അർജന്‍റീന തോറ്റതിന് മെസി കടുംകൈ ചെയ്തോ?

തോൽവി അംഗീകരിക്കുന്നത് തന്നെ വിജയത്തിന്‍റെ ഒരു ലക്ഷണമാണ്, 7 ഗോളിന് ബ്രസീല്‍ ടീമും തോറ്റിരുന്നു പക്ഷേ ഇപ്പോഴും നെയ്മറിന്‍റെ പടകൾ തലയുയർത്തി ധീരതയോടെ നയിച്ചു കൊണ്ടിരിക്കുകയാണ്

Update: 2022-11-23 14:47 GMT
Advertising

ലോകകപ്പിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്ന ടീമാണ് അർജന്‍റീന, ഏറ്റവും മികച്ച പ്ലെയർ ആയ മെസി അടങ്ങുന്ന ടീം. പക്ഷേ ആദ്യത്തെ റൗണ്ടിൽ തന്നെ തോൽപ്പിക്കപ്പെട്ടു, അതും വളരെ അപൂർവമായി മാത്രം ലോകകപ്പിൽ കളിച്ച സൗദിയുമായി. ലോക ഫുട്ബോളർ ആണ്, ലോകകപ്പ് ഉയർത്താൻ വന്ന ആളാണ്. ആദ്യ റൗണ്ടിൽ തന്നെ തോൽപ്പിക്കപ്പെട്ടിട്ട് മെസി ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടിട്ടുണ്ടോ. ഇല്ല!! കാരണം തോൽവി അംഗീകരിക്കുന്നത് തന്നെ വിജയത്തിന്‍റെ ഒരു ലക്ഷണമാണ്. വർഷങ്ങൾക്കു മുമ്പ് ഇതുതന്നെ സംഭവിച്ചിട്ടുണ്ട്, 7 ഗോളിന് ബ്രസീല്‍ ടീമും തോറ്റു പക്ഷേ ഇപ്പോഴും നെയ്മറിന്‍റെ പടകൾ തലയുയർത്തി ധീരതയോടെ നയിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ സമൂഹം ഏതൊരു ചെറിയ കാര്യത്തിനും, സ്വയം കുറ്റപ്പെടുത്തുകയും അത് അതിരുകവിയുമ്പോൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആണ് കൂടുതലായി കണ്ടുവരുന്നത്. ഒ.പിയിൽ വരുന്ന ഭൂരിപക്ഷം കേസുകളിൽ കാരണങ്ങൾ വളരെ നിസാരമായിട്ടാണ് ഉണ്ടായിരുന്നത്. പരീക്ഷയിൽ തോറ്റതിന്, പ്രേമ നൈരാശ്യം, ലക്ഷ്യം നേടാത്തതിന്, ഒരു ടൂർ പോവാൻ വിടാത്തതിന്, ഫോൺ ചോദിച്ചിട്ട് കിട്ടാത്തതിന് ഒക്കെ ആണ് ഇത്തരം ആലോചനകൾ. എനിക്ക് ജീവിതം മടുത്തു, ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ല, ആർക്കുവേണ്ടിയാണ് ഞാൻ ഇനി ജീവിക്കേണ്ടത്, മറ്റുള്ളവരുടെ മുന്നിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടിയുള്ള ഒരു ജീവിതം ഇനി വേണോ? എന്നിങ്ങനെയുള്ള ചിന്തകൾ നിറഞ്ഞുനിൽക്കുന്ന യുവാക്കളാണ് ഇന്ന് നമ്മുടെ ചുറ്റിലും. ഒരുപക്ഷേ ജീവിതം ഒരു മത്സരമായി കാണുന്നതുകൊണ്ടാണോ, അല്ലെങ്കിൽ കുട്ടികൾ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം കൊണ്ടാണോ. പരാജയങ്ങളെ ഇന്നത്തെ കുട്ടികൾ അടക്കം ഏറ്റുവാങ്ങാൻ മടി കാണിക്കുന്ന ഒരു സാഹചര്യം ആണ്.

ആത്മഹത്യാ പ്രവണതയുള്ളവരെ എങ്ങനെ തിരിച്ചറിയാം?

ആത്മഹത്യാ പ്രവണതയുള്ള ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനു മുൻപ് മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്, പുറമേ എത്ര സന്തോഷത്തോടെ കാണപ്പെട്ടുവെങ്കിലും അവരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്

● സംഭാഷണങ്ങൾ, ഒത്തുചേരലുകൾ, സാമൂഹിക സമ്പർക്കം എന്നിവ ഒഴിവാക്കാൻ ആരംഭിച്ച ഒരാൾ അപകടത്തിലാണെന്ന് തിരിച്ചറിയുക

● ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുകയും, ദിവസങ്ങളോളം ദുഃഖ പൂർണ്ണമാവുകയും ചെയ്യുന്നു

● നിരാശയും നിസ്സഹായതയും അവരെ പൂർണമായി കീഴടക്കും

● ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പോലും തളരുകയോ അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന കോപം, വികാരങ്ങളെ നിയന്ത്രിക്കാൻ ആവാതിരിക്കുകയോ ചെയ്യുക

ഇത്തരം സ്വഭാവമുള്ള ആളുകളുമായി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷ്മമായി ഉപയോഗിക്കാൻ ശ്രമിക്കുക.

എങ്ങനെ ആത്മഹത്യ പ്രവണതയുള്ളവരെ പ്രതിരോധിക്കാം?

ആത്മഹത്യ പ്രവണതകൾ ഉള്ളതായി തോന്നിയാൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:

● ആദ്യമായി, അവർക്ക് തുറന്നു പറയാൻ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കലാണ്. ഉണ്ടെങ്കിൽ സമാധാനപരമായി കേട്ട് കൊടുക്കുക. മുൻവിധികളില്ലാതെ മനസ്സിലാക്കുവാൻ ശ്രമിക്കുക, അവർക്ക് പിന്തുണ നൽകുകയും ചെയ്യുക.

● ആത്മഹത്യയെക്കുറിച്ച് നേരിട്ട് ചോദിക്കുന്നത്, അത് പ്രോത്സാഹിപ്പിക്കൽ ആകും എന്ന തെറ്റിദ്ധാരണയുണ്ട്. ഇത് തീർത്തും തെറ്റാണ്.

മാനസിക വേദനയുടെ മുൾമുനയിൽ എടുക്കുന്ന ഒരു തീരുമാനമാണ് എന്ന് മനസ്സിലാക്കുക. അവരുടെ മാനസിക വേദന നമ്മൾക്ക് മനസ്സിലാകുന്നുണ്ട് എന്ന് അവർക്ക് തോന്നിപ്പിക്കുക.

● ഇങ്ങനെയെല്ലാം ചെയ്തതിനുശേഷം കാര്യങ്ങൾ കൈവിട്ടു പോകുന്നുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ, ഒരു വിദഗ്ധ ചികിത്സ നേടാനായി നിർദ്ദേശിക്കുക, അത് സമ്മതിക്കാത്ത സാഹചര്യത്തിൽ നിർബന്ധപൂർവ്വം ഒരു കൗൺസിലറിനെ കൺസൾട്ട് ചെയ്യിപ്പിക്കുക. ഇത്തരം സാഹചര്യങ്ങളിൽ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കുന്നതിൽ ഒരു ദുരഭിമാനവും തോന്നേണ്ടതില്ല എന്ന് ബോധ്യപ്പെടുത്തുക.

ആത്മഹത്യ ചെയ്യണമെന്ന് തോന്നൽ മനസ്സിൽ വന്നാൽ ചെയ്യേണ്ടത്

● മനസ്സ് തുറന്നു സംസാരിക്കാൻ പറ്റുകയും മനസ്സിലെ ഭാരം ഇറക്കിവെക്കാൻ സഹായിക്കുന്ന ഒരാളുമായി കാര്യങ്ങൾ പങ്കുവെക്കുക.

● ആത്മഹത്യ എന്നത് ഒരു പ്രശ്നത്തിനും പരിഹാരം അല്ല മറിച്ച് ധീരനായ നിങ്ങളെ ഭീരുവാക്കി ഒളിച്ചോടാൻ ആണ് സഹായിക്കുന്നത്.

● ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ വലിയ വലിയ ആഘോഷങ്ങളായി കാണുക.

● പുതിയ ഹോബികൾ കണ്ടെത്തുക, ചെയ്യുന്ന കാര്യങ്ങളിൽ ആനന്ദം കൊള്ളാൻ ശ്രമിക്കുക.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയകളിൽ അർജന്‍റീന ഫാൻസിന്‍റെ അതിരറ്റ രോദനം കാണുവാൻ ഇടയായി. ഇവിടെയാണ് ലോകകപ്പും ഫുട്ബോൾ താരങ്ങളും നമുക്ക് ഒരു വലിയ പാഠമാകുന്നത്. 90 മിനിറ്റുള്ള കളി 100% വും വിജയിക്കുമെന്ന് പ്രതീക്ഷയോടെ കളിക്കുക, അവസാനം തോൽവിയാണെങ്കിലും ജയം ആണെങ്കിലും അതിനെ പോസിറ്റീവ് ആയിട്ട് എടുക്കുക , ഇതിനെയാണ് സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന് പറയുന്നത്. നമ്മൾ കളിയെ കാര്യമായിട്ടും കാര്യമായതിനെ കളിയായിട്ടും കാണുന്ന ഒരു സാഹചര്യത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഒരുപാട് പ്രസക്തിയുണ്ട്. ജീവിതത്തിലെ തോൽവികൾ അത് എന്നെന്നേക്കുമായി ഉള്ളതല്ല എന്ന തിരിച്ചറിവ് ഉണ്ടാവുകയും അത് ഭാവിയിലേക്കുള്ള വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുക. ഞങ്ങൾ പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരും എന്ന മെസിയുടെ വാക്കുകൾ നമുക്ക് പ്രചോദനമാകട്ടെ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - ഡോ. ഹിബ അബ്ദുല്‍ മജീദ്

contributor

Dr Basil homoeo hospital, pandikkad, malappuram Dist

Similar News