ഗില്ലിന് ഡബിൾ സെഞ്ച്വറി; വിൻഡീസ് റൺമല അനായാസം കയറി ഇന്ത്യ, 406-2

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺചേസ് വിജയമാണിത്.

Update: 2026-09-30 18:02 GMT
Editor : Sharafudheen TK | By : Sports Desk

ഗുവഹാത്തി: വെസ്റ്റ്ഇൻഡീസിനെതിരായ ഗുവഹാത്തി ഏകദിനത്തിൽ ഇന്ത്യക്ക് ചരിത്ര വിജയം. ബർസപുര സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 406 റൺസ് വിജയലക്ഷ്യം 43.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗിൽ ( പുറത്താവാതെ 133 പന്തിൽ 223) നേടിയ ഇരട്ടശതകത്തിന്റേയും രോഹിത് ശർമ നേടിയ (75 പന്തിൽ 101) സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ റൺമല കയറിയത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചേസാണിത്. 2013ൽ ജയ്പൂരിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ 362 റൺസിന്റെ റെക്കോർഡാണ് മായ്ച്ചുകളഞ്ഞത്. 400 റൺസിന് മുകളിൽ ചേസ് ചെയ്ത് ജയിക്കുന്ന രണ്ടാമത്തെ ടീമായും ഇന്ത്യ മാറി. നേരത്തെ അമീർ ജാംഗൂ (114), ജോൺ കാംപെൽ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ ശതകത്തിന്റെ ബലത്തിലാണ് വിൻഡീസ് കൂറ്റൻ സ്‌കോർ അടിച്ചെടുത്തത്. കരീബിയൻ ടീമിന്റെ ഏകദിനത്തിലെ ഉയർന്ന ടീം ടോട്ടലാണിത്.

Advertising
Advertising

 രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറിയെന്ന (117 പന്തുകൾ) നേട്ടവും വെസ്റ്റ് ഇൻഡീസിനെതിരെ ഗിൽ സ്വന്തമാക്കി. ഇന്ത്യൻ താരം ഇഷാൻ കിഷനെയാണ് മറികടന്നത്. ഏകദിനത്തിൽ രണ്ടു തവണ ഇരട്ടശതകം കുറിക്കുന്ന താരങ്ങളിൽ രോഹിതിനൊപ്പം പിടിക്കാനും ഇന്ത്യൻ ക്യാപ്റ്റനായി. ഏകദിനത്തിലെ ഉയർന്ന വ്യക്തിഗത സ്‌കോറർമാരിൽ മൂന്നാം സ്ഥാനത്തെത്താനും താരത്തിനായി. രോഹിത് ശർമയും കിവീസ് താരം മാർട്ടിൻ ഗപ്ടിലുമാണ് മുന്നിലുള്ളത്.

കരീബിയൻ ടീം ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിതും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇന്ത്യ 255 റൺസ് പടുത്തുയർത്തി. 75 പന്തിൽ 101 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏകദിനത്തിൽ 12000 റൺസ് എന്ന നാഴികകല്ലും ഹിറ്റ്മാൻ ഗുവഹാത്തിൽ സ്വന്തംപേരിലാക്കി. തുടർന്നെത്തിയ വിരാട് 19 പന്തിൽ 29 റൺസുമായി പുറത്തായി. എന്നാൽ ഋതുരാജ് ഗെയിക് വാദുമായി ചേർന്ന് ഗിൽ ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 117 പന്തിൽ നിന്നാണ് ഗിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയാണിത്. 24 ഫോറും ഏഴ് സിക്സറും സഹിതമാണ് ഈ ഇന്നിങ്‌സ്. ജയത്തോടെ വിൻഡീസിനെതിരായ പരമ്പര(2-0) ഇന്ത്യ സ്വന്തമാക്കി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News