കാസമിറോ യുനൈറ്റഡ് വിടുന്നു ; ഈ സീസണോടെ അവസാനിക്കുന്ന കരാർ പുതുക്കാനില്ലെന്ന് സ്ഥിരീകരം
ലണ്ടൻ : മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ പുതുക്കാനില്ലെന്ന് ബ്രസീലിയൻ മിഡ്ഫീൽഡർ കാസമിറോ. ഈ സീസൺ അവസാനത്തോടെ താൻ ക്ലബ് വിടുമെന്നും ഇത് ക്ലബ്ബിനൊപ്പമുള്ള അവസാന സീസൺ ആവുമെന്നും താരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് താരത്തിന്റെ പ്രഖ്യാനം.
'ക്ലബിനൊപ്പം ഉള്ള അവസാന നാല് മാസമാണിത്, ക്ലബിന് വേണ്ടി എല്ലാം നൽകാൻ ഉള്ള അവസാന അവസരം. എല്ലാ പ്രിയപ്പെട്ട ആരാധകർക്കും നന്ദി' കാസമിറോ തന്റെ പോസ്റ്റിൽ കുറിച്ചു.
2022 വരെ റയൽ മാഡ്രിഡിനായി ബൂട്ടുക്കെട്ടിയ കാസമിറോ കഴിഞ്ഞ നാല് സീസണുകളിൽ യുണൈറ്റഡിനൊപ്പമാണ്. നിലവിലെ സീസണിൽ പ്രീമിയർ ലീഗിൽ 20 മത്സരത്തിൽ കളത്തിലിറങ്ങിയ താരം നാല് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. താരത്തിന്റെ മുൻ ക്ലബായ സാവോ പോളോ, സൗദി ക്ലബ് അൽ നസ്ർ, എംഎൽഎസ് ഇന്റർ മയാമി തുടങ്ങിയ ടീമുകളാണ് കാസമിറോയുടെ പുതിയ ലക്ഷ്യസ്ഥാനമായി പറയപ്പെടുന്നത്.