സ്ലോട്ട് നിൽക്കണോ അതോ പോവണോ? ; ലിവർപൂൾ ആരാധകർ രണ്ട് തട്ടിൽ

Update: 2026-01-19 18:51 GMT

ലിവർപൂൾ : തുടർച്ചയായ രണ്ടാം ലീഗ് മത്സരത്തിലും സമനില വഴങ്ങിയതിന് പിന്നാലെ ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടിനെതിരെ പ്രതിഷേധവുമായി ഒരു പറ്റം ആരാധകർ രംഗത്ത്. ലീഗിലെ ഇരുപത്തിരണ്ടാം റൗണ്ട് മത്സരത്തിൽ ആൻഫീൽഡിൽ ബേൺലിക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെയാണ് ഗാലറിയിൽ നിന്നും കൂവലുകൾ ഉൾപ്പടെയുള്ള ആരാധ പ്രതിഷേധം ഉയർന്നത്. 'കാണികളുടെ വികാരം ഞാൻ മനസിലാക്കുന്നു, അവരെ പോലെ തന്നെ ഞാനും ടീമിലെ താരങ്ങളും നിരാശയിലാണ്. ഈ മത്സരം സമനില വഴങ്ങിയിട്ട് നിരാശരായില്ലെങ്കിലാണ് പ്രശ്നമുള്ളത്‌' മത്സരശേഷം മാധ്യമങ്ങളെ കണ്ട ആർനെ സ്ലോട്ട് പ്രതികരിച്ചു.

Advertising
Advertising

അവസാനം കളിച്ച 12 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ലിവർപൂളിന്റെ വരവ്. ഏറ്റുവുമൊടുവിൽ നവംബറിൽ പിഎസ്‌വിക്കെതിരെയാണ് ലിവർപൂൾ ഒരു മത്സരത്തിൽ പോയിന്റ് നേടാതെ മടങ്ങുന്നത്. തുടർന്നുള്ള പന്ത്രണ്ട് മത്സരങ്ങളിൽ ആറെണ്ണം ജയിച്ച ടീം മറ്റ് ആറ് മത്സരങ്ങളിൽ സമനില വഴങ്ങി. ഇതാണ് ആരാധക പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണം. ജയിക്കാവുന്ന മത്സരങ്ങൾ പലതും നേരിയ വ്യത്യാസത്തിലോ മറ്റോ സമനിലയിലേക്ക് കൈവിട്ട് കളയുന്നതാണ് അവരെ ചൊടിപ്പിക്കുന്നത്.

കംബാക്ക് വിജയങ്ങളോടെ സീസൺ തുടങ്ങിയ ലിവർപൂളിന് പിന്നീട് കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. തുടർച്ചയായ തോൽവികൾ ഉൾപ്പടെ കയ്യിലിരുന്ന പല മത്സരങ്ങളും അവർക്ക് നിരാശ മാത്രം സമ്മാനിച്ചു. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒരു വേള ആദ്യ പത്തിൽ പോലും ഇടമില്ലാതെ പുറത്തായി. അതോടെ പരിശീലകൻ ആർനെ സ്ലോട്ടിനെ പുറത്താക്കണമെന്ന തരത്തിൽ വ്യാപക പ്രചരണങ്ങൾ ഉയർന്നു. എങ്കിലും പരിശീലകനിൽ വിശ്വാസമർപ്പിച്ച മാനേജ്‌മെന്റ് സ്ലോട്ടിന് തുടരാൻ അവസരമൊരുക്കി. പിന്നീട് കണ്ടത് ലിവർപൂളിന്റെ മടങ്ങി വരവാണ്.

22 ലീഗ് മത്സരങ്ങൾ കഴിയുമ്പോൾ 10 ജയവും 6 സമനിലയുമായി 36 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്താണ്. ഈ തിരിച്ച് വരവ് സ്ലോട്ടിന്റെ പരിശീലക കസേരക്ക് ബലം കൂട്ടിയെങ്കിലും സാബി അലോൺസോ റയൽ വിട്ടതും തുടർ സമനിലകളും വീണ്ടും സ്ലോട്ടിന് നേരെ സംശയത്തിന്റെ ചൂണ്ടുവിരൽ നീട്ടുന്നു. സ്ലോട്ടിന് സമയം നൽകിയാൽ അയാൾക്ക് അത്ഭുതങ്ങൾ നടത്താനാവുമെന്ന് ഒരു പക്ഷം വാദിക്കുമ്പോൾ സാബിയാണ് ലിവർപൂളിന് യോജിച്ച പരിശീലകൻ എന്നൊരു മറുവാദവുമുണ്ട്.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News