മെസി ലോകകപ്പില്‍ മുത്തമിട്ടു: മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകന്‍

ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം

Update: 2022-12-23 04:47 GMT
Advertising

കണ്ണൂര്‍: ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങൾ ഏറെയായിട്ടും അർജന്‍റീന ആരാധകരുടെ ആഹ്ലാദം അവസാനിച്ചിട്ടില്ല. മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തിയാണ് കണ്ണൂർ പയ്യന്നൂരിൽ ആരാധകർ സന്തോഷം പങ്കുവെച്ചത്. ആരാധകന്റെ നേർച്ചയായിരുന്നു ഈ വെള്ളാട്ടം.

ലയണൽ മെസിക്കും ഡി മരിയക്കും മുത്തപ്പനെ അറിയാൻ വഴിയില്ല. പക്ഷെ ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം. ലോകത്തെ പതിനായിരക്കണക്കിന് അർജന്റീനിയൻ ആരാധകർക്കൊപ്പം ഇവരും ഉള്ളുരുകി പ്രാർത്ഥിച്ചു, നേർച്ചകൾ നേർന്നു.

കാൽപന്തുകളിയെ നെഞ്ചേറ്റിയ കണ്ണൂരിലെ ഗ്രാമങ്ങളിൽ ഒന്നാണ് കുഞ്ഞിമംഗലം ആണ്ടാം കൊവ്വൽ. പ്രദേശവാസിയും പ്രവാസിയുമായ ഷിബു എന്ന അർജന്റീനിയൻ ആരാധകൻ ഒരു നേർച്ച നേർന്നിരുന്നു. തന്റെ ടീം ജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തും. മെസി കപ്പുയർത്തിയതിനു പിന്നാലെ ആ നേർച്ച നിറവേറ്റി.

അർജന്‍റീനയുടെ പതാകകളാൽ അലങ്കരിച്ച പന്തലിലായിരുന്നു മുത്തപ്പൻ വെള്ളാട്ടം. ഒപ്പം 2000 പേർക്കുള്ള അന്നദാനവും. ഫുട്ബോളിനെ മതവും ദൈവവുമായി ആരാധിക്കുന്ന ഒരു നാടിന് പന്തുകളി മനസ്സിൽ വികാരമായി കൊണ്ടു നടക്കുന്ന മറ്റൊരു നാട്ടിലെ മനുഷ്യർ നൽകുന്ന ആദരവ് കൂടിയായി ഈ മുത്തപ്പൻ തെയ്യം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News