കസ്റ്റഡിയില്‍ ക്രൂരമായ പീഡനം, ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം; എന്‍.ഐ.എക്കെതിരെ അഖില്‍ ഗോഗോയ്

എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായയും അഖില്‍ ഗൊഗോയി ആരോപിച്ചു

Update: 2021-03-24 09:45 GMT
Advertising

ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ) തനിക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തതായി ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായയും അഖില്‍ ഗൊഗോയി ആരോപിച്ചു. ജാമ്യം നൽകുന്നതിന് പകരമായി ആർ.എസ്.എസിലോ, ബി.ജെ.പിയിലോ ചേരണമെന്ന് ആവശ്യപ്പെട്ടതായും അഖിൽ ആരോപിച്ചു. അം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിബ്സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് അഖില്‍ ഗൊഗോയി മത്സരിക്കുന്നുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2019-ഡിസംബറിൽ അറസ്റ്റിലായ അഖിൽ ഗോഗോയ് ഒരു കത്തിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കോടതി അനുമതിയില്ലാതെ 2019 ഡിസംബര്‍ 18ന് അഖില്‍ ഗോഗോയിയെ ഡല്‍ഹിയിയിലേക്ക് കൊണ്ടുപോയതായും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ സംഘടനയായ റൈജോര്‍ ദാല്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

'ആദ്യം എന്നോട് ഹിന്ദുത്വയെ കുറിച്ച് പറഞ്ഞു. പിന്നീട് അവർ പ്രേരണ നൽകി. ഞാൻ ആര്‍.എസ്.എസിൽ ചേരുകയാണെങ്കിൽ എനിക്ക് വേഗത്തിൽ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞു. ഈ വാഗ്ദാനം നിരസിച്ചപ്പോൾ ബി.ജെ.പിയിൽ ചേരാനുളള അവസരം നൽകി. അസമിലെ ഒഴിഞ്ഞുകിടക്കുന്ന നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എനിക്ക് മന്ത്രിയാകാമെന്ന് അവർ പറഞ്ഞു.' അഖിൽ പറയുന്നു.

അവരുടെ വാഗ്ദാനങ്ങളൊക്കെ നിരാകരിച്ചപ്പോള്‍ മുഖ്യമന്ത്രിയുമായും അസമിലെ സ്വാധീനമുള്ള ഒരു മന്ത്രിയുമായും ഒരു കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. താന്‍ അതും നിരസിച്ചെന്ന് ഗോഗോയ് പറഞ്ഞു. വാഗ്ദാനങ്ങളെല്ലാം നിരസിച്ചതിനാൽ തന്റെ മേൽ നിരവധി കേസുകൾ കെട്ടിവെച്ചതായും സുപ്രീംകോടതിയിൽ നിന്ന് പോലും തനിക്ക് ജാമ്യം ലഭിച്ചില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. 'ജയിലില്‍ നിന്ന് പുറത്തുകടക്കാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടതായി തോന്നുന്നു. എന്റെ കുടുംബം ഒരുവിധം അവസാനിച്ചുകഴിഞ്ഞു, ഞാൻ ശാരീരികമായി നശിക്കപ്പെട്ടിരിക്കുന്നു.'

എന്നാൽ അഖിലിന്റെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് തന്ത്രമെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News