പ്ലസ്ടുകാർക്ക് മീഡിയവൺ - എയ്മർ യങ് സിഇഒ; വെബ്സൈറ്റ് പ്രകാശനം ചെയ്ത് ജില്ലാ കളക്ടർ
ഭാവിയിൽ കുട്ടികൾക്ക് ആത്മവിശ്വാസവും മാർക്കറ്റിനെ കുറിച്ച് അവബോധവും സൃഷ്ടിക്കുന്ന പരിപാടിയായിരിക്കുമെന്ന് കളക്ടർ
പ്ലസ്ടു വിദ്യാർഥികളിൽ സംരംഭകത്വത്തോട് താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി മീഡിയവണ്ണും എയ്‍മർ ബിസിനസ് സ്കൂളും ചേർന്ന് നടത്തുന്ന എയ്മർ യങ് സിഇഒ ടാലൻറ് ഹണ്ട് ഷോയുടെ വെബ്സൈറ്റ് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശനം ചെയ്തു. 17 മുതൽ 21 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ടാലന്‍റ് ഹണ്ട് ഷോയുടെ ഭാഗമാകാം.
ഭാവിയിൽ കുട്ടികൾക്ക് ആത്മവിശ്വാസവും മാർക്കറ്റിനെ കുറിച്ച് അവബോധവും സൃഷ്ടിക്കുന്ന പരിപാടിയായിരിക്കും ഇതെന്ന് കളക്ടർ സ്നേഹിൽ കുമാർ സിങ് ആശംസിച്ചു. 12ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികൾക്ക് ബിസിനസ് രംഗത്ത് മുന്നോട്ട് വരാനുള്ള സാധ്യതയാണ് യങ് സിഇഒ ടാലന്‍റ് ഷോ തുറന്നുവെക്കുന്നതെന്ന് എയ്‍മര്‍ ബിസിനസ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുനീർ മുഹമ്മദ് പറഞ്ഞു.
വിദ്യാർഥികളുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് എയ്മർ യങ് സിഇഒ ടാലൻറ് ഹണ്ടിന്റെ ലക്ഷ്യമെന്ന് എയ്‍മര്‍ ബിസിനസ് സ്കൂള്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ അസീം പനോളി കൂട്ടിച്ചേര്‍ത്തു.
വിദഗ്ധ മെന്റർമാർ നയിക്കുന്ന വർക് ഷോപ്പുകൾ വഴി, വിദ്യാര്‍ഥികളുടെ സ്റ്റാർട്ടപ്പ് ആശയങ്ങൾ ബിസിനസ് മോഡലായി വളർത്താനുള്ള മാർഗനിർദേശങ്ങൾ ലഭിക്കും. ആശയങ്ങൾ പിച്ച് ചെയ്യാനുള്ള അവസരങ്ങളുമുണ്ട്. അഗ്രിടെക്, സാമൂഹിക പ്രതിബദ്ധത, ഹെൽത്ത് കെയർ, എഡ്ടെക്, എംഎസ്എംഇ, ക്ലൈമറ്റ് ടെക്, ഡീപ്ടെക് തുടങ്ങി ഒമ്പത് വിഭാഗങ്ങളിലായാണ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്.
7450030700, 7450030600 എന്ന നമ്പറുകളിൽ വിളിച്ചോ youngceo.aimerbschool.com എന്ന വെബ്സൈറ്റ് വഴിയോ 299 രൂപ രജിസ്ട്രേഷൻ ഫീസടച്ച് യങ് സിഇഒയുടെ ഭാഗമാകാം. ഒരാൾക്കോ നാലുപേര്‍ വീതമുള്ള ടീമായോ പങ്കെടുക്കാം. ബിസിനസ് ഐഡികൾ വെബ്സൈറ്റിൽ പങ്കുവെക്കുകയും ചെയ്യാം. തെരഞ്ഞെടുക്കുന്ന മികച്ച ഐഡിയകൾക്ക് 1 ലക്ഷം രൂപയാണ് സമ്മാനം. രജിസ്ട്രേഷൻ, വെബിനാർ, പ്രാദേശിക സെമിഫൈനൽ, ഗ്രാൻഡ് ഫിനാലെ എന്നീ നാല് ഘട്ടങ്ങളിലായാണ് ടാലന്റ് ഷോ.
വെബ്സൈറ്റ് പ്രകാശന ചടങ്ങിൽ മീഡിയ വൺ ഡിജിറ്റൽ മീഡിയ സൊലൂഷൻ മാനേജർ ഹസ്നൈൻ അഹമ്മദ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ യു ഷൈജു എന്നിവര്‍ പങ്കെടുത്തു.