ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കണക്ക് 25 ദിവസത്തിന് ശേഷം മൂന്ന് ലക്ഷത്തില്‍ താഴെ

2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.

Update: 2021-05-17 04:53 GMT

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി കുറഞ്ഞു. 2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 4,106 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു. 17.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഏപ്രില്‍ 21ന് ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയെത്തുന്നത്. അതേസമയം മരണസംഖ്യയില്‍ കുറവില്ല.

വാക്സിന്‍ ക്ഷാമം കോവിഡ് പ്രതിരോധത്തിന് വലിയ തടസ്സമായി തുടരുകയാണ്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും വ്യാപകമായി കൊടുത്ത് തുടങ്ങിയിട്ടില്ല. കേരളത്തില്‍ മുന്‍ഗണന നിശ്ചയിച്ചാണ് വാക്സിന്‍ വിതരണം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഇന്ന് മുതല്‍ വാക്സിന്‍ നല്‍കുന്നത്. 

Advertising
Advertising

അതിനിടെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. സമിതിയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രാജിവെച്ചത്. തന്‍റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും രാജിക്ക് ഒരു കാരണവും പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നുമായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദിന്‍റെ പ്രതികരണം.

എന്നാല്‍ അടുത്തിടെ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച വന്നെന്ന തരത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രീയ അടിത്തറയിലൂന്നിയ നയങ്ങള്‍ രൂപീകരിക്കാന്‍ വെല്ലുവിളികളുണ്ടാകുന്നുണ്ട്. കോവിഡ് രോഗം കൂടുമ്പോഴും പരിശോധനകള്‍ കുറവാണ്, വാക്സിന്‍ ക്ഷാമമുണ്ട്, വാക്സീനേഷന് വേഗതക്കുറവുണ്ടെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇവയെല്ലാം മഹാമാരിയെ ശരിയായ രീതിയില്‍ പ്രതിരോധിക്കുന്നതിന് തടസ്സമായെന്നും ഷാഹിദ് എഴുതുകയുണ്ടായി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News