'ലോകകപ്പ് ഫൈനലിൽ എനിക്ക് തെറ്റുപറ്റി'; സമ്മതിച്ച് റഫറി മാഴ്‌സിനിയാക്

മെസിയുടെ രണ്ടാം ഗോളിന്റെ സമയത്ത് അർജന്റീന സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയ സംഭവത്തിലും മത്സരം നിയന്ത്രിച്ച ഷിമോൻ മാഴ്‌സിനിയാക് പ്രതികരിച്ചു

Update: 2022-12-26 10:04 GMT
Editor : Shaheer | By : Web Desk
Advertising

വാഴ്‌സോ: അർജന്റീന-ഫ്രാൻസ് ലോകകപ്പ് കലാശപ്പോരാട്ടത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് മത്സരം നിയന്ത്രിച്ച പോഷിഷ് റഫറി ഷിമോൻ മാഴ്‌സിനിയാക്. ഫൈനലിൽ അത്ര നല്ല പ്രകടനമായിരുന്നില്ല തന്റേതെന്നു തുറന്നുസമ്മതിച്ച അദ്ദേഹം മത്സരത്തിൽ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

അർജന്റീന-ഫ്രാൻസ് ഫൈനൽ മാറ്റിനടത്തണമെന്ന തരത്തിൽ മുറവിളി ഉയരുന്നതിനിടെയാണ് റഫറിയുടെ വെളിപ്പെടുത്തൽ. മത്സരം മാറ്റിനടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്‌സൈറ്റ് 'മെസ്ഒപീനിയൻസ്' ഓൺലൈൻ ഒപ്പുശേഖരണം നടത്തിയിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരാണ് ഒപ്പുരേഖപ്പെടുത്തിയത്. പെനാൽറ്റി അടക്കം റഫറിയുടെ ഭാഗത്തുനിന്നുണ്ടായ നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയരുന്നത്.

എന്നാൽ, ഫ്രാൻസ് ഉയർത്തിയ മിക്ക വിമർശനങ്ങളും തള്ളിയ മാഴ്‌സിനിയാക് മത്സരത്തിൽ തനിക്ക് ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്ന കാര്യം സമ്മതിച്ചു. 'ഫൈനലിൽ തീർച്ചയായും പിഴവുകളുണ്ടായിട്ടുണ്ട്. അർജന്റീനയുടെ മാർകോസ് അക്യൂനയുടെ മോശം ടാക്കിളിനു പിന്നാലെയുള്ള ഫ്രഞ്ച് കൗണ്ടർ ആക്രമണത്തിൽ ഞാൻ ഇടപെട്ടിരുന്നു. ഫൗൾ ചെയ്യപ്പെട്ട താരത്തിനു വിശ്രമം വേണമെന്ന് ഭയന്നു ഞാൻ. ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഞാൻ തെറ്റായി വായിച്ചു. അത് ബുദ്ധിമുട്ടേറിയതു തന്നെയാണ്. വൻ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.'-അദ്ദേഹം പറഞ്ഞു.

എക്‌സ്ട്രാ ടൈമിൽ ലയണൽ മെസി നേടിയ ഗോൾ സമയത്ത് അർജന്റീന സബ് താരങ്ങൽ ഗ്രൗണ്ടിലുണ്ടായിരുന്നതായുള്ള വിമർശനങ്ങളോടും മാഴ്‌സിനിയാക് പ്രതികരിച്ചു. 'ഇത്തരം സമയങ്ങളിൽ നടപടിയെടുക്കണമെങ്കിൽ അതു മത്സരത്തെ ബാധിക്കണം. ആ സമയത്ത് കളത്തിലിറങ്ങിയ താരങ്ങൾ കാരണം എന്തു ഫലമാണ് മത്സരത്തിലുണ്ടായത്? മത്സരശേഷം ഫ്രഞ്ച് താരങ്ങൾ ഞങ്ങളോട് നന്ദി പറഞ്ഞിരുന്നു. ഞങ്ങൾ മികച്ച റഫറിമാരാണെന്ന് എംബാപ്പെ അഭിനന്ദിക്കുകയും ചെയ്തു. റഫറീയിങ്ങിൽ അവർ സംതൃപ്തരായിരുന്നു. താരങ്ങൾ പറയുന്നതിലാണ് കാര്യം.'-ഷിമോൻ മാഴ്‌സിനിയാക് കൂട്ടിച്ചേർത്തു.

മുൻ പോളിഷ്, ജർമൻ താരം കൂടിയാണ് ഷിമോന്‍ മാഴ്‌സിനിയാക്. കളിക്കളത്തിൽനിന്ന് വിരമിച്ച ശേഷം നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു. പോളിഷ് മാധ്യമമായ 'സ്‌പോർട്‌സ്.പിഎൽ'നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിമർശനങ്ങളോട് പ്രതികരിച്ചത്.

Summary: World Cup final referee Szymon Marciniak has admitted that his performance in the December 18 showpiece between Argentina and France wasn't perfect, and identified one error that he knows he made during the classic contest

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News