ഒഡീഷയെ തകർത്ത് കേരളം; ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയിച്ചത്
ദിബ്രുഗർ : സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷയെ തോൽപിച്ചത്. മുന്നേറ്റ താരം ഷിജിനാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
ആസാമിലെ ദിബ്രുഗറിലെ ഡാകുഖാന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. പന്തടക്കത്തിൽ ഒഡീഷയാണ് മുന്നിട്ട് നിന്നത് എന്നാലും ഒഡീഷ പ്രതിരോധ നിര താരത്തിന്റെ പിഴവ് മുതലെടുത്ത് ആദ്യ പകുതിയിൽ ഷിജിൻ കേരളത്തിനെ മുന്നിലെത്തിച്ചു. 22ാം മിനിറ്റിൽ ഒഡീഷ താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നാണ് ഷിജിൻ പന്ത് വലയിലെത്തിച്ചത്. പിന്നീട് പല തവണ ഒഡീഷ മുന്നേറ്റങ്ങൾ കേരളത്തിൻ്റെ ബോക്സിലേക്കെത്തിയെങ്കിലും ഗോൾ മടക്കാനായില്ല.
ജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് കേരളം യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ജനുവരി 29ന് മേഘാലയക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. അവസാന മത്സരം ജനുവരി 31ന് സെർവീസസിനെതിരെ.