ഇന്ത്യയുടെ നെറുകയിലേക്ക് ചാടി എൽദോസ് പോൾ; കൂടെ അബ്ദുല്ല അബൂബക്കറും

കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് എൽദോസ് സ്വർണമണിയുന്നത്.

Update: 2022-08-07 14:02 GMT
Editor : abs | By : Web Desk
Advertising

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ പൊന്നും വെള്ളിയും ഇന്ത്യയിലെത്തിച്ച് മലയാളികളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും. 17.03 മീറ്റർ ചാടിയാണ് എൽദോസ് ഇന്ത്യയുടെ സ്വര്‍ണമായി മാറിയത്. മൂന്നാം ശ്രമത്തിലായിരുന്നു പോളിന്‍റെ നേട്ടം. അബദുല്ല അബൂബക്കർ ചാടിയത് 17.02 മീറ്റർ. ഇന്ത്യയ്ക്കായി മത്സരിച്ച പ്രവീൺ ചിത്രവേൽ 16.89 മീറ്റർ ചാടി നാലാമതായി. 16.92 മീറ്റർ ചാടിയ ബർമുഡയുടെ ജാ-നി പെരിൻചീഫിനാണ് വെങ്കലം.

ജൂലൈയിൽ യുഎസിലെ യൂജിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ നിന്നാണ് എൽദോസ് കോമൺവെൽത്ത് ഗെയിംസിനെത്തിയത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ 16.79 മീറ്റർ ദൂരം താണ്ടി ഒമ്പതാം സ്ഥാനത്താണ് പോൾ ഫിനിഷ് ചെയ്തിരുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. 

കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് എൽദോസ് സ്വർണമണിയുന്നത്. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ ചാടിയ 16.99 മീറ്ററായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും മികച്ച ദൂരം. ഇതാണ് പോൾ ബർമിങ്ഹാമിൽ മറികടന്നത്. കോതമംഗലം എംഎ കോളേജിൽ ടിപി ഔസേപ്പിന്റെ ശിഷ്യനായിരുന്നു പോൾ.

എൽദോസിന്റെ പരിശീലന പങ്കാളിയാണ് അബ്ദുല്ല അബൂബക്കർ. ട്രിപ്പിൾ ജംപിൽ 17.19 മീറ്റർ വരെ ചാടിയ താരമാണ് അബ്ദുല്ല അബൂബക്കർ. നാദാപുരം ചെറുമോത്ത് കുനിയപൊയിൽ സാറയുടെയും വളയം നാരങ്ങോളി അബ്ദുല്ലയുടെയും മകനാണ്.

ഇരു താരങ്ങളെയും രാഷ്ട്രപതി ദൗപദി മുർമു അഭിനന്ദിച്ചു. ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ നേട്ടം ഏറെക്കാലം ഓർമിക്കപ്പെടുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 

കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഇന്ത്യ നാലു തവണ ട്രിപ്പിൾ ജംപിൽ മെഡൽ നേടിയിട്ടുണ്ട്. 1970,74 വർഷങ്ങളിൽ വെങ്കലവും സ്വർണവും നേടിയ മൊഹിന്ദർ സിങ് ഗിൽ, 2010ൽ വെങ്കലം നേടിയ മലയാളിയായ രഞ്ജിത് മഹേശ്വരി, 2014ൽ വെങ്കലം നേടിയ അർപീന്ദർ സിങ് എന്നിവരാണ് മെഡൽ സ്വന്തമാക്കിയവര്‍. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News