സാൻഡ്‌പേപ്പർഗേറ്റ്: പുതിയ വെളിപ്പെടുത്തലുമായി അന്ന് ദൃശ്യങ്ങൾ പകർത്തിയ ബ്രോഡ്കാസ്റ്റർ

Update: 2026-10-09 12:11 GMT
Editor : safvan rashid | By : Sports Desk

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 'സാൻഡ്‌പേപ്പർഗേറ്റ്' വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അന്ന് മത്സരത്തിന്റെ ടിവി ബ്രോഡ്കാസ്റ്ററായിരുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശി ആൽവിൻ നായ്ക്കർ. പൂർണ്ണമായും യാദൃശ്ചികമായാണ് ഓസ്‌ട്രേലിയയുടെ ചതി ക്യാമറയിൽ കുടുങ്ങിയതെന്ന് അദ്ദേഹം ബി.ബി.സിയോട് വ്യക്തമാക്കുന്നു.

ഡർബനിലെയും പോർട്ട് എലിസബത്തിലെയും ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കാർ തമ്മിൽ വലിയ തർക്കങ്ങൾ നടന്നിരുന്നെങ്കിലും, ഓസ്‌ട്രേലിയൻ നിരയിൽ നിന്ന് ഇത്തരമൊരു കൃത്രിമം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നായ്ക്കർ പറയുന്നു.

"കാമറൂൺ ബാങ്ക്രോഫ്റ്റ് പന്ത് ട്രൗസറിന് പകരം തന്റെ ഉള്ളം കൈയിൽ വെച്ച് തിരുമ്മിയപ്പോഴാണ് ക്യാമറാമാൻ ശ്രദ്ധിക്കുന്നത്. തുടർന്ന് സൂം ചെയ്ത് സ്ലോ-മോയിൽ പരിശോധിച്ച് നോക്കിയപ്പോഴാണ് പോക്കറ്റിലിരുന്ന മഞ്ഞ നിറത്തിലുള്ള സാൻഡ്‌പേപ്പർ വ്യക്തമായി കണ്ടതും കള്ളത്തരം പുറത്തായതും," നായ്ക്കർ വിശദീകരിച്ചു.

Advertising
Advertising

സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ പ്ലേ ചെയ്തപ്പോഴാണ് താൻ പിടിക്കപ്പെട്ടു എന്ന വിവരം ബാങ്ക്രോഫ്റ്റ് മനസ്സിലാക്കുന്നത്. തുടർന്ന് ഉടൻ തന്നെ ആ പേപ്പർ എടുത്ത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ക്യാമറാമാൻ അതും കൃത്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു.

ഈ സംഭവത്തെത്തുടർന്ന് അന്നത്തെ നായകൻ സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റൻസി നഷ്ടപ്പെടുകയും 12 മാസത്തെ വിലക്ക് നേരിടേണ്ടിവരികയും ചെയ്തിരുന്നു. മറ്റൊരു സുപ്രധാന താരമായ ഡേവിഡ് വാർണർ 12 മാസത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. 9 മാസത്തെ വിലക്ക് നേരിട്ട കാമറൂൺ ബാങ്ക്രോഫ്റ്റാകട്ടെ നിലവിൽ ടീമിന് പുറത്താണ്.

കഴിഞ്ഞ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായാണ് ദക്ഷിണാഫ്രിക്ക വരുന്നത്. നിലവിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ഈ മത്സരത്തിനായി കാത്തിരിക്കുന്നത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News