ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗം: ഖത്തര്‍ അമീര്‍

'ഖത്തറിനെതിരായ ഉപരോധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം കൈവരികയുള്ളൂ'

Update: 2020-09-23 20:26 GMT
Advertising

ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമെന്ന് ഖത്തര്‍ അമീര്‍. ഖത്തറിനെതിരായ ഉപരോധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം കൈവരികയുള്ളൂവെന്നും ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ അമീര്‍ പറഞ്ഞു.

യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനിലാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നിലപാട് ആവര്‍ത്തിച്ചത്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചാല്‍ മാത്രമേ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാകൂ. ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചകളാണ് പ്രശ്നപരിഹാരത്തിന് വേണ്ടത്. രാജ്യങ്ങളുടെ പരമാധികാരവും പരസ്പര ബഹുമാനവും ഉള്‍ക്കൊണ്ട് വേണം ചര്‍ച്ചകള്‍ നടക്കാന്‍. ഇക്കാര്യത്തില്‍ ഖത്തറിന്‍റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ജനങ്ങളോടുള്ള നിയമപരവും ധാര്‍മ്മികപരവുമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ഖത്തര്‍ ബാധ്യസ്ഥരാണ്. ഇതിനായി എല്ലാ തരത്തിലുള്ള ശ്രമങ്ങളും അന്താരാഷ്ട്രതലത്തിലും മേഖലാ തലത്തിലും നടത്തുന്നുണ്ടെന്നും അമീര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ ഉപരോധം അവസാനിപ്പിക്കാനുള്ള അനുരഞ്ജന ശ്രമങ്ങള്‍ സജീവമായി നടന്നുവരുന്നതിനിടെയാണ് ഖത്തര്‍ അമീറിന്‍റെ പ്രസംഗം. കാര്യക്ഷമമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നും ചിലപ്പോള്‍ ആഴ്ച്ചകള്‍ക്കകം തന്നെ പ്രശ്നപരിഹാരം ഉണ്ടായേക്കാമെന്നും യു.എസ് ഉന്നത പ്രതിനിധി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News