വീണ്ടും ചർച്ചയായി ഐപിഎൽ താര കൈമാറ്റം; ഹാർദിക് പാണ്ഡ്യക്കായി വലവിരിച്ച് ഫ്രാഞ്ചൈസികൾ

ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികളാണ് താരത്തിനായി സജീവമായി രംഗത്തുള്ളത്

Update: 2026-10-05 13:12 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: ഐ.പി.എൽ പുതിയ സീസണിന് മുന്നോടിയായി വീണ്ടും ചർച്ചയായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കൂടുമാറ്റം. മുംബൈ ഇന്ത്യൻസ് മാനേജ്മെന്റുമായി ചില ഫ്രാഞ്ചൈസികൾ പാണ്ഡ്യയുടെ ട്രേഡിനായി അനൗദ്യോഗിക ചർച്ച നടത്തിയാതാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു പ്രമുഖ ഫ്രാഞ്ചൈസി വലിയ താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. നവംബർ 15-നകം കളിക്കാരുടെ നിലനിർത്തൽ സംബന്ധിച്ച തീരുമാനമെടുക്കേണ്ടതിനാൽ വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും.

ഡിസംബർ പകുതിയോടെ ഗോവയിലാണ് ലേലം നടക്കുക. ഇതിന് മുന്നോടിയായി അടുത്തമാസം 15നകം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഓരോ ഫ്രാഞ്ചൈസിയും പുറത്തുവിടണം. നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ് ഹാർദിക്. താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങൾ ഫ്രാഞ്ചൈസികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. നേരത്തെ ഗുജറാത്ത് ടൈറ്റൻസ് നായകനായിക്കെ ടീമിനെ കിരീടത്തിലെത്തിച്ച പാണ്ഡ്യ, തൊട്ടടുത്ത സീസണിൽ ഫൈനലിലുമെത്തിച്ചിരുന്നു. അതേസമയം, ഉയർന്ന ട്രേഡ് തുകയും മറ്റുടീമുകൾ പ്രധാന താരങ്ങളെ കൈമാറുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ 32 കാരൻ മുംബൈയിൽ തന്നെ തുടരാനുള്ള സാധ്യതയും കൂടുതലാണ്.

Advertising
Advertising

ചെന്നൈ സൂപ്പർ കിങ്‌സ് , കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെൽഹി ക്യാപിറ്റൽസ്, ലക്‌നൗ സൂപ്പർ ജെയ്ന്റ്‌സ് തുടങ്ങിയ പ്രമുഖ ഫ്രാഞ്ചൈസികളുമായി മുംബൈ ഇന്ത്യൻസ് ചർച്ചകൾ നടത്തിയെങ്കിലും, ട്രേഡ് നീക്കങ്ങൾ അന്തിമ രൂപത്തിലെത്താതെ വഴിമുട്ടിനിൽക്കുകയാണ്. ഡൽഹി തങ്ങളുടെ ക്യാപ്റ്റൻ അക്‌സർ പട്ടേലിന് വിട്ടുനൽകാൻ തയാറായില്ല. നിക്കോളാസ് പുരാനെ വിട്ടൊരു കളിക്കില്ലെന്ന് എൽഎസ്ജിയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സ്വാപ്പ് ഡീലുകളിൽ മറ്റു ടീമുകളും കടുംപിടിത്തം തുടരുകയാണ്. ഇതോടൊപ്പം ഹാർദികിന്റെ ഉയർന്ന സാലറിയും ഫ്രാഞ്ചൈസികളുടെ ലേല ബജറ്റുമായി ഒത്തുപോകാൻ പ്രയാസമാണ്. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News