വെളിച്ചക്കുറവിൽ ടെസ്റ്റ് മത്സരം നേരത്തെ നിർത്തുന്ന സാഹചര്യം; ബദൽ നിർദേശവുമായി പൊള്ളോക്ക്
ഡേ ടെസ്റ്റുകളിൽ പിങ്ക് ബോൾ ഉപയോഗിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയിരുന്നു
ന്യൂഡൽഹി: ടെസ്റ്റ് മത്സരങ്ങളിൽ വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിർത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ബദൽ നിർദേശവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്. പകൽ ടെസ്റ്റുകളിലും പിങ്ക് ബോളുകൾ ഉപയോഗിക്കുന്നതുവഴി ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കിംഗ്‌സ്‌മേഡിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിൽ മോശം കാലാവസ്ഥയെ തുടർന്ന് കളി തടസ്സപ്പെട്ട സാഹചര്യത്തിലാണ് നിർദേശവുമായി പൊള്ളോക്ക് രംഗത്തെത്തിയത്. 421 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക നാലാംദിനം 4 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്ത് നിൽക്കവെയാണ് കളി വെളിച്ചക്കുറവ് മൂലം നേരത്തെ നിർത്തിയത്. മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ മഴയും വെളിച്ചക്കുറവും കാരണം നഷ്ടപ്പെട്ട തിനാൽ ആകെ നിശ്ചയിച്ച 270 ഓവറുകളിൽ 221 ഓവറുകൾ മാത്രമാണ് കളിക്കാൻ സാധിച്ചത്.
പകൽ സമയത്ത് നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും പിങ്ക് ബോൾ ഉപയോഗിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരുടെ സമ്മതം ആവശ്യമാണ്. അവർ ഇതിന് അനുമതി നൽകിയാൽ, റെഡ്‌ബോളിന് പകരം പിങ്ക് ബോൾ ഉപയോഗിക്കാനാകും. മത്സരത്തിന്റെ ആദ്യദിനം ഉപയോഗിച്ചാൽ പിന്നീട് റെഡ്‌ബോളിലേക്ക് മാറാൻ സാധിക്കില്ലെന്നും ഐസിസി നിയമത്തിൽ പറയുന്നുണ്ട്. വെളിച്ചക്കുറവിന് പരിഹാരമായി പിങ്ക് ബോൾ പരമ്പരാഗത ടെസ്റ്റ് മത്സരങ്ങളെ ഡേ-നൈറ്റ് മത്സരങ്ങളാക്കി മാറ്റണമെന്നല്ല പൊള്ളോക്ക് നിർദ്ദേശിക്കുന്നത്.മറിച്ച്, മങ്ങുന്ന വെളിച്ചത്തിലും കളി തുടരാനും മോശം കാലാവസ്ഥ മൂലം നഷ്ടപ്പെടുന്ന സമയം കുറച്ചെങ്കിലും വീണ്ടെടുക്കാനും പിങ്ക് പന്തുകൾ സഹായിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ റെഡ്‌ബോൾ തുടരണമെന്നാണ് ദക്ഷിണാഫ്രിക്കൻ അസിസ്റ്റന്റ് കോച്ച് ആഷ്വെൽ പ്രിൻസിന്റെ നിലപാട്. എന്തായാലും പൊള്ളോക്ക് തുറന്നുവെച്ച ചർച്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.