ഉർവിൽ പട്ടേലിന് ഇരട്ട സെഞ്ച്വറി; 534 റൺസിന് ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ഗുജറാത്ത്, കേരളം മൂന്നിന് 74

രണ്ടാംദിനം കളി അവസാനിക്കുമ്പോൾ സച്ചിൻ ബേബിയും വിഷ്ണു വിനോദുമാണ് ക്രീസിൽ

Update: 2026-11-03 12:52 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 74 റൺസെന്ന നിലയിലാണ് കേരളം. നേരത്തെ ഒൻപത് വിക്കറ്റിന് 534 റൺസിന് ഗുജറാത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഉർവിൽ പട്ടേലിന്റെ ഇന്നിങ്‌സാണ് ഗുജറാത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

അഞ്ച് വിക്കറ്റിന് 300 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് വേണ്ടി ഉർവിൽ പട്ടേലും വിശാൽ ജയ്‌സ്വാളും ചേർന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടുനീക്കി. ഇരുവരും ചേർന്ന് 68 റൺസാണ് കൂട്ടിചേർത്തത്. ഇതിനിടയിൽ ഉർവിൽ പട്ടേൽ സെഞ്ച്വറി തികച്ചു. ആദിത്യ സർവാടെയുടെ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയാണ് ഉർവിൽ 91 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയത്. സ്‌കോർ 368ൽ നിൽക്കെ 77 റൺസെടുത്ത വിശാൽ ജയ്‌സ്വാൾ റണ്ണൗട്ടായി. പകരമെത്തിയ ചിന്തൻ ഗജ (1) എൻ.പി. ബേസിലിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങി.

Advertising
Advertising

എന്നാൽ, എട്ടാം വിക്കറ്റിൽ ഉർവിൽ പട്ടേലും അമിത് ദേശായിയും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത അമിതിനെ പുറത്താക്കി ആദിത്യ സർവാടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയ സിദ്ധാർത്ഥ് ദേശായിയും ഉർവിലിന് മികച്ച പിന്തുണയായി. ഉർവിൽ തകർത്തടിച്ച് ഇരട്ട സെഞ്ച്വറിയിലേക്ക് മുന്നേറിയപ്പോൾ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ സിദ്ധാർത്ഥ് ഉറച്ചുനിന്നു. ഇരുവരും ചേർന്ന 82 റൺസ് കൂട്ടുകെട്ടിൽ 18 റൺസ് മാത്രമായിരുന്നു സിദ്ധാർത്ഥിന്റെ സമ്പാദ്യം. സിദ്ധാർത്ഥ് പുറത്തായതോടെ ഗുജറാത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 210 റൺസുമായി ഉർവിൽ പട്ടേൽ പുറത്താകാതെ നിന്നു. 227 പന്തുകളിൽ 17 ഫോറും ആറ് സിക്‌സും അടക്കമാണ് ഉർവിൽ 210 റൺസെടുത്തത്. കേരളത്തിന് വേണ്ടി എൻ.പി. ബേസിൽ മൂന്നും ആദിത്യ സർവാടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത രോഹൻ, അർസാൻ നഗ്വാസ്വെല്ലയുടെ പന്തിൽ സരൾ പ്രജാപതി ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 10 റൺസെടുത്ത അഭിഷേക് പി. നായരെയും അർസാൻ മടക്കി. തുടർന്നെത്തിയ വരുൺ നായനാർ 17 റൺസെടുത്ത് പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ വിഷ്ണു വിനോദും സച്ചിൻ ബേബിയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. വിഷ്ണു വിനോദ് 21 ഉം സച്ചിൻ ബേബി 14 ഉം റൺസുമായി ക്രീസിലുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News