ആഫ്‌കോൺ : നാടകീയ സംഭങ്ങളുടെ ഒരു ഘോഷയാത്ര
നാടകം എന്ന് പറഞ്ഞാൽ പോര, അതിനും മുകളിൽ. അത്ര സംഭവങ്ങളും ക്ലൈമാക്സുമാണ് ഇന്നലെ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനൽ നൽകിയത്. കൂടെ വലിയ പാഠങ്ങളും ഈ മത്സരം നൽകുന്നുണ്ട്. ആഫ്കോൺ ഫൈനലിൽ മെറോക്കോയും സെനഗലും തമ്മിലുള്ള തീപാറും പോരാട്ടം 90 മിനുറ്റും കടന്ന് അധിക സമയത്തേക്ക് പ്രവേശിച്ചു. ഇരു ടീമുകളും ഗോളൊന്നുമടിച്ചിട്ടില്ല. മത്സരം അവസാന മിനുറ്റുകളിലേക്ക് നീണ്ടു. ആഫ്രിക്കയുടെ രാജാവാകാൻ ഒരു ഗോൾ മാത്രം മതി. അതിനിടയിലാണ് മൊറോക്കൻ ബോക്സിൽ നാടകീയ സംഭവങ്ങൾ നടക്കുന്നത്. സെഗനൽ താരം അബ്ദുലേയുടെ ഹെഡർ മൊറോക്കൻ കീപ്പർ ബോനോ തടുക്കുന്നു. പക്ഷേ റീബൗണ്ടായി വന്ന പന്ത് ഇസ്മയില സർ പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. ഗോളെന്ന് കമന്ററി ആർത്തുവിളിക്കുന്നു. സെനഗലിന് കപ്പുറപ്പിച്ച സന്തോഷം.
പക്ഷേ കളിയിലെ ആദ്യ ട്വിസ്റ്റ് അവിടെ അരങ്ങേറി. അബ്ദുലേ ഹെഡ് ചെയ്യുന്നതിനിടെ അഷ്റഫെ ഹക്കീമിയെ ഫൗൾ ചെയ്തെന്ന് കാണിച്ച് റഫറി ഗോൾ നിഷേധിക്കുന്നു. സെനഗൽ താരങ്ങൾ അപ്പീലുമായി വന്നെങ്കിലും വാർ പരിശോധിക്കാൻ റഫറി മുതിർന്നില്ല. അത് ഫൗൾ ആണെന്ന തീരുമാനത്തിൽ റഫറി ഉറച്ചുനിന്നു. കളി മുന്നോട്ട് പോയി. മൊറോക്കോ സെനഗൽ ബോക്സിൽ പ്രത്യാക്രമണം തുടങ്ങി. അതിനിടയിൽ ബോക്സിൽ വെച്ച് തന്നെ ഫൗൾ ചെയ്തെന്ന് മൊറോക്കൻ മുന്നേറ്റതാരം ബ്രാഹിം ഡയസ് പരാതി പറയുന്നു. വാർ പരിശോധന നടത്തിയ റഫറി അത് ഫൗൾ ആണെന്ന തീർപ്പെത്തുന്നു. അഥവാ മൊറോക്കോക്ക് പെനൽറ്റി. കിരീടത്തിനുള്ള സുവർണാവസരമാണ് മുന്നിൽ. സെനഗലിന് എല്ലാം നഷ്ടമായതിന്റെ വേദന.
ആദ്യമേ കലിപ്പിലായിരുന്ന സെനഗൽ റഫറി മൊറോക്കോക്ക് പെനൽറ്റി കൂടി കൊടുത്തതോടെ ഫ്രസ്റ്റേഷനിലായി. സെനഗൽ കോച്ച് പാപ്പെ തിയോ തന്റെ താരങ്ങളോടും കളി നിർത്തി തിരിച്ചുവരാൻ ആവശ്യപ്പെട്ടു. താരങ്ങൾ അതിനോട് യോജിച്ച് ടണലിലേക്ക് നടന്നു. അതിനിടയിൽ ഗ്യാലറിയിൽ ആതിഥേയരായ മൊറോക്കൻ ആരാധകരും സെഗനൽ ആരാധകരും ഏറ്റുമുട്ടി. ഇരുടീമിലെ താരങ്ങളും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. റഫറി മഞ്ഞക്കാർഡുകൾ പുറത്തെടുത്തു. ആകെ മൊത്തം കലുഷിതമായ അന്തരീക്ഷം. മത്സരം 20 മിനുറ്റോളം തടസ്സപ്പെട്ടു. കളിക്കാനിറങ്ങേണ്ടെന്ന വൈകാരിക തീരുമാനത്തിൽ സെഗനൽ നിന്നപ്പോൾ പല മുൻതാരങ്ങളും ഫിഫയുടെ വിലക്കടക്കമുള്ളവ ശിക്ഷയായിക്കിട്ടുമെന്ന് ഓർമിപ്പിച്ചു. അതിനിടയിൽ ടീമിലെ സൂപ്പർതാരമായ മാനേ ഡ്രെസിങ് റൂമിൽ നിന്നും താരങ്ങളോട് മൈതാനത്തേക്ക് തിരിച്ചുവരാനും പെനൽറ്റി തടുത്തിടാനും മോട്ടിവേറ്റ് ചെയ്തു. അങ്ങനെ സെഗനൽ മൈതാനത്തേക്കിറങ്ങി. പിന്നാലെ മത്സരം തുടങ്ങി. ടൂർണമെന്റ് ടോപ്പ് സ്കോററായ ബ്രാഹിം ഡയസ് കിക്കെടുക്കാൻ ഒരുങ്ങിയപ്പോൾ മൊറോക്കൻ കാണികൾ കപ്പുറപ്പിച്ച സന്തോഷത്തിലാണ്. കാരണം മത്സരം ഏതാനും മിനുറ്റുകൾക്കുള്ളിൽ തീരും.
പക്ഷേ വീണ്ടും ട്വിസ്റ്റ്. പനേങ്ക കിക്കിലൂടെ പെനൽറ്റിക്ക് ശ്രമിച്ച ബ്രാഹിമിന് പാളി. ദുർബല കിക്കായി അത് ചെന്നത് ഗോൾകീപ്പർ മെൻഡിയുടെ കൈകളിൽ. സെനഗൽ താരങ്ങൾ തുള്ളിച്ചാടി. അങ്ങനെ മത്സരം സമനിലയിൽ പിരിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക്. ഒടുവിൽ പാപ്പെ ഗുവേയുടെ ഗോളിൽ സെഗനൽ കിരീടവും നേടി. ഒന്നും ഒന്നിന്റെയും അവസാനമല്ല എന്നതിന്റെ ക്ലാസ് എക്സാമ്പിളാണ് ഈ മത്സരം. ഫുട്ബോളെന്നാൽ മിറാക്കിളുകൾ എപ്പോഴും പ്രതീക്ഷിക്കണമെന്നും പോരാടണമെന്നുമുള്ള സന്ദേശം കൂടി ഈ മത്സരം നൽകുന്നു. സെനഗൽ വീണ്ടുമൊരു ആഫ്രിക്കൻ കിരീടമുയർത്തുമ്പോൾ കളിക്കാരെ തിരിച്ചുവിളിച്ച മാനേയാണ് ഇന്നത്തെ താരം.