നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ പ്രചാരണത്തിനെത്തും: ഷക്കീല
ബി.ജെ.പിയിൽ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികൾക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം
ചെന്നൈ: തമിഴ്‌നാടിനാണ് പ്രധാന്യം നൽകുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാർട്ടിയിലാണ് ചേർന്നത്. മതത്തിൽ രാഷ്ട്രീയം കലർത്തില്ല എന്നതാണ് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.
'എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തവകനാണ്. ജവഹർലാൽ നെഹ്റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിനോട് മനസ്സിൽ ഒരിഷ്ടമുണ്ട്. പിന്നെ പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസിൽ നിന്നും ക്ഷണം കിട്ടിയപ്പോൾ അത് സ്വീകരിച്ചു.' - അവർ വ്യക്തമാക്കി.
'പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാൽ നടിയെന്ന വിലാസം മാത്രമാവുമ്പോൾ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല- ഷക്കീല കൂട്ടിച്ചേർത്തു.
ബി.ജെ.പിയിൽ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികൾക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങൾ എന്നെ വിളിക്കുന്നതെന്നും അവർ ചോദിച്ചു. തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായ നടി ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസാണ് ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.