വിഘ്‌നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെ 66 റൺസിന് തോൽപ്പിച്ച് കേരളം
കേരളത്തിനായി ഗോവിന്ദ് പൈ അർധ സെഞ്ച്വറി നേടി
മസ്‌കറ്റ്: ഒമാൻ ഇൻവിറ്റേഷൻ ടൂർണമെന്റിൽ കേരളത്തിന് 66 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 38.5 ഓവറിൽ 150 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിഘ്‌നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഒമാൻ ബാറ്റിങ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈയും കൃഷ്ണപ്രസാദും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത കൃഷ്ണപ്രസാദ് റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് ഉറച്ചുനിന്ന ഗോവിന്ദ് ദേവ് പൈ അർധ സെഞ്ച്വറി നേടി(75). 77 പന്തുകളിൽ പത്ത് ബൗണ്ടറികളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിങ്‌സ്. എന്നാൽ ഗോവിന്ദ് പുറത്തായതിന് പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. അർജുൻ (12), അബ്ദുൾ ബാസിദ് (0), കാർത്തിക് ബി നായർ (2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ആറ് വിക്കറ്റിന് 150 റൺസെന്ന നിലയിലായ കേരളത്തെ അഖിൽ സ്‌കറിയയുടെ അർദ്ധ സെഞ്ച്വറിയാണ് 216-ൽ എത്തിച്ചത്. അഖിൽ 63 പന്തുകളിൽ നിന്ന് 59 റൺസുമായി പുറത്താകാതെ നിന്നു. ഒമാന് വേണ്ടി ഹസ്‌നെയ്ൻ അലി ഷാ നാലും അബ്ദുൾ ഖാൻ ഖാലിക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ മത്സരത്തിൽ പിടിമുറുക്കി. എസ് കരൺ (39), വിനായക് ശുക്ല (33), ജതീന്ദർ സിങ് (28) എന്നിവർ മാത്രമാണ് ഒമാൻ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 139 റൺസെന്ന നിലയിലായിരുന്ന ഒമാൻ 11 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. 7.5 ഓവറിൽ വെറും 37 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നേഷ് പുത്തൂരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ബിജു നാരായണനും കാർത്തിക് ബി നായരും അഖിൽ സ്‌കറിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.