ഒമാനിലേക്ക് എത്തുന്നവർക്ക് ഇനി ക്വാറന്‍റൈൻ ഏഴ് ദിവസം മാത്രം

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നവർക്ക് ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്‍റൈന്‍ കാലാവധി

Update: 2020-11-01 16:19 GMT
Advertising

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്‍റൈന്‍ കാലാവധി സംബന്ധിച്ച നിയമത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്തുനിന്ന് എത്തുന്നവർക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറന്‍റൈൻ. വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നവർക്ക് ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്‍റൈന്‍ കാലാവധി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറന്‍റൈന്‍ കാലാവധി കുറക്കാനുള്ള തീരുമാനം കൈകൊണ്ടത്.

റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂർ മുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയമായതിന്‍റെ സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിർത്തികളിലും ഇവർ പി.സി.ആർ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തെ ക്വാറന്‍റൈന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം സമർപ്പിച്ച മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്.

Tags:    

Similar News