ട്രംപിന് കിറുക്ക്- പക്ഷേ പിന്നിലെ ബുദ്ധി ആര്?; ഇടതും വലതും ഒന്നാകുന്ന തെരഞ്ഞെടുപ്പ് പോര്

ട്രംപിന്‍റെ മാനസികാരോഗ്യം ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒന്നായിട്ടും, അത് ഭദ്രമല്ലെന്ന് അനേകം തെളിവുകൾ ലഭ്യമായിട്ടും, മുഖ്യധാര മാധ്യമങ്ങളിൽ അത് ചർച്ചയാകാത്തത് എന്തുകൊണ്ടാണ്?

Update: 2026-04-06 06:18 GMT

ട്രംപിന് കിറുക്ക്; പക്ഷേ പിന്നിലെ ബുദ്ധി ആര്?

പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറും ക്ഷയിക്കും ഓർമ്മശക്തി കുറയും. ചിന്തയിലും സംസാരത്തിലും പ്രവർത്തനത്തിലും ശേഷിക്കുറവ് പ്രകടമാകും. ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ ഭരണാധികാരിയിലാകുമ്പോൾ അത് ലോകത്തെ ഭയപ്പെടുത്തും. വയസ്സനെന്നും ഉറക്കം തൂങ്ങിയെന്നും മുൻപ്രസിഡന്റ് ബൈഡനെ ആക്ഷേപിച്ചിരുന്നു ട്രംപ്. പക്ഷേ അതിനേക്കാൾ പ്രായമുള്ള, അതിലേറെ ഉറക്കം തൂങ്ങുന്ന, ട്രംപ് ആണ് ഇപ്പോൾ ലോകത്തെ നാശത്തിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നത്.

ആണവായുധത്തിന്‍റെ ബട്ടൻ വിരൽത്തുമ്പിലുണ്ട് എന്ന് പറയുന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ മാനസികാരോഗ്യം സംശയത്തിലാണ്. അൽഷൈമേഴ്‌സ് രോഗം അച്ഛനിൽനിന്ന് പാരമ്പര്യമായി കിട്ടിയതിന്‍റെ ലക്ഷണങ്ങൾ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മടയത്തങ്ങൾ വിളിച്ചു പറയാറുണ്ടയാൾ. റോബർട്ട് റൈഖിനെപ്പോലുള്ളവർ ആവർത്തിക്കുന്നു, ട്രംപിന്‍റെ മാനസികാരോഗ്യം മോശമായതിനാൽ, മാറ്റിനിർത്താനുള്ള ഭരണഘടനാ വ്യവസ്ഥ നടപ്പാക്കണം എന്ന്. പക്ഷേ പകരം ചുറ്റുമുള്ളവർ അദ്ദേഹത്തെ മുതലെടുക്കുകയാണ്.

Advertising
Advertising

കഴിഞ്ഞ സെപ്റ്റംബറിൽ സൈനിക ജനറൽമാരെ വിളിച്ചുകൂട്ടി ട്രംപ് കാര്യമായി വിശദീകരിച്ചത്, തനിക്ക് ഒപ്പിടാൻ സുന്ദരമായ ‘A’ പേപ്പർ ആണ് ഇഷ്ടം ‘ഡി’ പേപ്പർ അല്ല, നിങ്ങൾക്കും അത് തരാം എന്നൊക്കെയാണ്. ഇത് ഒറ്റപ്പെട്ടതല്ല താനും. ഔചിത്യമില്ലാത്ത ഭാഷയും സംസാരവും സ്ഥാനത്തിന് നിരക്കാത്ത തെറിപ്രയോഗവും ട്രംപിന്‍റെ യഥാർത്ഥ അവസ്ഥ കാണിക്കുന്നുണ്ട്. വിടുവായത്തമാണ് സ്ഥിരം രീതി. പരിചിതരുടെ പേര് പോലും മാറിപ്പോകും.

നാൻസി പെലോസിയെ കുറ്റം പറയേണ്ടിടത്ത് നിക്കി ഹാലിയെ കുറ്റം പറയും. തന്നെ സിംഹമായും എതിരാളികളെ മറ്റ് മൃഗങ്ങളായും ചിത്രീകരിക്കുന്ന വീഡിയോ ഷെയർ ചെയ്യാൻ ട്രംപിന് മടിയില്ല. പൂച്ചകളെയും നായ്ക്കളെയും കൊന്നുതിന്നുന്നവരാണ് കുടിയേറ്റക്കാരെന്ന് ഇലക്ഷൻ സംവാദത്തിൽ പ്രസംഗിച്ചയാളാണ് ട്രംപ്. യുദ്ധത്തിനിറങ്ങിയ ഇന്ത്യയെയും പാക്കിസ്ഥാനെയും തീരുവ കാട്ടി വിരട്ടി താൻ പിന്തിരിപ്പിച്ചു എന്ന ട്രംപ്മൊഴി പ്രസിദ്ധമാണ്. അങ്ങനെ 7 യുദ്ധങ്ങൾ താൻ നിർത്തി എന്നാണല്ലോ സമാധാനപ്രിയനായ ഇയാൾ യുഎന്നിൽ വരെ അവകാശപ്പെട്ടത്.

പറയുന്ന കാര്യങ്ങൾ യുക്തിഭദ്രമാകണമെന്ന് അയാൾക്ക് നിർബന്ധമില്ല. ഒരു ഘട്ടത്തിൽ, ചൈന കാനഡയെ പിടിച്ചടക്കും എന്ന ഭീതി പരത്തി. കഴിഞ്ഞദിവസം ഒരൊറ്റവാർത്ത സമ്മേളനത്തിൽ പരസ്പര വിരുദ്ധമായ പലതും ട്രംപ് പറഞ്ഞു. ഇങ്ങനെ പറയുമ്പോൾ, മാധ്യമങ്ങൾക്ക് ഒരു സൗകര്യമുണ്ട്. ഏതും വാർത്തയാക്കാം. യുദ്ധം അവസാനിക്കുന്നു എന്ന് എഴുതാം, ഇനിയും തുടരും എന്നും എഴുതാം. ട്രംപിന്‍റെ മാനസികാരോഗ്യം ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒന്നായിട്ടും, അത് ഭദ്രമല്ലെന്ന് അനേകം തെളിവുകൾ ലഭ്യമായിട്ടും, മുഖ്യധാര മാധ്യമങ്ങളിൽ അത് ചർച്ചയാകാത്തത് എന്തുകൊണ്ടാണ്?\അധികാരസ്ഥാനങ്ങളിലിരിക്കാൻ അയോഗ്യതയാകുന്ന കടുത്ത ബുദ്ധിഭ്രംശവും മനോരോഗവും ട്രംപിനുണ്ടെന്നും ഇതറിഞ്ഞിട്ടും മാധ്യമങ്ങൾ മറച്ചുവെക്കുകയാണെന്നും വിദഗ്ധൻ ഡോ. ജോൺ ഗാർട്നർ തെളിവുകളോടെ വിശദീകരിച്ചിരുന്നു.

ഇപ്പോഴും അദ്ദേഹമത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ജനങ്ങളെ അറിയിക്കേണ്ട മാധ്യമങ്ങൾ കേട്ട ഭാവം നടിക്കുന്നില്ല. ഫൊറൻസിക് സൈക്കയാട്രിസ്റ്റായ ബാൻഡി ലീ എഡിറ്റ് ചെയ്ത, എട്ടു വർഷം മുമ്പിറങ്ങിയ, The Dangerous Case of Donald Trump എന്ന പുസ്തകം ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു. 27 മനോരോഗവിദഗ്ധരുടെ ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്—ആധികാരികമായ, വിശ്വസനീയമായ, അനേകം തെളിവുകളോടെ. മനോരോഗലക്ഷണങ്ങൾ നേരത്തെ വ്യക്തം. മതിഭ്രമം ബാധിച്ച, അഹംഭാവം മനോരോഗമായി വികസിച്ച, ഒരു ഭരണാധികാരിയാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരിക്കുന്നതെന്ന കാര്യം വലിയ വാർത്തയാകേണ്ടതായിരുന്നില്ലേ? മാധ്യമങ്ങൾ ട്രംപിന്‍റെ അവസ്ഥ ശരിക്കും തുറന്നു പറഞ്ഞിരുന്നെങ്കിൽ ലോകം ഒരുപക്ഷേ ഇന്നത്തെ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു.

അദ്ദേഹത്തിന്‍റെ സ്വഭാവം പലപ്പോഴും നേരിട്ട് അനുഭവിച്ചിട്ടുണ്ടല്ലോ അവർ. ഇറാന്‍റെ പക്കൽ ഇല്ലെന്ന് ഉറപ്പുള്ള ആണവായുധത്തിന്‍റെ പേരിൽ യുദ്ധം തുടങ്ങി. ഇറാൻ ഹുർമുസ് അടച്ചപ്പോൾ, അത് തുറക്കുക എന്നതായി യുദ്ധ ലക്ഷ്യം. ജേണലിസ്റ്റ് ജെഫ്‌റി സാഖ്‌സ് ട്രംപിനെ വിളിക്കുന്നത് ഭ്രാന്തൻ, മതിഭ്രമം ബാധിച്ചവൻ എന്നൊക്കെയാണ്.

പ്രൊഫസർ മിയർ ഷൈമറുടെ അഭിപ്രായത്തിൽ, ന്യൂറംബെർഗ് വിചാരണ ഇപ്പോഴാണ് നടക്കുന്നതെങ്കിൽ ട്രംപും നെതന്യാഹുവും വധശിക്ഷ നേരിടേണ്ടി വരും. ലോകമറിയേണ്ട അതിപ്രധാന വിവരം പോലും ആരുമറിയാതെ പോയതെന്തുകൊണ്ടാണ്? ആർക്കുവേണ്ടിയാണ് ഇതെല്ലാം? ആരാണ് പിന്നിലിരുന്ന് ചരട് വലിക്കുന്നത്? ട്രംപ്, വൈറ്റ് ഹൗസിന്‍റെ താക്കോൽ ഏൽപ്പിച്ച നെതന്യാഹുവോ? ഇസ്രായേലോ? കുറ്റവാളികളുടെ കൂടാരമായ എപ്പ്സ്റ്റിൻ സംഘമോ? ഇറാനെ ആക്രമിച്ചാലും അമേരിക്കയ്ക്ക് ചേതം വരാത്ത തരത്തിൽ വെനസ്വേലഎണ്ണ മുൻകൂട്ടി സ്വന്തമാക്കിയതിലെ ബുദ്ധി ആരുടേതാണ്? തൊട്ടുമുൻപിൽ നിൽക്കുന്ന ഈ നിഗൂഢത അന്വേഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്തതെന്താണ്? 

watch video

Full View


ഇടതും വലതും ഒന്നാകുന്ന തെരഞ്ഞെടുപ്പ് പോര്

വാർത്തകൾ—പ്രത്യേകിച്ച് ഇലക്-ഷൻ കാലത്ത്—വസ്തുതാ പ്രധാനമന്ത്രി എന്നതിനേക്കാൾ വീക്ഷണ പ്രധാനമാണ്. വസ്തുതയും വീക്ഷണവും കൂടിക്കലരുന്നു. വാർത്തയുടെ സ്ഥാനം ആഖ്യാനം (narrative) കയ്യടക്കുന്നു. വസ്തുതയും കണക്കുകളും മാത്രമടങ്ങുന്ന ഒരു വാർത്ത തന്നെ വീക്ഷണകോണനുസരിച്ച് വിപരീതാർത്ഥത്തിൽ അവതരിപ്പിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് ആകുമ്പോഴോ, എല്ലാം വീക്ഷണ പ്രധാനമാകും. വിവിധ പത്രങ്ങളുടെ തലക്കെട്ടുകൾ അത് കാണിക്കുന്നു.

തെരഞ്ഞെടുപ്പ് കവറേജിൽ സമീപകാലത്ത് കാണുന്ന ഒരു പ്രവണത, സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുന്ന നിസ്സാര കാര്യങ്ങൾ പോലും മുഖ്യധാരാമാധ്യമങ്ങൾ ഏറ്റെടുക്കുന്നു എന്നതാണ്. സംസ്ഥാനത്തിന്‍റെ പൊതു വിഷയങ്ങൾ വരേണ്ടിടത്ത് ഒന്നാംഘട്ടത്തിൽ സ്ഥാനാർത്ഥികളുടെ സീറ്റ് വേട്ടയും പിന്നെ വാഗ്പോരുകളും ആണ് തലക്കെട്ട് പിടിച്ചത്. ഇതിനിടെ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ വിഷയങ്ങൾ ധാരാളം. പ്രചാരണം യഥാർത്ഥ വിഷയങ്ങളെ ഹൈജാക്ക് ചെയ്യുന്നത് ഇത്തവണയും കണ്ടു. സമൂഹമാധ്യമങ്ങൾക്ക് മാതൃകയാകേണ്ട പൊതുമാധ്യമങ്ങൾ പോലും അവയോട് മത്സരിക്കുന്ന പോലെ.

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News