അജിത് അഗാർക്കർ: ഒരുപാട് നേട്ടങ്ങൾ, അതിലേറെ വിവാദങ്ങൾ, കാർക്കശ്യക്കാരൻ പടിയിറങ്ങുന്നു

അഗാർക്കറുടെ പല തീരുമാനങ്ങളെയും സ്പോർട്സ് മീഡിയയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും 'വ്യക്തിവൈരാഗ്യം' എന്ന ലേബലിലാണ് അവതരിപ്പിച്ചത്. രോഹിത് ശർമയുടെ ഏകദിന ഭാവിയെക്കുറിച്ച് ചർച്ചകൾ തുടങ്ങിയ നിമിഷം മുതൽ "അഗാർക്കർ രോഹിത്തിനെ വെട്ടിനിരത്തുന്നു" എന്ന തരത്തിലുള്ള ക്ലിക്ക്-ബെയ്റ്റ് തലക്കെട്ടുകൾ ചാനലുകളിലും യൂട്യൂബിലും നിറഞ്ഞു

Update: 2026-09-19 11:13 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശക്തവും എന്നാൽ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതുമായ ഒരു കസേരയുണ്ട്—ചെയർമാൻ ഓഫ് സെലക്ടേഴ്‌സ്! ടീം ജയിക്കുമ്പോൾ എല്ലാ ക്രെഡിറ്റും താരങ്ങൾക്കും ക്യാപ്റ്റനും ലഭിക്കുമ്പോൾ, തോൽവികളിൽ പഴി മുഴുവൻ കേൾക്കേണ്ടി വരുന്നത് ഈ കസേരയിലിരിക്കുന്നവരാണ്. 2023 ജൂലൈയിൽ ആ മുൾക്കിരീടം ഏറ്റെടുത്തയാളാണ് അജിത് അഗാർക്കർ. മൂന്ന് വർഷത്തെ സംഭവബഹുലമായ ഒരു ഭരണത്തിന് ഒടുവിൽ അദ്ദേഹം ആ കസേരയിൽ നിന്ന് പടിയിറങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അഗാർക്കർ യുഗത്തിന് തിരശ്ശീല വീഴുമ്പോൾ ക്രിക്കറ്റ് ലോകം രണ്ട് തട്ടിലാണ്. ഒരുവശത്ത് ട്രോഫികൾ വാരിക്കൂട്ടിയ സുവർണ്ണകാലം, മറുവശത്ത് ഒടുങ്ങാത്ത വിവാദങ്ങൾ. ഇതിനിടയിൽ ന്യായമായും ഉയരുന്ന ഒരു ചോദ്യമുണ്ട്: അജിത് അഗാർക്കർ എന്ന സെലക്ടർക്കെതിരെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ബോധപൂർവം ഒരു വിദ്വേഷ പ്രചാരണം  സൃഷ്ടിക്കുകയായിരുന്നോ? സെൻസേഷണലിസത്തിനപ്പുറം ആ കസേരയിലിരുന്ന് അഗാർക്കർ എടുത്ത കഠിനമായ തീരുമാനങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്.

Advertising
Advertising

ട്രോഫികളുടെ വസന്തകാലം

2013-ന് ശേഷം ഒരൊറ്റ ഐസിസി കിരീടം പോലും തൊടാനാകാതെ ടീം ഇന്ത്യ കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴാണ് അഗാർക്കർ സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്തെത്തുന്നത്. എന്നാൽ, അഗാർക്കറുടെ വരവോടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് വിജയങ്ങളുടെ ഒരു പരമ്പര തന്നെയെത്തി.

2023-ലെ ഏഷ്യാ കപ്പ് കിരീടം, അതേവർഷം സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പിൽ എതിരാളികളെ നിഷ്പ്രഭരാക്കി ഫൈനൽ വരെയെത്തിയ പത്ത് തുടർച്ചയായ വിജയങ്ങൾ, ബാർബഡോസിൽ 11 വർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതി കുറിച്ച 2024 ടി20 ലോകകപ്പ് വിജയം, തുടർന്ന് 2025-ൽ വീണ്ടും ഏഷ്യാ കപ്പും ചാമ്പ്യൻസ് ട്രോഫിയും, ഒടുവിൽ 2026-ൽ ടി20 ലോകകപ്പ് കിരീടം നിലനിർത്തിക്കൊണ്ടുള്ള ചരിത്രനേട്ടം! ഒരു സെലക്ഷൻ കമ്മിറ്റിയുടെ കീഴിൽ രണ്ട് ടി20 ലോകകപ്പും ഒരു ചാമ്പ്യൻസ് ട്രോഫിയും രണ്ട് ഏഷ്യാ കപ്പും നേടുക എന്നത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥയാണ്. എന്നിട്ടും കിരീടങ്ങൾ ആഘോഷിക്കപ്പെട്ടത്രയും അഗാർക്കറുടെ പേര് ഉയർന്നു കേൾക്കാതിരുന്നത് എന്തുകൊണ്ടാണ്?

 വിട്ടുവീഴ്ചയില്ലാത്ത 'തലമുറമാറ്റം'

അഗാർക്കർ കൊണ്ടുവന്ന തലമുറമാറ്റം ഇന്ത്യൻ ക്രിക്കറ്റിൽ മുമ്പൊരിക്കലും കാണാത്തത്ര ധീരമായിരുന്നു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചപ്പോൾ, സ്വാഭാവിക പിൻഗാമിയായി പലരും കരുതിയത് വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയാണ്. എന്നാൽ ഫിറ്റ്‌നസും സാന്നിധ്യവും മുൻനിർത്തി സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കാൻ അഗാർക്കർ ധൈര്യം കാട്ടി. പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും ഒരു പുതിയ തലമുറയെ നയിക്കാൻ ശുഭ്മൻ ഗില്ലിനെ നിയോഗിച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചു.

അവിടെയും തീർന്നില്ല; ടി20 ലോകകപ്പ് നേടി മാസങ്ങൾക്കകം, ഫോമും ഭാവിയും മുൻനിർത്തി സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ ടി20 ക്യാപ്റ്റനാക്കി മാറ്റാനും അദ്ദേഹം മടിച്ചില്ല. സൂപ്പർതാരങ്ങളുടെ വ്യക്തിപ്രഭാവത്തേക്കാൾ ടീമിന്റെ ഭാവിക്കാണ് മുൻഗണന എന്നതായിരുന്നു അദ്ദേഹത്തിന്റെ കർക്കശമായ നിലപാട്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിനെ എക്കാലവും നിയന്ത്രിച്ചിരുന്ന 'ഫാൻ വാറുകൾക്കും' 'സൂപ്പർസ്റ്റാർ കൾച്ചറിനും' നേരെയാണ് അഗാർക്കറുടെ ഈ നീക്കങ്ങൾ ചെന്നുകൊള്ളുന്നത്.

മീഡിയ ട്രയലുകളും 'വില്ലൻ' പരിവേഷവും

അഗാർക്കറുടെ പല തീരുമാനങ്ങളെയും സ്പോർട്സ് മീഡിയയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും 'വ്യക്തിവൈരാഗ്യം' എന്ന ലേബലിലാണ് അവതരിപ്പിച്ചത്. രോഹിത് ശർമയുടെ ഏകദിന ഭാവിയെക്കുറിച്ച് ചർച്ചകൾ തുടങ്ങിയ നിമിഷം മുതൽ "അഗാർക്കർ രോഹിത്തിനെ വെട്ടിനിരത്തുന്നു" എന്ന തരത്തിലുള്ള ക്ലിക്ക്-ബെയ്റ്റ് തലക്കെട്ടുകൾ ചാനലുകളിലും യൂട്യൂബിലും നിറഞ്ഞു. ആരാധകരുടെ വികാരത്തെ സ്വന്തം വ്യൂവർഷിപ്പിനായി ഉപയോഗിച്ചുകൊണ്ട് മാധ്യമങ്ങൾ അഗാർക്കറെ നിരന്തരം ഒരു വില്ലൻ കഥാപാത്രമാക്കി മാറ്റി.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള രോഹിതിന്റെയും കോഹ്‌ലിയുടെയും മാറ്റവും, വർഷങ്ങൾക്ക് ശേഷം അവരെ രഞ്ജി ട്രോഫിയിലേക്ക് തിരിച്ചയച്ചതും പല കോണുകളിൽ നിന്നും ശരിയായ തീരുമാനമായി വിലയിരുത്തപ്പെട്ടെങ്കിലും, ഒരു പതിറ്റാണ്ടിലേറെയായി ടീമിനെ തോളിലേറ്റിയ താരങ്ങളെ സെലക്ടർമാർ ടാർഗറ്റ് ചെയ്യുകയാണെന്ന പരാതി ആരാധകർ ശക്തമായി ഉന്നയിച്ചു. തുടർന്ന് ഏകദിനത്തിൽ കോഹ്‌ലിയും രോഹിതും തകർപ്പൻ ഫോമിൽ ബാറ്റ് വീശിയതോടെ അഗാർക്കർക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് ആക്കം കൂടി.

മലയാളികളെ സംബന്ധിച്ച് അഗാർക്കർ വില്ലനായത് സഞ്ജു സാംസണിന്റെ കാര്യത്തിലാണ്. ഏകദിനങ്ങളിൽ 55-ന് മുകളിൽ മികച്ച ബാറ്റിംഗ് ശരാശരി ഉണ്ടായിട്ടും സഞ്ജുവിനെ ടീമിൽ നിന്ന് തഴഞ്ഞത് വലിയ രോഷമുണ്ടാക്കി. ശുഭ്മൻ ഗില്ലിന്റെ ടി20 പ്രവേശനത്തിനായി സഞ്ജുവിനെ ബലിയാടാക്കി എന്ന വിമർശനവും, സഞ്ജു ആദ്യ ചോയ്സ് അല്ലെന്ന തരത്തിലുള്ള അഗാർക്കറുടെ പ്രസ്താവനകളും തീ ആളിക്കത്തിച്ചു.

ബിസിസിഐ ഇടനാഴികളിലെ അസ്വാരസ്യങ്ങൾ

മാധ്യമവിമർശനങ്ങൾ മാത്രമല്ല അഗാർക്കറുടെ പടിയിറക്കത്തിലേക്ക് വഴിതുറന്നത്. ബിസിസിഐയുടെ അധികാര കേന്ദ്രങ്ങളുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഇതിൽ നിർണായക പങ്കുവഹിച്ചു.

ഒന്നാമതായി, ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസുമായുള്ള (CoE) തർക്കമായിരുന്നു. താരങ്ങളുടെ ഫിറ്റ്‌നസ് വിലയിരുത്തലിലും റീഹാബിലിറ്റേഷനിലും സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മറികടന്ന് മെഡിക്കൽ ടീം തീരുമാനമെടുക്കുന്നു എന്ന അതൃപ്തി അഗാർക്കർക്കുണ്ടായിരുന്നു. രണ്ടാമത്തേത്, 2027 ഏകദിന ലോകകപ്പിലേക്ക് രോഹിതിന് അപ്പുറത്തേക്ക് നോക്കണമെന്ന സെലക്ഷൻ പാനലിന്റെ നിലപാടിനെ മറികടന്ന്, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരിട്ട് രോഹിത്തിന് അനുകൂലമായി പരസ്യപ്രസ്താവന നടത്തിയതാണ്. ചീഫ് സെലക്ടറുടെ സ്വതന്ത്രമായ അധികാരപരിധിയിലേക്കുള്ള ബോർഡിന്റെ ഈ പരസ്യമായ ഇടപെടൽ വിള്ളലുകൾ വലുതാക്കി.

 പടിയിറങ്ങുന്ന കർക്കശക്കാരൻ

ഇന്ത്യൻ ക്രിക്കറ്റിൽ സെലക്ടർമാർ ക്രൂശിക്കപ്പെടുന്നത് ഇതാദ്യമായല്ല. സൗരവ് ഗാംഗുലിയെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ കൊൽക്കത്തയിലെ തെരുവിൽ കോലം കത്തിക്കപ്പെട്ട കിരൺ മോറെ, ഗാംഗുലിയെയും ദ്രാവിഡിനെയും ഏകദിന ടീമിൽ നിന്ന് ഒന്നിച്ച് വെട്ടിമാറ്റി കൊടുങ്കാറ്റുയർത്തിയ ദിലീപ് വെങ്സർക്കാർ, അമ്പാട്ടി റായുഡുവിനെ മാറ്റി വിജയ് ശങ്കറെ തെരഞ്ഞെടുത്ത് ജനരോഷം വാങ്ങിയ എം.എസ്.കെ. പ്രസാദ്, ഒടുവിൽ ഒളിക്യാമറ വിവാദത്തിൽ പുറത്തായ ചേതൻ ശർമ... സൂപ്പർസ്റ്റാർ സംസ്കാരം നിലനിൽക്കുന്നിടത്തോളം കാലം ഒരു ചീഫ് സെലക്ടറുടെ കസേരയും പൂമെത്തയായിരുന്നിട്ടില്ല.

"പതിനഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും" എന്ന് ബിസിസിഐ നേതൃത്വം വ്യക്തമാക്കുമ്പോഴും, അഗാർക്കർ തന്റെ ദൗത്യം അവസാനിപ്പിച്ച് പവലിയനിലേക്ക് നടന്നു കഴിഞ്ഞു. പാർത്ഥിവ് പട്ടേലോ പ്രഗ്യാൻ ഓജയോ ആ കസേരയിലേക്ക് പുതിയ ആളായി എത്തിയേക്കാം.

എങ്കിലും ചരിത്രം ബാക്കിയാകുന്നു: കടുത്ത തീരുമാനങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെട്ട ഒരു 'കർക്കശക്കാരൻ' എന്ന നിലയിലോ, അതോ കിരീടങ്ങൾ കൊണ്ട് ഡ്രസ്സിംഗ് റൂമിലെ അലമാരകൾ നിറച്ച ഒരു 'പ്രാക്ടിക്കൽ ലീഡർ' എന്ന നിലയിലോ... അജിത് അഗാർക്കർ എന്ന സെലക്ടറെ നിങ്ങൾ എങ്ങനെയാകും അടയാളപ്പെടുത്തുക?

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News