ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ഇന്ത്യക്ക് സ്വർണം: അഭിമാനമായി പൊന്നാനിക്കാരന്‍ ബാസിൽ
ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യാ പാര ഗെയിംസിലും ബാസിൽ സ്വർണം നേടിയിരുന്നു
തിരുവനന്തപുരം: പാരിസിൽ വെച്ച് നടക്കുന്ന ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ഇന്ത്യക്കായി സ്വർണം നേടി കേരളത്തിൽ നിന്നുള്ള മുഹമ്മദ് ബാസിൽ.
100 മീറ്റര്‍ - t47 വിഭാഗത്തിൽ 11.06 സെക്കൻ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് ബാസിൽ സ്വർണം നേടിയത്. പൊന്നാനിക്കാരനായ ബാസിൽ കഴിഞ്ഞ ഒരു വർഷമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള എല്‍എന്‍സിപിഇ ക്യാമ്പസില്‍ ഹൈ പെർഫോമൻസ് കോച്ച് ശ്രീനിവാസൻ്റെ കീഴിൽ പരിശീലനത്തിലാണ്. ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യാ പാര ഗെയിംസിലും ബാസിൽ സ്വർണം നേടിയിരുന്നു.
അടുത്തിടെ ദക്ഷിണകൊറിയയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നേടിയ അഞ്ച് മെഡലുകൾക്കൊപ്പം ബാസിലിൻ്റെ മെഡൽ കൂടിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പരിശീലനകേന്ദ്രമായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ എല്‍എന്‍സിപിഇ തിരുവനന്തപുരം സെൻ്റർ മാറുകയാണ്.