തെവാട്ടിയ വീണ്ടും രക്ഷകനായി; രാജസ്ഥാന് അവസാന ഓവർ വിജയം

അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിയാൻ പരാഗിന്റെയും രാഹുൽ തെവാട്ടിയയുടെയും മികവിൽ ഹൈദരാബാദിനെതിരെ രാജസ്ഥാന് 5 വിക്കറ്റ് വിജയം

Update: 2020-10-11 13:52 GMT
Advertising

അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിയാൻ പരാഗിന്റെയും രാഹുൽ തെവാട്ടിയയുടെയും മികവിൽ ഹൈദരാബാദിനെതിരെ രാജസ്ഥാന് 5 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാൻ മറികടന്നത്.

താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ആദ്യ നാല് ഓവറുകൾക്കുള്ളിൽ ബെൻ സ്റ്റോക്ക്സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്ലർ (16) എന്നിവരുടെ വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. പിന്നീട് ഉത്തപ്പയും സഞ്ജു സാംസണും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റാഷിദ്‌ ഖാന്റെ പന്തിൽ ഉത്തപ്പ എൽ.ബി ആയി പുറത്തു പോയി. അധികം വൈകാതെ തന്നെ സഞ്ജുവും റാഷിദ്‌ ഖാന്റെ പന്തിൽ കൂടാരം കയറി.

പിന്നീട് ഒത്തുചേർന്ന റിയാൻ പരാഗും തെവാട്ടിയയും ചേർന്ന് അവസാന ഓവറിൽ ആഞ്ഞടിച്ചാണ് രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചു കേറ്റിയത്. തെവാട്ടിയ 28 പന്തിൽ 45 റൺസ് നേടിയപ്പോൾ പരാഗ് 26 പന്തിൽ നിന്നായി 42 റൺസ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്.

രാജസ്ഥാനായി ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹൈദരാബാദിനായി ഖലീൽ അഹമ്മദും റാഷിദ്‌ ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News