായിരുന്നു ഇന്ന് തമിഴ്‌നാട്ടിലെ മിക്ക ഭാഗങ്ങളിലെയും താപനില. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ പല ജില്ലകളിലും ഉഷ്ണതരംഗം നിലനിൽക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News